Articles
കാട് കത്തിയാൽ കര വറ്റും

ഉച്ചവെയിലിന്റെ തീച്ചൂടിനൊപ്പം കാട് കത്തിയെരിയുമ്പോള്‍ കാടല്ലേ കരയല്ലല്ലോ എന്ന് പറയുന്ന ആള്‍ക്കൂട്ടത്തോട് കാട് കത്തിയാല്‍ കരളാണുരുകുക എന്ന് പറഞ്ഞ പഴമക്കാരുടെ കഥ ഇപ്പോള്‍ വീണ്ടും ഓര്‍ത്തെടുക്കേണ്ടിവരുന്നു. വേനല്‍ച്ചൂട് തുടങ്ങും മുമ്പ് അങ്ങിങ്ങ് കാട്് കത്തിത്തുടങ്ങിയിട്ടുണ്ട്. കാട്ടിലെ ഒരില കരിഞ്ഞാല്‍ പോലും അതുണ്ടാക്കുന്ന പാരിസ്ഥിതിക നാശത്തെക്കുറിച്ച് പണ്ടുള്ളവര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കാടിനെ നാടിനെക്കാളും അവര്‍ കാത്തുസൂക്ഷിച്ചു. ഇപ്പോള്‍ കാടെന്തെന്നും കാടിന്റെ ഗുണമെന്തെന്നുമറിയാത്തവര്‍ സൃഷ്ടിക്കുന്ന കാട്ടു തീ പലപ്പോഴും മനുഷ്യജീവിതത്തിന് മേല്‍ ദുരന്തത്തിന്റെ വലിയ കരിനിഴലാണ് പരത്തുന്നത്. കാട് കത്തിയാല്‍ കര വറ്റും വരണ്ടുണങ്ങും എന്ന് പറഞ്ഞു പഠിപ്പിക്കാന്‍ ആളില്ലാത്തതായിരിക്കുമോ എല്ലാവര്‍ഷവും വഴിപാടുപോലെയുണ്ടാകുന്ന, കാട്ടുതീ അഥവാ കാട് കത്തിക്കല്‍. എങ്ങനെയാണ് കാട്ടുതീ ഉണ്ടാകുന്നതെന്ന് ചിന്തിച്ചാല്‍ എളുപ്പം ഉത്തരം കിട്ടും. പ്രധാന കാരണം മനുഷ്യന്‍ തന്നെയാണെന്നതില്‍ തര്‍ക്കമുണ്ടാകില്ല. കാട്ടിലോ കാട്ടിനരികിലോ എത്തുന്ന മനുഷ്യര്‍ ഉണങ്ങിക്കരിഞ്ഞ് വീണുകിടക്കുന്ന ഇലകളില്‍ നിക്ഷേപിക്കുന്ന തീയാണ് പ്രധാനമായും കാട്ടുതീക്കിടയാക്കുന്നതെന്നാണ് പരമമായ സത്യം. മനുഷ്യന്‍ ഉപേക്ഷിക്കുന്ന ഒരു ചെറിയ തീപ്പൊരി കാട്ടുതീയായി വളര്‍ന്ന് പടരുന്നു.
കാടിനോട് ചേര്‍ന്ന പുരയിടങ്ങളില്‍ നിന്നും കാട്ടിലേക്ക് തീ പടരുന്നത് സാധാരണം. കാലിമേയ്ക്കാനും ഉത്പന്നങ്ങള്‍ ശേഖരിക്കാനും പോകുന്നവരും നായാട്ടുകാരും വാറ്റുകാരും കാട്ടില്‍ തീയിടാറുണ്ട്. വിനോദസഞ്ചാരികള്‍ മനപൂര്‍വവും അശ്രദ്ധകൊണ്ടും കാട്ടിനുള്ളില്‍ തീപ്പൊരി വിതയ്ക്കുന്നു. ഇതെല്ലാം കാട്ടുതീയായി പടരും. ചെറിയ ചെറിയ കൈയേറ്റങ്ങള്‍ക്ക് വേണ്ടി കാടിന്റെ അതിര്‍ത്തികള്‍ മായ്ക്കാന്‍ മനഃപൂര്‍വമുള്ള തീയിടല്‍ വേറെയും. ഇടിമിന്നല്‍ കാരണം കാട്ടുതീയുണ്ടാകാമെങ്കിലും അതിനുള്ള സാധ്യത ഇവിടെ കുറവാണെന്ന് കാണാനാകും. ഉണങ്ങിയ മരങ്ങള്‍ തമ്മില്‍ കൂട്ടിയുരഞ്ഞും തീയുണ്ടാകാം. പക്ഷേ, ഇതൊക്കെ വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കാനിടയുള്ളൂ. കൂടിക്കൊണ്ടിരിക്കുന്ന ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും കാട്ടുതീയുടെ തോത് കൂട്ടും. വളരെയധികം ചൂടുള്ള കാലത്താണ് കാട്ടുതീ സാധാരണയായി ഉണ്ടാകുന്നത്.
