ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യമില്ല; ആറ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എഎപി

Posted on: March 2, 2019 3:35 pm | Last updated: March 2, 2019 at 7:02 pm
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടി (എഎപി)- കോണ്‍ഗ്രസ് സഖ്യമില്ല. ആറ് സീറ്റുകളില്‍ എഎപി
സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായി സഖ്യത്തിന് നേരത്തെ അരവിന്ദ് കെജ്‌രിവാള്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തിരുന്നില്ല.
പിസിസി അധ്യക്ഷ ഷീല ദീക്ഷിത് കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന നിലപാടില്‍ ഉറച്ചു നിന്നു. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗണിച്ചും രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തില്‍ സഖ്യ ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടെയാണ് ആം ആദ്മി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്.
പടിഞ്ഞാറന്‍ ഡല്‍ഹി ഒഴികെയുള്ള ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ്  പ്രഖ്യാപിച്ചത്. ചര്‍ച്ചകള്‍ക്ക് ശേഷം ഏറെ വൈകാതെ തന്നെ ഇവിടെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടാകും. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപി തൂത്തുവാരിയിരുന്നു