Connect with us

Cover Story

മണ്ണിന്റെ മനസ്സ്

Published

|

Last Updated

കൃഷിയുടെ വിത്ത് ഉള്ളിൽ വീണു മുളച്ചാണ് രവീന്ദ്രൻ പിറന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപം ഉള്ളൂരിൽ ജനിച്ച രവീന്ദ്രൻ ബാല്യം മുതൽ കണ്ടതും അറിഞ്ഞതുമെല്ലാം കൃഷിയും വിളകളുമായിരുന്നു. യൗവനകാലത്ത് ഉപജീവനത്തിന് നാട്ടിലും വിദേശത്തും മറ്റ് തൊഴിൽ മേഖലകൾ തേടിയെങ്കിലും ഉള്ളിലെ കർഷകന്റെ നാമ്പുകൾ വാടിപ്പോയിരുന്നില്ല. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ തിരികെയെത്തി കൃഷി ചെയ്ത് വിജയഗാഥകൾ രചിച്ചവർ നിരവധിയാണ്. കൃഷിയോടൊപ്പം ഗവേഷണവും വിജയകരമായി മുന്നോട്ടുകൊണ്ടുപോകുന്നതാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യൻ കാർഷിക രംഗത്തെ എണ്ണം പറഞ്ഞ പുരസ്‌കാരങ്ങളുടെ ജേതാവ് കൂടിയാണ്. 97ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ മികച്ച കർഷകനുള്ള ദേശീയ അവാർഡ്, കേന്ദ്ര, സംസ്ഥാന ജൈവ വൈവിധ്യ ബോർഡുകളുടെ പുരസ്‌കാരങ്ങൾ, 2014ൽ ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടി (ഐ എ ആർ ഐ)ന്റെ ഇന്നൊവേറ്റീവ് ഫാർമർ അവാർഡ്, 2017ൽ ഇന്ത്യയിലെ മികച്ച അഞ്ച് കർഷകർക്ക് ഐ എ ആർ ഐ നൽകുന്ന ഫെല്ലോ ഫാർമർ അവാർഡ്, ഏറ്റവുമൊടുവിൽ കേന്ദ്ര കൃഷി വകുപ്പിന് കീഴിലുള്ള പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ അന്ത്യോദയ കൃഷി സോണൽ പുരസ്‌കാരം തുടങ്ങിയവയെല്ലാം രവീന്ദ്രനെ തേടിയെത്തി. ഈ മാസം അഞ്ചിന് രാജ്യതലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സോണൽ പുരസ്‌കാരം ഏറ്റുവാങ്ങും. ജൈവസംരക്ഷണ മേഖലയിലെ സ്തുത്യർഹമായ സംഭാവനകൾ പരിഗണിച്ച് കേന്ദ്ര സർക്കാർ നൽകുന്ന പ്ലാന്റ് ജിനോം സേവ്യർ ഫാർമർ അംഗീകാരത്തിനായി തിരഞ്ഞെടുത്തെന്ന സന്തോഷവാർത്ത ദിവസങ്ങൾക്ക് മുമ്പാണ് തേടിയെത്തിയത്. ഏക്കർ കണക്കിന് ഭൂമിയിൽ കൃഷി ചെയ്തല്ല ഈ നേട്ടങ്ങൾക്ക് അർഹനായത്. കേവലം പത്ത് സെന്റിലുള്ള തന്റെ വീടിന് ചുറ്റും ടെറസിലും വ്യത്യസ്തമായി ജൈവകൃഷി ചെയ്യുകയും ഒരു ജീവിതകാലം കൊണ്ട് ആർജിച്ച കാർഷിക വിജ്ഞാനം സമൂഹത്തിന് സൗജന്യമായി പകർന്നു നൽകുകയും ചെയ്തതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ടെറസിൽ നെൽ, പച്ചക്കറി കൃഷികൾ സജീവമായി ചെയ്യുമ്പോഴും കിഴങ്ങു വർഗ വിളവെടുപ്പിലാണ് സമാനതകളില്ലാത്ത നേട്ടങ്ങൾ കൈവരിച്ചത്.

