മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ലോക രാജ്യങ്ങള്‍

Posted on: February 28, 2019 9:11 am | Last updated: February 28, 2019 at 11:03 am

ന്യൂയോര്‍ക്ക്: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് യുഎന്‍ രക്ഷാസമിതിയില്‍ ലോക രാജ്യങ്ങള്‍. അമേരിക്ക, ബ്രിട്ടണ്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്. മസൂദ് അസ്ഹറിന് ആഗോള യാത്ര നിരോധനം ഏര്‍പ്പെടുത്തുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും വേണമെന്നും രാജ്യങ്ങള്‍ നിര്‍ദേശിക്കുന്നു.

മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുത്തണമെന്ന പ്രമേയം ഫ്രാന്‍സ് രക്ഷാസമിതിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍, വീറ്റോ അധികാരമുള്ള ചൈന ഇതിനെ എതിര്‍ക്കുമെന്നാണ് സൂചന. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ചൈന ഒരിക്കലും തയ്യാറായിരുന്നില്ല. വീറ്റോ അധികാരം ഉപയോഗിച്ച് രക്ഷാസമിതിയില്‍ ഈ ആവശ്യത്തെ ചൈന എതിര്‍ക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭിയല്‍ മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ നിലപാടിനെതിരെയായിരുന്നു ചൈന ഇതുവരെ നിലകൊണ്ടത്.