രണ്ടാമതും ഇംഗ്ലണ്ടിനെ തകര്‍ത്തു; പരമ്പര നേടി ഇന്ത്യന്‍ വനിതകള്‍

Posted on: February 25, 2019 9:16 pm | Last updated: February 25, 2019 at 9:16 pm

മുംബൈ: ഇംഗ്ലണ്ടിനെതിരായ വനിതാ ക്രിക്കറ്റ് പരമ്പര ഇന്ത്യക്ക്. രണ്ടാം ഏകദിനത്തില്‍ ഏഴു വിക്കറ്റിന് സന്ദര്‍ശകരെ തകര്‍ത്തുവിട്ടാണ് മൂന്നു ഏകദിനങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയത് (2-0).

മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 161 റണ്‍സിന് ഇംഗ്ലണ്ട് പുറത്തായി. 10 ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയ ശിഖ പാണ്ഡെയും, 8.3 ഓവറില്‍ 30 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത ജുലന്‍ ഗോസ്വാമിയും ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. പൂനം യാദവിന്റെ രണ്ടു വിക്കറ്റ് നേട്ടവും ശ്രദ്ധേയമായി.

109 പന്തില്‍ നിന്ന് 85 റണ്‍സെടുത്ത നതാലി സീവറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. 12 ബൗണ്ടറിയും ഒരു സിക്‌സും നതാലിയുടെ ഇന്നിംഗ്‌സില്‍ പിറന്നു. യഥാക്രമം ഓപ്പണര്‍ ടാമി ബ്യുമൂണ്ട്, ലോറന്‍ വിന്‍ഫീല്‍ഡ് എന്നിവര്‍ 20ഉം 28ഉം റണ്‍സ് നേടി.

53 പന്തുകള്‍ ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഇന്ത്യ വിജയം കൊയ്തത്. സ്മൃതി മന്ദാന 74 പന്തില്‍ നേടിയ 63ഉം മിതാലിരാജ് പുറത്താകാതെ അടിച്ചെടുത്ത 69 പന്തിലെ 47ഉം ഇന്ത്യന്‍ ബാറ്റിംഗില്‍ നിര്‍ണായകമായി. പൂനം റാവത്ത് 32 റണ്‍സെടുത്തു.