കാട്ടുതീ പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇത് വനങ്ങളിലെ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കും. വനം വകുപ്പിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ വനമേഖലയുടെ പകുതിയിലധികവും കാട്ടുതീ ബാധിതപ്രദേശമാണ.് വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ പലയിടത്തും തീപ്പിടിത്തങ്ങള്‍ വര്‍ധിക്കുകയാണ്. കാലാവസ്ഥക്ക് അടുത്ത കാലത്തായി വലിയ മാറ്റം വന്നിട്ടുണ്ടെന്നതും കാണാതെ പോകാനാകില്ല. ചുട്ടുപൊള്ളുന്ന ഈ മാറ്റം തന്നെയാണ് ഒരു ചെറിയ തീപ്പൊരി വീണാല്‍ പോലും മണിക്കുറുകള്‍ കൊണ്ട് ചാമ്പലാകുന്നവിധത്തില്‍ കാടിനെ ഉണക്കിയതെന്ന തിരിച്ചറിവ് വനഗവേഷകര്‍ പങ്കുവെക്കുന്നുണ്ട്. പശ്ചിമ ഘട്ടത്തിന്റെ ഓരങ്ങളില്‍ പച്ച പിടിച്ചു നിന്നിരുന്ന കാടുകള്‍ എങ്ങനെയാണ് ഇത്രവേഗം കരിഞ്ഞുണങ്ങുന്നതെന്നും കത്തിച്ചാമ്പലാകുന്നതെന്നും നാം അന്വേഷിച്ചറിയേണ്ടതുണ്ട്.
കാടുകള്‍ക്കുള്ളില്‍ കനത്ത മഴപെയ്തിട്ട് കാലമെത്രയായി. എന്തുകൊണ്ട് കാട്ടിനുള്ളില്‍ പണ്ടെത്തെപ്പോലെ മഴ പെയ്യുന്നില്ല, അഥവാ പെയ്ത മഴ കരിയിലകള്‍ക്കു താഴെ തണുപ്പേകി തങ്ങി നില്‍ക്കാത്തതെന്തു കൊണ്ട് തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ കണ്ടത്തി പരിഹരിച്ചാല്‍ ഒരു പക്ഷേ, വരും കാലത്തുള്ള കാട്ടുതീയുടെ വ്യാപ്തി കുറക്കാനായേക്കും. കഴിഞ്ഞ രണ്ട് മാസത്തിനിടെ ചെറുതും വലുതുമായ 567 തീപ്പിടിത്തങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടായെന്ന വാര്‍ത്ത അത്യധികം ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ഇതില്‍ കനത്ത നഷ്ടം വരുത്തുന്ന കാട്ടുതീയും ഉള്‍പ്പെടും. കഠിനമായ ചൂട്, കുടിവെള്ള ക്ഷാമം എന്നിവയൊക്കെ നമ്മളെ കാത്തിരിക്കുന്നു. ഓരോ വേനലിലും ഹെക്ടര്‍ കണക്കിന് കാടുകളാണ് സംസ്ഥാനത്ത് മാത്രം കത്തിയെരിയുന്നത്. തീയണക്കാന്‍ എല്ലാവിധ സന്നാഹങ്ങളും ഉപയോഗിച്ചാലും കാട്ടു തീ കൊണ്ടുവരുന്ന നഷ്ടത്തിന്റെ തോത് കുറക്കാനാകുന്നില്ല. കേരളത്തില്‍ കാട്ടുതീ ഇപ്പോള്‍ പുതുമയല്ലാത്ത വാര്‍ത്തയായി മാറിയിരിക്കുന്നു. കാട്ടുതീ ഉണ്ടാക്കുന്ന നഷ്ടം എത്ര വലുതാണെന്ന് പലപ്പോഴും നമുക്ക് ബോധ്യം വരാറില്ല. കാട് വേനല്‍ക്കാലത്ത് ഒരു തണ്ണീര്‍ത്തടം പണിയാറുണ്ട്, ഒരു മഴവെള്ള സംഭരണി. വന്‍ വൃക്ഷങ്ങള്‍ കരിയിലകള്‍ പൊഴിച്ച് കാട്ടിലെ, മലയിലെ മണ്ണിന് ഒരു ആവരണമൊരുക്കും. വേനലിന് പിന്നാലെയെത്തുന്ന മഴയില്‍ നിന്ന് കിട്ടുന്ന വെള്ളം മുഴുവന്‍ ഈ കരിയിലകള്‍ തീര്‍ത്ത ആവരണം പിടിച്ചുവെക്കുന്നു.
