Connect with us

Business

ബിസിനസ് സംരംഭങ്ങൾക്ക് പ്രോത്സാഹനവുമായി റാക്  ഡി ഇ  ഡി

Published

|

Last Updated

റാസ് അൽ ഖൈമ: വൈവിധ്യവത്കരണത്തിലൂടെ ഉല്പാദന ഉപഭോക്തൃ മേഖലക്ക് പിന്തുണ നൽകി സാമ്പത്തിക വളർച്ച സാധ്യമാക്കാനാണ് റാസ് അൽ ഖൈമ ഡിപാർട്‌മെന്റ് ഓഫ് എകണോമിക് ഡവലപ്‌മെന്റ് ശ്രമിക്കുന്നതെന്ന് ഡയറക്ടർ ജനറൽ ഡോ. അബ്ദുർറഹ്മാൻ അൽ നഖ്ബി വ്യക്തമാക്കി. സിറാജ് മജ്‌ലിസിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉൽപാദന മേഖലക്ക് ഉയർന്ന തരത്തിലുള്ള പ്രോത്സാഹനമാണ് റാക് ഡി ഇ ഡി നൽകിവരുന്നത്. ഇതിലൂടെ ജി ഡി പിക്ക് 26 ശതമാനം സംഭാവന നൽകുകയും ഉയർന്ന സാമ്പത്തിക സ്ഥാനത്ത് എമിറേറ്റിനെ എത്തിക്കുകയുമാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

