Connect with us

Editorial

സൈനിക വിജയത്തെ രാഷ്ട്രീയവത്കരിക്കരുത്

Published

|

Last Updated

പുര കത്തുമ്പോൾ കഴുക്കോൽ ഊരുക എന്ന പ്രയോഗത്തെ ഓർമപ്പെടുത്തുന്നതാണ് അതിർത്തിയിലെ കലുഷിതമായ അന്തരീക്ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി ജെ പിയും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കളികൾ. പുൽവാമയിലെ തീവ്രവാദി ആക്രമണത്തിനും ഇന്ത്യയുടെ തിരിച്ചടിക്കും പിന്നാലെ ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദ് വർധമാൻ പിടിയിലായതോടെ കഴിഞ്ഞ രണ്ട് ദിവസമായി യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു അതിർത്തിയിൽ. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിപക്ഷ കക്ഷികളൊന്നടങ്കം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരിപാടികളെല്ലാം നിർത്തിവെച്ച് അതിർത്തിയിലെ പ്രതിസന്ധി തരണം ചെയ്യുന്നതിൽ സർക്കാറിന് സർവ പിന്തുണ ഉറപ്പ് നൽകുക വഴി ഔചിത്യ ബോധം പ്രകടമാക്കുകയും ചെയ്തു.
പുൽവാമ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് സംഘ്പരിവാർ സംഘടനയായ മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ, മോദി സർക്കാറിനെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വിമർശിച്ചു രംഗത്ത് വന്നിരുന്നു. ഡോവലിനെതിരെ അന്വേഷണം നടത്തിയാൽ സി ആർ പി എഫ് 40 ജവാന്മാർ കൊല്ലപ്പെട്ടതിന്റെ ചുരുളഴിയുമെന്നും മിക്ക സർക്കാറുകളും വ്യാജ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാറുണ്ടെങ്കിലും മോദി ഭരണത്തിലാണ് ഇത് കൂടുതലായി നടക്കുന്നതെന്നുമുള്ള പ്രസ്താവനയിലൂടെ പുൽവാമ തീവ്രവാദി ആക്രമണത്തിൽ സന്ദേഹമുയർത്തുകയുണ്ടായി രാജ്താക്കറെ. എന്നാൽ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും പ്രതിപക്ഷ കക്ഷികളും ഇപ്പോൾ അത്തരം ആരോപണങ്ങളുന്നയിക്കുന്നത് ഉചിതമല്ലെന്ന ബോധ്യത്തിൽ കുറ്റപ്പെടുത്തലുകൾക്കൊന്നും മുതിരാതെ രാഷ്ട്രീയ വിവേകം പ്രകടിപ്പിക്കുകയായിരുന്നു.