മാറ്റിമറിച്ചത് ക്യാൻസർ വാർഡിലെ ആ കാഴ്ച
പ്രവാസ കാലത്തും ഉള്ളിൽ ഉറഞ്ഞ സാന്നിധ്യമായി കൃഷി ഒപ്പമുണ്ടായിരുന്നുവെങ്കിലും കാഴ്ചപ്പാട് അടിമുടി മാറ്റിമറിച്ചത് നാട്ടിലെ സ്ഥിരതാമസത്തിനിടക്കുണ്ടായ ഒരു സംഭവമാണെന്ന് രവീന്ദ്രൻ ഓർക്കുന്നു. 2007ൽ സുഹൃത്തിനൊപ്പം തിരുവനന്തപുരം ആർ സി സി സന്ദർശിച്ചതാണ് രവീന്ദ്രന്റെ കൃഷി ചിന്തകളെ മാറ്റി മറിച്ചത്. കുട്ടികളുടെ വാർഡിലെത്തിയപ്പോൾ മിക്കവരും 12 വയസ്സിന് താഴെയുള്ളവർ. കുഞ്ഞുങ്ങൾക്ക് എങ്ങനെ ക്യാൻസർ വരുന്നുവെന്ന ആശങ്ക രവീന്ദ്രൻ ഡോക്ടറോട് പങ്കുവെച്ചു. കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഈ രോഗത്തിന്റെ ആരംഭമെന്നും ചന്തകളിൽ എത്തുന്ന കീടനാശിനികളിൽ മുങ്ങിയ വിഷജന്യമായ പച്ചക്കറികളും രോഗത്തിന് കാരണമാകുന്നുവെന്നും ഡോക്ടർ പറഞ്ഞു വെച്ചു. അന്നുമുതൽ രവീന്ദ്രൻ ജൈവരീതിയിൽ മാത്രം ഊന്നിയുള്ള കൃഷിരീതിയിലേക്ക് മാറുകയും അതിന്റെ പ്രചാരകനാകുകയുമായിരുന്നു. താരതമ്യേന രാസവളങ്ങളുടെ അത്രയും വിളവ് ജൈവകൃഷിയിൽ ലഭിക്കില്ലെന്ന പൊതുധാരണയിൽ നിന്നാണ് ചെടികളുടെ ഉത്പാദനശേഷി വർധിപ്പിക്കുന്ന തരത്തിൽ പുതിയ വളങ്ങൾ വികസിപ്പിച്ചെടുക്കണമെന്ന ചിന്തയിലേക്ക് അദ്ദേഹം എത്തുന്നത്.
മണ്ണിര കമ്പോസ്റ്റ്, മത്സ്യാവശിഷ്ടവും ശർക്കരയും നെയ്യും ചേർത്തു തയ്യാറാക്കുന്ന ഫിഷ് അമിനോ ആസിഡ്, ചെടികൾ പുഷ്പിക്കുന്നതിനും കായ്ക്കുന്നതിനുമുള്ള മുട്ട മിശ്രിതം, ചാണകം, ഗോമൂത്രം, ആഹാരാവശിഷ്ടങ്ങൾ എന്നിവ ചേർത്തു നിർമിക്കുന്ന ഗവ്യം, നാറ്റം, മണം, കറ, കയ്പ് എന്നിവയുള്ള പച്ചിലകളും ചാണകവും ഗോമൂത്രവും ചേർത്ത് നിർമിക്കുന്ന ഹൃദയാമൃതം എന്ന വളവും സ്വയം വികസിപ്പിച്ചു. ഈ ജൈവ വളങ്ങളാണ് പച്ചക്കറികൾക്കും കിഴങ്ങുവിളകൾക്കും നൽകുന്നത്. ഏറ്റവും ഒടുവിൽ വികസിപ്പിച്ച തലമുടി ഉപയോഗിച്ചുള്ള മണ്ണിര കമ്പോസ്റ്റ് വിജയകരമായി കൃഷിക്കായി ഉപയോഗിച്ചു വരുന്നു. മനുഷ്യ തലമുടി ഉപയോഗിച്ച് നിർമിക്കുന്ന ഹ്യൂമൻ ഹെയർ വെർമി കംപോസ്റ്റ് വളം സാധാരണ വെർമി കംപോസ്റ്റിനേക്കാൾ ഗുണകരമെന്നാണ് ഉപയോഗിച്ചവരുടെ സാക്ഷ്യം. 2014ലെ ഇന്നൊവേറ്റീവ് ഫാർമർ പുരസ്‌കാരം നേടിത്തന്ന ഹൃദയാമൃതം വളം കൊണ്ട് രവീന്ദ്രൻ വിളയിച്ചെടുത്ത കാർഷിക ഉത്പന്നങ്ങൾ വലിയ ജനശ്രദ്ധ നേടി.

