പൈലറ്റിനെ സുരക്ഷിതനായി തിരിച്ചയക്കണമെന്ന് പാക്കിസ്ഥാനോട് ഇന്ത്യ

Posted on: February 27, 2019 9:15 pm | Last updated: February 28, 2019 at 9:38 am

ന്യൂഡല്‍ഹി: പാക്കിസ്ഥാന്റെ കസ്റ്റഡിയിലുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റിന്റെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ആ രാജ്യമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. പൈലറ്റിനെ ഉടന്‍തന്നെ സുരക്ഷിതനായി തിരിച്ചയക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. പരുക്കേറ്റ പൈലറ്റിനെ മോശമായ രീതിയില്‍ പ്രദര്‍ശിപ്പിച്ചതും ദൃശ്യങ്ങള്‍ പുറത്തുവിട്ടതും രാജ്യാന്തര നിയമങ്ങളുടേയും ജനീവ കണ്‍വെന്‍ഷന്റേയും ലംഘനമാണ്. ഭീകര സംഘടനകള്‍ക്കെതിരെ നടപടിയെടുക്കാതെ പാക്കിസ്ഥാന്‍ ഇന്ത്യക്കെതിരെ രോഷം പ്രകടപിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേ സമയം ഇന്ത്യയിലെ പാക്കിസ്ഥാന്‍ ആക്ടിങ് ഹൈക്കമ്മീഷണറെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പാക്കിസ്ഥാന്‍ നടപടികളിലെ ശക്തമായ പ്രതിഷേധം അറിയിച്ചു. പാക്ക് വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയതിലുമുള്ള പ്രതിഷേധമാണ് ഇന്ത്യ അറിയിച്ചത്.