ഈ ആവരണത്തിനിടയില്‍ നിന്നാണ് കൊടുംവേനലിലും നീര്‍ച്ചാലുകള്‍ പൊട്ടിയൊഴുകുന്നത്. അത് താഴ്്‌വാരങ്ങളിലെ മണ്ണിനെ തണുപ്പിക്കും. അതിന് ജീവന്‍ നല്‍കും. കാട് വെട്ടിത്തെളിച്ച് ഏക വിളത്തോട്ടങ്ങള്‍ നിലമൊരുക്കിയതോടെ ഈ ആവരണം നശിച്ചു പോയി. ഭൂമിക്ക് തണുപ്പും പുതപ്പും തരുന്ന കാടിനെ പതിയെ പതിയെ വെയില്‍ വിഴുങ്ങാന്‍ തുടങ്ങി. കരിഞ്ഞുണങ്ങിയ കാടിന് തീപ്പിടിക്കുമ്പോള്‍ ഹെക്ടര്‍ കണക്കിന് കാടാണ് ഒന്നിച്ച് നശിച്ചുപോകുന്നത്. ഒരു മരം വെട്ടി നശിപ്പിക്കുന്നതു പോലും പ്രകൃതിക്ക് വലിയ ആഘാതമാണുണ്ടാക്കും. എന്നാല്‍, ഇത് അതിലും ഭീകരമാണ്. ഒരു ആവാസ വ്യവസ്ഥ ആകമാനമാണ് ഇല്ലാതാകുന്നത്. വന്‍ വൃക്ഷങ്ങള്‍, വള്ളികള്‍, പൊന്തക്കാടുകള്‍, മൃഗങ്ങള്‍, പക്ഷികള്‍, പാമ്പുകള്‍, പേരറിയുന്നതും അറിയാത്തതുമൊക്കെയായ ലക്ഷക്കണക്കിന് സൂക്ഷ്മ ജീവികള്‍ അങ്ങനെ എല്ലാം കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കത്തിച്ചാമ്പലാകുന്നു. 1961ലെ കേരള വനനിയമത്തില്‍ കാട്ടുതീ ഒഴിവാക്കാന്‍ കര്‍ശനവ്യവസ്ഥയുണ്ട്. തീയോ തീക്ക് കാരണമാകുന്ന വസ്തുവോ കാട്ടില്‍കൊണ്ടുപോകരുതെന്ന് ഈ നിയമം വ്യക്തമായിപ്പറയുന്നു.
ഒന്ന് മുതല്‍ അഞ്ച് വര്‍ഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണിത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാകട്ടെ, മൂന്ന് വര്‍ഷം തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് കാടിന് തീയിടല്‍. എന്നിട്ടും തീയിടല്‍ നിര്‍ബാധമായി തുടരുന്നു. ഓരോവര്‍ഷവും ഹെക്ടര്‍ കണക്കിന് കാട് കത്തിപ്പോയിട്ടും അത് തടയാന്‍ മുന്നൊരുക്കങ്ങളൊന്നും ഉണ്ടാവുന്നില്ല. അനാസ്ഥയുടെ കൊടുംവേനലില്‍ ഇത്തവണയും ഇത് തുടരുന്നു. നമ്മുടെ ജൈവസമ്പത്തിന് വിലമതിക്കാനാവാത്ത നാശം വരുത്തുന്ന ഈ അക്രമം തടഞ്ഞേപറ്റൂവെന്ന് മുറവിളിക്കുന്നവരുടെ ശബ്ദം അന്നും ഇന്നും ആരും കേള്‍ക്കാതെ പോകുകയാണ്.
സി വി സാജു