നിസ്സാരനല്ല ഈ കാച്ചിൽ
ഒറ്റ വിത്തിൽ നിന്ന് ഏറ്റവും വലിയ കാച്ചിൽ വിളയിച്ചതിന് ലിംക ബുക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടി. 2006 മുതൽ കാച്ചിൽ കൃഷിയിൽ ലഭിച്ച ഉയർന്ന വിളവാണ് രവീന്ദ്രനെ നേട്ടങ്ങൾക്ക് അർഹനാക്കിയത്. ഒരു വിത്തിൽ നിന്ന് 72 കിലോ വിളവ് ലഭിച്ചതാണ് തുടക്കം. ശ്രീശുഭ്ര ഇനത്തിലെ ആഫ്രിക്കൻ കാച്ചിൽ ആയിരുന്നു ഇത്. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിൽ (സി ടി സി ആർ ഐ) നിന്ന് ശാസ്ത്രജ്ഞരടങ്ങുന്ന സംഘം ഇതറിഞ്ഞ് വീട്ടിലെത്തി. ബന്ധു നൽകിയ വിത്തിൽ നിന്നാണ് ഇത്രയും വിളവ് ലഭിച്ചതെന്ന് അദ്ദേഹം അവരെ അറിയിച്ചു. എന്നാൽ, ഈ വിത്ത് കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് ബന്ധുവിന് ലഭിച്ചതെന്നറിഞ്ഞതോടെ ഉദ്യോഗസ്ഥർ വീണ്ടും രവീന്ദ്രനെ ബന്ധപ്പെട്ടു. അടുത്ത വർഷം ഇതിലും വലിയ വിളവ് ഉണ്ടാക്കണമെന്ന അവരുടെ പ്രോത്സാഹനത്തിന് ശ്രമിക്കാം എന്നു മാത്രമായിരുന്നു മറുപടി. എന്നാൽ, ഉറപ്പ് പാഴായില്ല. 2007ൽ ഇതേ ഇനം വിത്തിൽ നിന്ന് 165 കിലോ കാച്ചിൽ വിളവെടുത്തു. ഈ കാച്ചിലിന്റെ അത്യുത്പാദന വിത്തുകൾ ആ വർഷം മുതൽ രവീന്ദ്രൻ മറ്റുള്ളവർക്ക് വിതരണം ചെയ്യാനും തുടങ്ങി. 2008ൽ വിളവ് 230 കിലോയായി വർധിച്ചു. 2009 ഡിസംബറിൽ കേന്ദ്ര കിഴങ്ങുഗവേഷണ കേന്ദ്രത്തിന് വേണ്ടി വിളവെടുത്ത കാച്ചിലാണ് റെക്കോർഡ് ആയത്; 275 കിലോ. 15 പേരെ നിർത്തിയാണ് കാച്ചിൽ മുറിഞ്ഞു പോകാതെ പുറത്തെടുത്തത്. ഇത് ഇന്ത്യൻ സയൻസ് കോൺഗ്രസിലടക്കം വിവിധ വേദികളിലും പ്രദർശിപ്പിച്ചു. ഈ നേട്ടത്തിന് രവീന്ദ്രനും ഭീമൻ കാച്ചിലും ലിംകാ ബുക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. കഴിഞ്ഞ മാസം മുക്കിഴങ്ങ് വിത്തിൽ ഒരു ചുവട്ടിൽ നിന്ന് 102 കിലോ വിളവ് ലഭിച്ചിരുന്നു. മുക്കിഴങ്ങ് വിത്തിൽ നിന്ന് ഇത്ര വലിയ വിളവ് ലഭിക്കുന്നത് അപൂർവമാണ്.

