ഗോകുലം-ഐസ്വാള്‍ പോരാട്ടം ഇന്ന്

Posted on: February 28, 2019 9:23 am | Last updated: February 28, 2019 at 10:02 am

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സി ഇന്ന് ഐസ്വാള്‍ എഫ് സിയെ നേരിടും. വൈകീട്ട് 3.30ന് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. പ്രവേശനം സൗജന്യമാണ്. തുടര്‍ച്ചയായ ഏഴ് എവേ മത്സരങ്ങള്‍ക്ക് ശേഷം സ്വന്തം തട്ടകത്തില്‍ ഇറങ്ങിയ ഗോകുലം കഴിഞ്ഞ ഹോം മത്സരത്തില്‍ ആരോസുമായി സമനിലയില്‍ കുരുങ്ങിയിരുന്നു.

അവസാനം കളിച്ച 12കളികളില്‍ ഒരു കളി പോലും ജയിക്കാന്‍ ഗോകുലത്തിനായിട്ടില്ല. ആത്മവിശ്വാസം നഷ്ടമായ ടീമിനെ തിരിച്ചുകൊണ്ടുവരാന്‍ ഗോകുലത്തിന് ലീഗില്‍ ഇനി അവശേഷിക്കുന്ന മൂന്ന് മത്സരത്തിലെങ്കിലും ജയിക്കണം. അന്റോണിയോ ജെര്‍മെയ്ന്‍ ടീം വിട്ട ശേഷം കേരളത്തിന് മികച്ച ഒരു താരത്തെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ട്രിനിഡാഡ് ആന്റ് ടുബാഗോയുടെ മാര്‍ക്കസ് ജോസഫിന്റെ ഫോമിലാണ് ഗോകുലത്തിന്റെ പ്രതീക്ഷ. സസ്‌പെന്‍ഷനിലായ പ്രതിരോധതാരം ഡാനിയല്‍ അഡോയും മധ്യനിരതാരം ഗില്ലെര്‍മോ കാസ്‌ട്രോയും ഇന്ന് കളിക്കില്ല.

പകരം പ്രതിരോധത്തില്‍ വിദേശതാരം ആന്‍ട്രേ ഇന്ന് അരങ്ങേറും. മാര്‍ച്ച് മൂന്നിന് നെരോക്ക എഫ് സിയുമായും ഒന്‍പതിന് കരുത്തരായ ഈസ്റ്റ് ബംഗാളുമായുമാണ് ഗോകുലത്തിന്റെ അടുത്ത മത്സരങ്ങള്‍. നേരത്തെ എവേ മത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോല്‍ ഐസ്വാള്‍ എഫ് സിക്കായിരുന്നു ജയം.