Connect with us

Ongoing News

കോട്ടയം: ആരുടേയുമല്ല ഈ കോട്ട

Published

|

Last Updated

തിരഞ്ഞെടുപ്പിന് മുന്നോടിയായി അരങ്ങുണര്‍ത്തുന്നതിനുള്ള രാഷ്ട്രീയ യാത്രകളുടെ വേദിയാണ് ഇപ്പോള്‍ കോട്ടയം. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് മണ്ഡലത്തിലെ എല്ലാ മേഖലകളിലും രാഷ്ട്രീയ സാന്നിധ്യവും ശക്തിയും അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ യാത്രയും ജില്ലയിലൂടെ കടന്നുപോകുന്നത്. എന്നാല്‍ കോട്ടയം എന്ന കോട്ട പിടിച്ചെടുക്കാനും നിലനിര്‍ത്താനും മുന്നണികള്‍ക്ക് ഈ പരന്പരാഗത തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാത്രം പയറ്റിയാല്‍ പോര. സമ്പൂര്‍ണ സാക്ഷര ജില്ലയായ കോട്ടയത്തെ എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്ക് മാത്രമേ കാലുറപ്പിച്ച് നില്‍ക്കാന്‍ കഴിയു.

വലതുപക്ഷ മണ്ഡലം ആണെങ്കിലും ഇടതുപക്ഷത്തെയും വരിച്ചിട്ടുള്ള പാരമ്പര്യമാണ് കോട്ടയത്തിനുള്ളത്. 1952ലാണ് കോട്ടയം മണ്ഡലം രൂപവത്കരിച്ചത്. ആ വര്‍ഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ സി പി മാത്യു വിജയിച്ചു. 1957-62ല്‍ കോണ്‍ഗ്രസിലെ മാത്യു മണിയാടന്‍ വിജയിച്ചു. എന്നാല്‍, ഇടക്കെപ്പോഴോ കോണ്‍ഗ്രസിന് കാലിടറി. 1967ല്‍ സി പി എം സ്ഥാനാര്‍ഥിയായ കെ എം എബ്രഹാമിന് മുമ്പില്‍ കോണ്‍ഗ്രസ് മുട്ടുമടക്കി. അതോടെ കോണ്‍ഗ്രസിന്റെ വിജയ മണ്ഡലമായ കോട്ടയത്ത് ആദ്യമായി ചെങ്കൊടി പാറി.
തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് എമ്മുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പുകളെ നേരിട്ടു. അങ്ങനെ വര്‍ക്കി ജോര്‍ജും സക്കറിയ തോമസും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കോട്ടയത്തിന്റെ മണ്ണില്‍ കാലുറച്ചു നിന്ന് വിജയിച്ച് കയറി. 1984 ആയപ്പോഴേക്കും രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന മാറ്റം ശ്രദ്ധേയമായി. കേരള കോണ്‍ഗ്രസുകള്‍ ഒന്നിച്ച 1984ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച സ്‌കറിയ തോമസിന്റെ ഹാട്രിക് മോഹം പൊലിഞ്ഞു. സി പി എമ്മിലെ സുരേഷ് കുറുപ്പ് തന്റെ കന്നിയങ്കത്തില്‍ സ്‌കറിയാ തോമസിനെ തളച്ചു. ഇന്ദിരാഗാന്ധിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ സഹതാപ തരംഗത്തില്‍ മറ്റെല്ലാ മണ്ഡലങ്ങളില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ കോട്ടയത്ത് നിന്ന് സുരേഷ് കുറുപ്പ് വിജയിച്ചത് ചരിത്രമായി.

എന്നാല്‍, 1989ലെ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല സുരേഷ് കുറുപ്പിനെക്കാള്‍ 3,84,809 വോട്ട് നേടി വീണ്ടും കോട്ടയത്തെ കോണ്‍ഗ്രസ് പാളയമാക്കി. 1991ലും 1996ലും രമേശ് ചെന്നിത്തല വിജയം ആവര്‍ത്തിച്ചു. രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്താന്‍ ഉറച്ച് വീണ്ടും സി പി എം പുതിയ രാഷ്ട്രീയ തന്ത്രങ്ങളുമായി രംഗത്തെത്തി. 1989ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തല തോല്‍പ്പിച്ച കെ സുരേഷ് കുറുപ്പ് തന്നെ 1998ല്‍ അദ്ദേഹത്തെ മലര്‍ത്തിയടിച്ചു. ആ വിജയത്തോടെ പിന്നീട് കോട്ടയം മണ്ഡലത്തില്‍ സുരേഷ് കുറുപ്പിന്റെ പടയോട്ടമായിരുന്നു. 1999, 2004ലും സുരേഷ് കുറുപ്പ് നിഷ്പ്രയാസം കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി. 2004ല്‍ കുറുപ്പിനോട് തോറ്റത് ആകട്ടെ ആന്റോ ആന്റണിയായിരുന്നു.