ഓണമുണ്ണാൻ മട്ടുപ്പാവിലെ നെല്ലും പച്ചക്കറികളും
രാമചന്ദ്രൻ- കമലമ്മ ദമ്പതികളുടെ പതിനൊന്ന് മക്കളിൽ മൂന്നാമനായാണ് 1954ൽ രവീന്ദ്രൻ ജനിച്ചത്. കാർഷികവൃത്തി കൊണ്ട് ഉപജീവനം കഴിച്ച ഒരു കുടുംബത്തിൽ വളർന്നതിനാൽ, കൃഷിയുടെ എല്ലാ വിധ പ്രായോഗിക അറിവുകളും രവീന്ദ്രന് ചെറുപ്പം മുതൽ ഹൃദിസ്ഥമായിരുന്നു. എന്നാൽ പത്താം ക്ലാസ് കഴിഞ്ഞ് ഇലക്ട്രിക് മെക്കാനിക്കായി ജീവിതം തുടങ്ങിയ രവീന്ദ്രൻ ആ മേഖലയിലും കഴിവു തെളിയിച്ചു. വാഹനങ്ങൾക്കായി രവീന്ദ്രൻ സ്വന്തമായി നിർമിച്ച് നൽകുന്ന ബാറ്ററികൾ കമ്പനി ബാറ്ററികളേക്കാൾ ഈട് നിൽക്കുമായിരുന്നു. തൊഴിൽ തേടി യുവത്വം വ്യാപകമായി ഗൾഫിലേക്ക് കുടിയേറുന്ന കാലമായിരുന്നു അത്. 1978ൽ രവീന്ദ്രനും ഭാഗ്യപരീക്ഷണത്തിനായി ഗൾഫിലേക്ക് പോയി. അവിടെയും വാഹനങ്ങളുടെ ഇലക്ട്രിക്കൽ മെക്കാനിക്കായി തിളങ്ങി. പത്ത് വർഷം നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്. വീടിനടുത്ത് കുറച്ചു സ്ഥലവും രണ്ട് മുറി കടയും വാങ്ങി വീണ്ടും പഴയ തൊഴിൽ പുനരാരംഭിച്ച വേളയിലാണ് കൃഷിയെ ഗൗരവമായി സമീപിക്കണമെന്ന ചിന്ത ഉയരുന്നത്. പ്രവാസിയായിരിക്കെ, 1996 മുതൽ തന്നെ മട്ടുപ്പാവ് കൃഷി ചെയ്തു വരുന്ന രവീന്ദ്രൻ, ഒരു വീടിന് ആവശ്യമായ എല്ലാ പച്ചക്കറികളും ഇതിലൂടെ വിളയിക്കുന്നു. കഴിഞ്ഞ നാല് വർഷമായി ഓണത്തിനുള്ള അരിയും മട്ടുപ്പാവിലാണ് വിളയിക്കുന്നത്. മട്ടുപ്പാവിലെ കരനെല്ലും പച്ചക്കറികളും വിളവെടുക്കാൻ സംസ്ഥാന മന്ത്രിമാരടക്കം രവീന്ദ്രന്റെ വീട്ടിലെത്തിയിട്ടുണ്ട്.

