Connect with us

Wayanad

കാർബൺ ന്യൂട്രൽ വില്ലേജ് കോഫീ പാർക്ക് പ്രവർത്തനം തുടങ്ങി

Published

|

Last Updated

കാർബൺ ന്യൂട്രൽ വില്ലേജ് കോഫീ പാർക്കിന്റെ ഉദ്ഘാടനം കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് വ്യവസായ മന്ത്രി ഇ പി ജയരാജൻ നിർവഹിക്കുന്നു

കൽപ്പറ്റ: ജില്ലയിലെ കാപ്പി കർഷകർക്ക് പ്രതീക്ഷയേകി കാർബൺ ന്യൂട്രൽ വില്ലേജ് കോഫീ പാർക്കിന് തുടക്കമായി. മുട്ടിൽ ഗ്രാമപഞ്ചായത്തിൽ വാര്യാട് എസ്റ്റേറ്റിൽ പ്രതിസന്ധിയിലായ കാപ്പികർഷകരെ സഹായിക്കുന്നതിനാണ് വ്യവസായ വകുപ്പ് പാർക്ക് സ്ഥാപിക്കുന്നത്. കാർബൺ ന്യൂട്രൽ വില്ലേജ് കോഫീ പാർക്കിന്റെ ഉദ്ഘാടനം കൽപ്പറ്റ വിജയ പമ്പ് പരിസരത്ത് വ്യവസായ മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. വാര്യാട് എസ്റ്റേറ്റിലെ കിൻഫ്ര മെഗാ ഫുഡ് പാർക്കിനോടനുബന്ധിച്ച് നൂറ് ഏക്കർ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഫാക്ടറിയും പ്രത്യേകം കാർബൺ ന്യൂട്രൽ മേഖലയും ഒരുക്കും.


കിൻഫ്രയുടെ മേൽനോട്ടത്തിൽ ഒരുക്കുന്ന മാതൃക കാർബൺ ന്യൂട്രൽ മേഖലയിൽ 1.5 ലക്ഷം കാപ്പി ചെടികളാണ് നട്ടുപിടിപ്പിക്കുക. വിളവെടുക്കുന്നത് വരെയുള്ള ചെടികളുടെ പരിപാലത്തിന് പ്രത്യേകം സാമ്പത്തിക സഹായവും നൽകും. മൂന്ന് വർഷം കൊണ്ട് വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കർഷകരിൽ നിന്ന് കാപ്പിക്കുരു മാന്യമായ വില നൽകി കോഫീ പാർക്കിൽ ശേഖരിക്കും. പാർക്കിൽ നിന്നുത്പാദിപ്പിക്കുന്ന കാപ്പി, മലബാർ കാപ്പി എന്ന പേരിൽ ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കും. കാർബൺ ന്യൂട്രൽ മേഖലയിലെ ഉത്പന്നങ്ങൾക്ക് വിപണിയിൽ വൻ ഡിമാന്റും ഉയർന്ന വിലയുമാണ് ലഭിക്കുന്നത്.

ജില്ലയിലെ കാപ്പി കർഷകരെ പദ്ധതിയുമായി സഹകരിപ്പിക്കാനാണ് വ്യവസായ വകുപ്പും കിൻഫ്രയും ലക്ഷ്യമിടുന്നത്. കർഷകർക്ക് കാർബൺ ന്യൂട്രൽ മേഖല ഒരുക്കുന്നതിനുള്ള സാങ്കേതിക സഹായം കിൻഫ്ര നൽകും. സംസ്ഥാനത്തെ ഏക കാർബൺ ന്യൂട്രൽ വില്ലേജ് കോഫീ പാർക്കാണ് ജില്ലയിൽ തുടങ്ങിയത്. കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി കൽപ്പറ്റയിൽ സ്‌പെഷ്യൽ ഓഫീസ് തുടങ്ങും. ഇതിനായി സ്‌പെഷ്യൽ ഓഫീസർ, രണ്ട് കൺസൾട്ടന്റ്മാർ എന്നിവരെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കാപ്പി മലബാർ കാപ്പിയെന്ന പേരിൽ ബ്രാന്റ് ചെയ്ത് വിൽപന നടത്തുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കാപ്പി കൃഷി പ്രോത്സാഹനത്തിനായി 150 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.