കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം; ഇടപെടാന്‍ ആരെയും അനുവദിക്കില്ല

Posted on: March 2, 2019 8:57 pm | Last updated: March 2, 2019 at 8:57 pm

അബുദാബി: ഇസ്‌ലാമിക രാജ്യങ്ങളുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറന്നതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു. ഒ ഐ സി സമ്മേളനത്തില്‍ ഇന്ത്യയെ അതിഥിരാജ്യമായി തിരഞ്ഞെടുത്തത് ആഗോള രാഷ്ട്രീയത്തില്‍ ഇന്ത്യക്കുള്ള അംഗീകാരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒഐസി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബുദാബിയിലെത്തിയ അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

മേഖലാ രാജ്യങ്ങളുമായി ആഴത്തിലുള്ള സാംസ്‌കാരിക, പൈതൃക ബന്ധം ഒന്നുകൂടി ഊട്ടിയുറപ്പിക്കാനും ഇസ്‌ലാമിക രാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താന്‍ ഇത് വഴിയൊരുക്കുമെന്നും പറഞ്ഞു.
കശ്മീരിനെക്കുറിച്ച് ഒഐസിയുടെ നിലപാട് എന്തായിരിക്കുമെന്ന ചോദ്യത്തിന് അത് ഊഹിക്കാനാവില്ലെന്നായിരുന്നു മറുപടി. ജമ്മുകശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതില്‍ ഇടപെടാന്‍ ആരെയും അനുവദിക്കില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്തമാക്കിയതാണെന്നും പറഞ്ഞു. വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍, ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.