സഹധർമിണി സിന്ധുവും മക്കളായ രെജിയും രാജിയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. വെള്ളം കെട്ടി നിർത്തേണ്ട ആവശ്യമില്ലാത്ത നന മാത്രം ഉപയോഗിച്ച് വളർത്താവുന്ന ഉമ, പ്രത്യാശ നെല്ലും വെള്ളം കെട്ടിനിർത്തി കൃഷി ചെയ്യേണ്ട വിത്തിനങ്ങളും രവീന്ദ്രൻ വിള ചെയ്ത് അരിയാക്കിയിട്ടുണ്ട്. സാധാരണഗതിയിൽ 120 ദിവസം കൊണ്ട് വിളവെടുക്കാനാകുന്ന നെൽവിത്തിനങ്ങളാണെങ്കിലും പൂർണമായി ജൈവരീതിയിൽ കൃഷി ചെയ്യുന്നതിനാൽ മൂപ്പെത്താൻ 130 ദിവസമെടുക്കും. രവീന്ദ്രന്റെ കൃഷിയിലുള്ള താത്പര്യവും ഗവേഷണ തത്പരതയും കാരണം സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ സഹകരണത്തോടെ കൃഷി വകുപ്പ് നഗര പരിസ്ഥിതി മെച്ചപ്പെടുത്താൻ പ്രഖ്യാപിച്ച ആത്മ (അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി) കർഷക സ്‌കൂൾ 2016 മുതൽ രവീന്ദ്രനും അനുവദിച്ചു. ഒരു ബാച്ചിൽ 40ലധികം പേരാണ് രവീന്ദ്രന്റെ പക്കൽ നിന്ന് കൃഷി പാഠങ്ങൾ സൗജന്യമായി പഠിച്ച് പുറത്തിറങ്ങുന്നത്. നാല് ശനിയാഴ്ചകളിലായാണ് ഒരു ബാച്ച് പൂർത്തിയാകുന്നത്. കേരളത്തിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ അനുവദിച്ച ആത്മ സ്‌കൂളുകൾ രണ്ടോ മൂന്നോ ബാച്ചുകൾ കൊണ്ട് അവസാനിച്ചെങ്കിൽ രവീന്ദ്രൻ 13 ബാച്ചുകൾ പൂർത്തിയാക്കി. ഫാം ജേർണലിസ്റ്റ് ഫോറവുമായി സഹകരിച്ച് പുതിയ ക്ലാസുകൾക്ക് തുടക്കമിട്ടിട്ടുണ്ട്. തീർത്തും ശാസ്ത്രീയമായ നിരീക്ഷണങ്ങളിലൂടെയും നിഗമനങ്ങളിലൂടെയുമാണ് വളംനിർമാണവും കൃഷിയും നടത്തുന്നതെന്ന് രവീന്ദ്രൻ പറയുന്നു. കൃഷിവകുപ്പും അനുബന്ധ സർക്കാർ വകുപ്പുകളും പിന്തുണയുമായി രംഗത്തുണ്ട്. കേന്ദ്ര കിഴങ്ങു ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായി വിരമിച്ച ഡോ. സി എസ് രവീന്ദ്രനോടും കൃഷി വകുപ്പ് മുൻ പ്രിൻസിപ്പൽ ഓഫീസർ എൻ ജി ബാലചന്ദ്രനാഥിനോടുമുള്ള കടപ്പാട് വാക്കുകളിൽ തീരുന്നതല്ലെന്ന് രവീന്ദ്രൻ നന്ദിപൂർവം സ്മരിക്കുന്നു. മണ്ണിനെയും വിളയെയും അറിയുന്നവനാണ് യഥാർഥ കർഷകനെന്നാണ് രവീന്ദ്രന്റെ വാദം. മണ്ണിൽ വിതക്കുന്ന വിത്തിനോടും അതു വളർന്നു വരുന്ന ചെടിയോടും സംവദിക്കുന്നവനാകണം കർഷകൻ. കൃഷിയോട് തനിക്കുള്ളത് ആത്മസമർപ്പണമാണെന്ന് പറയുമ്പോൾ അതിൽ എല്ലാം അടങ്ങുന്നു. അതാണ് രവീന്ദ്രന്റെ വിജയവും.

ശ്രീജിത്ത് ശ്രീധരൻ