കോണ്‍ഗ്രസിന് തുടര്‍ച്ചയായ പരാജയം ഉണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് വീണ്ടും രംഗപ്രവേശനം ചെയ്തു. 2009ല്‍ ജോസ് കെ മാണി കോട്ടയം മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ സി പി എം സ്ഥാനാര്‍ഥിയായി കെ സുരേഷ് കുറുപ്പും ബി ജെ പി സാരഥിയായി നാരായണന്‍ നമ്പൂതിരിയും മത്സര രംഗത്തെത്തി.
മാണി ഗ്രൂപ്പിന്റെ അഭിമാന പോരാട്ടമായിരുന്ന ആ തിരഞ്ഞെടുപ്പില്‍ സുരേഷ് കുറുപ്പിന് രണ്ടാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സുരേഷ് കുറുപ്പിനെക്കാള്‍ 70,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോസ് കെ മാണി ഒന്നാം സ്ഥാനത്തെത്തി. 2014ലും കേരള കോണ്‍ഗ്രസ് എം വിജയം ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ജോസ് കെ മാണി തന്നെ മത്സരിച്ചു. എന്നാല്‍ അപ്പോള്‍ സി പി എം നേരിട്ട് മത്സരരംഗത്തിറങ്ങാതെ ജനതാദള്‍ എസ് നേതാവ് മാത്യു ടി തോമസിനെ രംഗത്തിറക്കി. 2009ല്‍ ലഭിച്ച 404,962 വോട്ടുകളെക്കാള്‍ 2014ല്‍ 424,194 വോട്ടുകള്‍ കൂടുതല്‍ നേടിയാണ് ജോസ് കെ മാണി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍ പോലും കോട്ടയം മണ്ഡലത്തില്‍ പറയത്തക്ക ഇളക്കമുണ്ടാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ കോട്ടയത്ത് സ്വാധീനം ഉറപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം. അങ്ങനെ ബി ജെ പി നേടുന്ന വോട്ടുകള്‍ ഏത് മുന്നണിക്കാണ് ക്ഷീണം ചെയ്യുകയെന്നത് പ്രവചനാതീതമാണ്. കേരള കോണ്‍ഗ്രസ് സ്ഥാപകന്‍ പി ടി ചാക്കോയുടെ മകന്‍ പി സി തോമസിനെ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി.

ശബരിമല വിഷയത്തില്‍ ഇടപെടല്‍ നടത്തിയ എന്‍ ഡി എ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസിന് തന്നെ കോട്ടയം വിട്ടുകൊടുത്തതും രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ്. മാത്രമല്ല മുവാറ്റുപുഴയില്‍ മത്സരിച്ച പി സി തോമസ് ജോസ് കെ മാണിയെ പരാജയപ്പെടുത്തിയ ചരിത്രവും ഉണ്ട്. 76,000 വോട്ട് ഭൂരിപക്ഷം നേടിയാണ് ജോസ് കെ മാണിയെ അദ്ദേഹം പരാജയപ്പെടുത്തിയത്.

2014 ലായിരുന്നു കോട്ടയം മണ്ഡലം പുനര്‍നിര്‍ണയം നടന്നത്. പഴയ കോട്ടയത്തിന്റെ ഭാഗമായിരുന്ന കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും പത്തനംതിട്ടയിലേക്ക് പോയി. പകരം ഉറച്ച യു ഡി എഫ് കോട്ടയായ എറണാകുളത്തെ പിറവം കോട്ടയത്തെത്തി. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, ഏറ്റുമാനൂര്‍, പിറവം, വൈക്കം എന്നീ നിയമസഭാ മണ്ഡലങ്ങളാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലുള്ളത്. ഇതില്‍ ഏറ്റുമാനൂറും വൈക്കവും ഇടതുപക്ഷം വിജയിച്ച് വരുന്ന മണ്ഡലങ്ങളാണ്.

കേരള കോണ്‍ഗ്രസിന്റെ പിറവിക്കും പടലപ്പിണക്കങ്ങള്‍ക്കും വേദിയായ കോട്ടയത്ത് ഇന്നും ഇവര്‍ക്ക് ശക്തമായ വോട്ട് ബേങ്ക് ഉണ്ട.് മണ്ഡല പുനര്‍നിര്‍ണയ ശേഷം ക്രിസ്ത്യന്‍ സമുദായത്തിന് വോട്ട് വര്‍ധിച്ച മണ്ഡലമാണ് കോട്ടയം. ചങ്ങനാശേരി നിയമസഭാമണ്ഡലം മാവേലിക്കരയിലേക്ക് പോയതോടെ നായര്‍ വിഭാഗം വോട്ടുകള്‍ ഗണ്യമായി കുറഞ്ഞു. സുരേഷ് കുറുപ്പ് മത്സരിച്ച സമയത്തെല്ലാം ചങ്ങനാശേരി ആയിരുന്നു കുറുപ്പിനെ ലീഡ് ചെയ്യിപ്പിച്ച മണ്ഡലം.

ബി ജെ പിക്ക് കാര്യമായ വോട്ട് സംഭാവന നല്‍കാന്‍ കഴിയാത്ത മണ്ഡലം കൂടിയാണ് കോട്ടയം. യു ഡി എഫ് കേരള കോണ്‍ഗ്രസിനായി നീക്കിവെച്ചിരിക്കുന്ന ഏക സീറ്റാണ് കോട്ടയം. മാണിജോസഫ് വിഭാഗങ്ങള്‍ സീറ്റിനായി അവകാശവാദമുന്നയിക്കുന്നത് കോട്ടയം സീറ്റിനെ ദേശീയ തലത്തില്‍തന്നെ ശ്രദ്ധാകേന്ദ്രം ആക്കുന്നുണ്ട്. ഇടതുപക്ഷത്ത് ജനതാദള്‍ വര്‍ഷങ്ങളായി മത്സരിക്കുന്ന മണ്ഡലമാണ് കോട്ടയം. എന്നാല്‍ ഇത്തവണ സി പി എം സീറ്റ് ഏറ്റെടുക്കുമെന്ന സൂചനയുണ്ട്. അങ്ങനെ വന്നാല്‍ വീണ്ടുമൊരിക്കല്‍ക്കൂടി സുരേഷ് കുറുപ്പിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കാനാകും പാര്‍ട്ടിയുടെ നീക്കം.

Latest