ഒ ഐ സി സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചതില്‍ പ്രതിഷേധം; പാക്കിസ്ഥാന്‍ പിന്മാറി

Posted on: February 27, 2019 12:04 pm | Last updated: February 27, 2019 at 2:42 pm

അബൂദബി: ഇസ്‌ലാമിക് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്റെ (ഒ ഐ സി) 46ാമത് സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കുന്നതില്‍ പ്രതിഷേധവുമായി പാക്കിസ്ഥാന്‍. പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശി യു എ ഇ വിദേശകാര്യ മന്ത്രിയെ ഫോണില്‍ ബന്ധപ്പെട്ട് ആശങ്ക അറിയിച്ചു. എന്നാല്‍, പാക്കിസ്ഥാന്റെ ആവശ്യം അംഗീകരിക്കാന്‍ യു എ ഇ തയാറായില്ലെന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്ന് സമ്മേളനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് പാക്കിസ്ഥാന്‍ അറിയിച്ചു.

മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളിലായി അബൂദബിയില്‍ നടക്കുന്ന സമ്മേളനത്തില്‍ അതിഥി രാഷ്ട്രമായാണ് ഇന്ത്യയെ ക്ഷണിച്ചിട്ടുള്ളത്. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് ഇന്ത്യയെ പ്രതിനിധീകരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കുക. യു എ ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം കൈമാറിയത്.

‘ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ 50 വര്‍ഷത്തെ സഹകരണം: സമൃദ്ധിയിലേക്കും വികസനത്തിലേക്കുമുള്ള മാര്‍ഗരേഖ’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം മാര്‍ച്ച് ഒന്നിന് ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്യും.