സമസ്ത ജില്ലാ ആദര്‍ശ ക്യാമ്പ് ആറിന് ഹികമിയ്യയില്‍

Posted on: February 28, 2019 11:25 am | Last updated: February 28, 2019 at 11:26 am

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ അടുത്ത മാസം ആറിന് ജില്ലയിലെ പണ്ഡിതന്മാര്‍ക്ക് മഞ്ചേരി ജാമിഅ ഹികമിയ്യയില്‍ ആദര്‍ശ ക്യാമ്പ് നടത്തുന്നു. ഇസ്‌ലാമിന്റെ ലേബലില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന വ്യാജ പ്രസ്ഥാനങ്ങള്‍, തൗഹീദിന്റെ പേരില്‍ രംഗത്തു വന്ന് തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുന്ന സലഫി പ്രസ്ഥാനങ്ങളുടെ അപചയം, വര്‍ധിച്ചു വരുന്ന ദൈവ നിഷേധ പ്രവണതകള്‍ എന്നിവയെക്കുറിച്ച് കേന്ദ്ര മുശാവറ നേതാക്കള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. താലൂക്കുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും താലൂക്ക് മുശാവറയുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തവരുമായ പണ്ഡിതന്മാര്‍ക്കാണ് പ്രവേശനം.

രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന ക്യാമ്പ് രാത്രി പത്ത് വരെ നീളും. ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ പൊന്മള മൊയ്തീന്‍കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു. ടി ടി മഹ്മൂദ് ഫൈസി, ഇബ്‌റാഹീം ബാഖവി മേല്‍മുറി, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി മൂത്തേടം, ബശീര്‍ അഹ്‌സനി വടശ്ശേരി സംബന്ധിച്ചു. കൊളത്തൂര്‍ അലവി സഖാഫി സ്വാഗതം പറഞ്ഞു.