അതേസയമം, രാജ്യസുരക്ഷ സംബന്ധിച്ച ഉത്ക്കണ്ഠ തീവ്രമായ ഈ ഘട്ടത്തിൽ പ്രധാനമന്ത്രി വീഡിയോ കോൺഫ്രൻസിലൂടെയും തിരഞ്ഞെടുപ്പ് റാലികളിലും പാർട്ടി പ്രവർത്തകരെ തിരഞ്ഞെടുപ്പിന് സന്നദ്ധമാക്കുന്ന തിരക്കിലായിരുന്നു. അഭിനന്ദ് വർധമാൻ പാക് പിടിയിലായതിനെ തുടർന്ന് സൈനിക നേതൃത്വവും പതിരോധ, നയതന്ത്ര വിദഗ്ധരും അദ്ദേഹത്തിന്റെ മോചനത്തിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ചർച്ചയിൽ മുഴുകിയ വേളയിലായിരുന്നു പ്രധാനമന്ത്രിയുടെ ബി ജെ പി പ്രവർത്തകരുമായുള്ള വീഡിയോ കോൺഫ്രൻസ് സംവാദം. ലോകത്തെ ഏറ്റവും വലിയ വീഡിയോ കോൺഫ്രറൻസ് എന്ന വിശേഷണത്തോടെ 15,000 കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച പരിപാടിയിൽ മോദി നടത്തിയ പ്രസംഗത്തിലെ നല്ലൊരു ഭാഗവും പ്രതിപക്ഷത്തിനെതിരായ വിമർശങ്ങളായിരുന്നു. അതിനു തൊട്ടു തലേ ദിവസം രാജസ്ഥാനിലെ ചുരുവിൽ തിരഞ്ഞെടുപ്പ് റാലിയിൽ പാക്കിസ്ഥാനെതിരെ സൈന്യം നടത്തിയ പ്രത്യാക്രമണം മോദി സർക്കാറിന്റെ ഭരണ നേട്ടമാണെന്ന് വരുത്തിത്തീർക്കാനാണ് അദ്ദേഹം ശ്രമിച്ചത്. രാജ്യത്തിന് സായുധ സേന നൽകിയ സംഭാവനകളെ പ്രകീർത്തിച്ച പ്രധാനമന്ത്രി രാജ്യം സുരക്ഷിത കരങ്ങളിലായത് കൊണ്ടാണ് സൈന്യത്തിന് ഈ മുന്നേറ്റം കൈവരിക്കാനായതെന്ന് അവകാശപ്പെട്ടു. രാജ്യത്തിന്റെ സുരക്ഷക്കായി സുരക്ഷിത സർക്കാറിന് വോട്ട് ചെയ്യാനും അഭ്യർഥിക്കുകയുണ്ടായി. മോദിയാണ് ഒരേയൊരു ലോക നേതാവെന്ന, സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിൽ അമിത് ഷായുടെ പ്രസ്താവനയുടെ ലക്ഷ്യവും പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കലായിരുന്നു.
തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം അവശേഷിച്ചിരിക്കെ റാഫേൽ അഴിമതിയിൽ മുങ്ങിക്കുളിച്ച് വോട്ടർമാരെ സമീപിക്കാൻ പ്രയാസപ്പെടുകയായിരുന്ന മോദിയും പാർട്ടിയും അതിർത്തിയലെ സംഘർഷം വീണുകിട്ടിയ അവസരമായി ഉപയോഗപ്പെടുത്തുകയാണ്. പാക് പിടിയിലായ സൈനികന്റെ ജീവനിൽ രാജ്യം ആശങ്കപ്പെടുമ്പോൾ പ്രധാനമന്ത്രിയും ബി ജെ പി നേതാക്കളും രാഷ്ട്രീയ വിഷയങ്ങളിൽ മുഴുകുകയായിരുന്നു. കർണാടക ബി ജെ പി നേതാവ് യെദ്യൂരപ്പയുടെ പ്രസ്താവന പാർട്ടിയുടെ ഈ ഹിഡൻ അജൻഡ തുറന്നുകാട്ടുന്നുണ്ട്. തീവ്രവാദ കേന്ദ്രങ്ങൾക്കെതിരായ വ്യോമാക്രമണം രാജ്യത്ത് മോദി തരംഗം സൃഷ്ടിക്കുന്നുണ്ട്. ഇപ്പോൾ രാഷ്ട്രീയ അന്തരീക്ഷം ഓരോ ദിവസവും ബി ജെ പിക്ക് അനുകൂലമാവുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവം. ഇന്ത്യയുടെ സൈനിക തിരിച്ചടി യുവാക്കൾക്കിടയിൽ ബി ജെ പിക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും യെദ്യൂരപ്പ കൂട്ടിച്ചേർത്തു.

തീവ്രവാദ ക്യാമ്പുകളെ തകർക്കുന്നതിൽ വ്യോമസേന
കാണിച്ച ധീരതയും ത്യാഗവും ഏതെങ്കിലും ഒരു കക്ഷിയുടെ അക്കൗണ്ടിൽ എഴുതിച്ചേർക്കേണ്ടതല്ല. സൈന്യത്തിന്റെ വിജയമാണിത്. ഏതെങ്കിലും ഒരു കക്ഷിയുടേയോ സർക്കാറിന്റെയോ വിജയമല്ല. മോദിയുടെ നാലേ മുക്കാൽ വർഷത്തെ ഭരണത്തിനിടയിൽ സൈന്യം കൈവരിച്ച ശക്തിയുടെ മികവല്ല അതിർത്തിയിൽ കണ്ടത്. രാജ്യം സ്വതന്ത്ര റിപ്പബ്ലിക്കായത് മുതൽ സൈന്യത്തെ കെട്ടിപ്പടുക്കുന്നതിനും കാലോചിതമായി ശക്തിപ്പെടുത്തുന്നതിനും യത്‌നിച്ച ഭരണകൂടങ്ങൾക്കെല്ലാമുണ്ട് സൈന്യത്തിന്റെ ഏത് വിജയത്തിലും പങ്ക്.
ഇത് ഒരു സർക്കാറിന്റെ തുച്ഛമായ കാലഘട്ടത്തെ വളർച്ചയായി അവകാശപ്പെടുന്നത് അൽപ്പത്തമാണ്. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത തുടങ്ങിയവക്ക് ഭീഷണി നേരിടുമ്പോൾ, കക്ഷി ഭിന്നതകൾ മാറ്റിവെച്ച് ജനങ്ങളെ രാജ്യത്തിനു പിന്നിൽ അണിനിരത്താനുള്ള വിവേകമാണ് ഭരണാധികാരികൾ കാണിക്കേണ്ടത്. അതിർത്തിയിൽ ഒരു യുദ്ധാന്തരീക്ഷം സംജാതമാകുമ്പോൾ രാഷ്ട്രീയ ശത്രുതയും മറ്റെല്ലാ ഭിന്നതകളും മാറ്റിവെച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ വിവേകവും തന്ത്രജ്ഞതയുമാണ് ഭരണകൂടം കാണിക്കേണ്ടത്.

Latest