റാസ് അൽ ഖൈമയിലെ ജനങ്ങളുടെ എല്ലാ വിധത്തിലുമുള്ള സന്തുഷ്ടിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് റാക് ഡി ഇ ഡി നടത്തുന്നത്. എമിറേറ്റിന്റെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിച്ചുകൊണ്ടും പുതുതലമുറക്ക് ഭാവി ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുണ്ടാക്കുകയും പാരിസ്ഥിതിക സൗഹൃദ പദ്ധതികളിലൂടെ സുസ്ഥിര പുരോഗതി ഉണ്ടാക്കുകയുമാണ് ഡി ഇ ഡി നയം.
റാസ് അൽ ഖൈമയിൽ ലൈസൻസുകൾ അനുവദിക്കുന്നതിൽ കഴിഞ്ഞ വർഷത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018ൽ പുതുക്കുന്നതും പുതിയതുമായ 17,900 ലൈസൻസുകളാണ് ഇഷ്യൂ ചെയ്തത്. 2015ൽ ഇത് 17,200 ആയിരുന്നു. 4.1 ശതമാനമാണ് വർധനവ്.
കഴിഞ്ഞ വർഷം ബിസിനസ് സ്ഥാപനങ്ങൾക്ക് സഹായകരമാകുന്ന 12 തരത്തിലുള്ള പ്രോത്സാഹന പദ്ധതികളും സൗകര്യങ്ങളും ഏർപെടുത്തിയിട്ടുണ്ട്.
വീടുകളിൽ നിന്ന് പ്രവർത്തനം നടത്താവുന്ന ലൈസൻസുകൾ 234 എണ്ണം അനുവദിച്ചിരുന്നു. ഇതിൽ നേരത്തേ 12 ആക്ടിവിറ്റികളാണ് ഉൾപെടുത്തിയിരുന്നത്. കഴിഞ്ഞ വർഷം ഇവയുടെ എണ്ണം 34 ആക്കിയിട്ടുണ്ട്. വീടുകളിൽ നിന്ന് ചെയ്യാവുന്ന പ്രവർത്തികളുടെ ലൈസൻസിന് ആദ്യ മൂന്ന് വർഷം ലൈസൻസ് ഫീ ഈടാക്കുന്നില്ല. ഇതിനു ശേഷം പ്രൊജക്ട് ഉടമക്ക് വീടിനു പുറത്ത് കമ്പനി തുറക്കാനാവും.
ഒരിടത്ത് ഒന്നിൽ കൂടുതൽ ലൈസൻസ് അനുവദിക്കുക, എക്‌സ്പയർ ആയ ലൈസൻസ് പുതുക്കുന്നതിന് 90 ദിവസത്തെ ഗ്രേസ് പിരീയഡ് അനുവദിക്കുക, റാസ് അൽ ഖൈമക്ക് പുറത്തുള്ള കമ്പനികൾക്ക് ആദ്യ വർഷം ഓഫീസ് സൗകര്യമില്ലാതെ ലൈസൻസ് കൊടുക്കുക, ലൈസൻസിൽ അധിക ആക്ടിവിറ്റി അനുവദിക്കുക, വാണിജ്യ സ്ഥാപനങ്ങൾക്ക് പുലർച്ചെ രണ്ട് മണി വരെ പ്രവൃത്തി സമയം വർധിപ്പിക്കുന്നത് ഒഴിവാക്കൽ, വിർച്വൽ ട്രേഡ് ആരംഭിക്കുന്നതിന് അനുമതി, സാമ്പത്തിക ലൈസൻസുകൾ അനുവദിക്കുന്നതിന് ചില വിഭാഗങ്ങൾക്ക് സൈറ്റ് പരിശോധന ഇല്ലാതാക്കുക, അൽ ഗാദ് സംരംഭങ്ങളിൽ യുവജനങ്ങൾക്ക് പദ്ധതികൾക്കായി 35 ലക്ഷം ദിർഹമിന്റെ സാമ്പത്തിക സഹായം തുടങ്ങിയവയിലൂടെ നിക്ഷേപകരെ എമിറേറ്റിലേക്ക് ആകർഷിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തുന്നത്.
പരമ്പരാഗത രീതി അവലംബിക്കുന്നതിന് പകരം സ്മാർട് സേവനങ്ങളും ഇ-സേവനങ്ങളും കൂടുതലായി വികസിപ്പിച്ചിട്ടുണ്ട്. ഹെഡ് ഓഫീസിൽ കസ്റ്റമർ ഹാപ്പിനസ് സെന്റർ തുറന്നു. ഇത്തരം പദ്ധതികൾ രൂപപ്പെടുത്തിയതിലൂടെ ലൈസൻസ് ലഭിക്കുന്നതിനുള്ള സമയം കുറച്ചുകൊണ്ടുവരാനായി. നേരത്തേ 26 മിനിറ്റ് വേണ്ടി വന്നിടത്ത് 17 മിനിറ്റിലേക്ക് ഇത് ചുരുങ്ങി. റാക് ഡി ഇ ഡിയുടെ ഇരുപത് ശതമാനം സേവനങ്ങൾ നിലവിൽ ഓൺലൈൻ വഴി നിർവഹിക്കാനാവും. കഴിഞ്ഞ വർഷം ഇടപാടുകളുടെ 53 ശതമാനം ഇത്തരം ആധുനിക സംവിധാനത്തിലൂടെ നടത്തുകയുണ്ടായി.
റാസ് അൽ ഖൈമ ഇലക്‌ട്രോണിക് ഗവൺമെന്റ് അതോറിറ്റിയുമായി ചേർന്ന് ലൈസൻസുകളും പെർമിറ്റുകളും നൽകുന്നതിന് വ്യവസ്ഥാപിതമായ ഇലക്‌ട്രോണിക് സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്. ഫെഡറൽ, ലോക്കൽ, സെമി ഗവൺമെന്റ് സ്ഥാപനങ്ങൾ നൽകുന്ന എല്ലാ സേവനങ്ങളും ലഭ്യമാക്കുന്നതിനുള്ള രീതിയും പരിശോധനാ രീതിയും ഏകീകരിച്ചിട്ടുണ്ട്. ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാവിധത്തിലുമുള്ള സൗകര്യവും ഒരുക്കുക എന്നതാണ് റാക് ഡി ഇ ഡി കൈക്കൊള്ളുന്ന നിലപാട്.
ഇത്തരം സമീപനങ്ങളിലൂടെ പുതിയ വെല്ലുവിളികളെ നേരിടുന്നതിന് റാക് ഡി ഇ ഡി സജ്ജമാണ്. ചെറുകിട സംരംഭങ്ങൾക്ക് മികച്ച പിന്തുണ നൽകി എമിറേറ്റിന്റെ സാമ്പത്തിക ഉന്നതി സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ അവരുമായി കൂടുതൽ അടുപ്പവും ബന്ധവും സൂക്ഷിക്കുന്നതിനും ശ്രമിക്കുന്നുണ്ട്. അവരുടെ ഉല്പന്നങ്ങൾ പ്രാദേശിക അന്തർദേശീയ വിപണിയിലെത്തിക്കുന്നതിനുള്ള വേണ്ട സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
ബിസിനസ് സംരംഭങ്ങൾ തുടങ്ങാനും മുന്നോട്ടു കൊണ്ടുപോവുന്നതിനും സ്വകാര്യ മേഖലക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ട്. റാസ് അൽ ഖൈമ ഡി ഇ ഡിയിലോ റാകെസ് ഫ്രീസോണിലോ അവർക്ക് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാവുന്നതാണ്. വിപണിയെ ആരോഗ്യകരമായ മാത്സര്യവും പുതുമയും സൃഷ്ടിക്കാൻ പര്യാപ്തമാക്കുകയും തദ്ദേശീയർക്ക് ബിസിനസ് സംരംഭങ്ങൾ നന്നായി മുന്നോട്ടുകൊണ്ടുപോകുന്നതിനും റാക് ഡി ഇ ഡി പ്രതിജ്ഞാബദ്ധമാണ്.
ലൈസൻസ് ഉടമകൾക്കുണ്ടാകുന്ന പരാതികൾ പരിഹരിക്കാൻ മികച്ച ശ്രമങ്ങൾ നടക്കുന്നു. അതിനായി പ്രത്യേക ലീഗൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. 2018ൽ കമ്മിറ്റി 1,299 പരാതികൾ സ്വീകരിക്കുകയും ഫെഡറൽ, ലോക്കൽ നിയമങ്ങൾക്കും നിബന്ധനകൾക്കും വിധേയമായി പരിഹരിക്കുകയും ചെയ്തു.
ഉപഭോക്താക്കളുടെ താല്പര്യ സംരക്ഷണത്തിന് പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ട്. 2018ൽ ഉപഭോക്താക്കളിൽ നിന്ന് 919 പരാതികൾ ലഭിക്കുകയുണ്ടായി. അവയിൽ ഭൂരിപക്ഷവും ഇരുവിഭാഗവും തമ്മിൽ ധാരണയിലെത്തി പരിഹരിക്കാൻ ആവശ്യമായത് ചെയ്തു. മറ്റുള്ളവ കോടതിയിലേക്കോ അനുബന്ധ സെക്ഷനുകളിലേക്കോ മാറ്റിയിട്ടുണ്ട്. ഡോ. അബ്ദുർറഹ്മാൻ അൽ ശൈഖ് വിശദീകരിച്ചു. റാക് ഡി ഇ ഡി സാമ്പത്തിക ഉപദേഷ്ടാവ് അബ്ദുൽ ഹലീം ഇബ്‌റാഹീം മുഹ്‌സിൻ, സിറാജ് ഗൾഫ് ജനറൽ മാനേജർ ശരീഫ് കാരശ്ശേരി, അഡ്മിൻ മാനേജർ അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഡയറക്ടർ സമീർ അവേലം സംബന്ധിച്ചു.

Latest