ആശങ്കയുടെ അതിര്‍ത്തി; ജനങ്ങള്‍ മാറിത്താമസിക്കുന്നു

Posted on: February 28, 2019 9:19 am | Last updated: February 28, 2019 at 11:03 am

ശ്രീനഗര്‍: ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണരേഖയില്‍ കനത്ത ജാഗ്രത. ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളുടെ ആക്രമണത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ബി എസ് എഫും സൈന്യവും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് വെടിവെപ്പുണ്ടായതായി ഇന്ത്യന്‍ വക്താക്കള്‍ അറിയിച്ചു.

നിയന്ത്രണ രേഖക്ക് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് താത്കാലിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഏത് സമയവും അതിര്‍ത്തി കടന്നുള്ള ആക്രമണം ഉണ്ടാകുമെന്ന ഭീതിയിലാണ് ഇവിടുത്തെ സാധാരണക്കാര്‍ കഴിയുന്നത്. നിയന്ത്രണ രേഖയിലെ ജനവാസ കേന്ദ്രമായ രജൗറി പൂഞ്ച് ജില്ലകള്‍ക്കേര്‍പ്പെടുത്തിയ സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ടെന്ന് സൈനിക വക്താക്കള്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാധാരണക്കാരായ ജനങ്ങളെ മനുഷ്യകവചമാക്കിയാണ് പാക് സൈന്യം മിസൈലുകളും വെടിവെപ്പുകളും നടത്തുന്നതെന്ന് ആരോപണമുണ്ട്. ഗ്രാമീണര്‍ താമസിക്കുന്ന സ്ഥലങ്ങളിലേക്കും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഷെല്ലാക്രമണവും മറ്റും ഉണ്ടാകുന്നുണ്ട്. എന്നാല്‍, ജനവാസമില്ലാത്ത കേന്ദ്രങ്ങളിലേക്കാണ് ഇന്ത്യയുടെ ഷെല്ലാക്രമണം നടക്കുന്നത്. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ഷെല്ലാക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് നിസാര പരുക്കേറ്റിട്ടുണ്ട്. ഇവരെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു.
ആക്രമണ ഭീതി നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് അതിര്‍ത്തി മേഖലയില്‍ നിന്നും നിയന്ത്രണ രേഖക്ക് സമീപത്ത് നിന്നും ജനങ്ങള്‍ കൂട്ടത്തോടെ കുടിയൊഴിഞ്ഞുപോകുകയാണ്. ബന്ധുക്കളുടെയും മറ്റും വീടുകളിലേക്ക് ഇവര്‍ മാറിത്താമസിച്ചു തുടങ്ങിയെന്ന് തദ്ദേശിയരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ സൈന്യത്തിന് നേരെ പുല്‍വാമയിലുണ്ടായ തീവ്രവാദി ആക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരില്‍ സൈന്യം പരിശോധനയും തിരച്ചിലും വ്യാപകമാക്കിയിട്ടുണ്ട്.
സംശയം തോന്നുന്ന സാഹചര്യത്തില്‍ നിരവധി പേരെ പിടികൂടാനും നിര്‍ദേശമുണ്ട്. വിമാനത്താവളങ്ങള്‍ക്ക് സമീപവും പ്രധാന നഗരങ്ങളിലും റോഡുകളിലും സൈന്യം പരിശോധന ശക്തമാക്കിയിട്ടുണ്ട്.