ആലപ്പുഴ: പുന്നപ്ര-വയലാറിന്റെയും വിമോചന സമരത്തിന്റെയും വിപ്ലവ വീര്യം കാത്ത് സൂക്ഷിക്കുന്ന ചരിത്ര ഭൂമികയാണ് ആലപ്പുഴ. ആരെയും വെറുപ്പിക്കാത്ത, എല്ലാവർക്കും അവസരങ്ങൾ നൽകി, പോരായ്മകൾ കണ്ടാൽ എത്ര വമ്പനെയും വീഴ്ത്താൻ മടിയില്ലാത്ത ചരിത്രവും ആലപ്പുഴക്കുണ്ട്. രാഷ്ട്രീയ പ്രബുദ്ധതയിൽ ഏറെ മുന്നിലായ ആലപ്പുഴക്കാർ എന്തിനെയും രാഷ്ട്രീയ കോണുകളിലൂടെ അളന്നു തൂക്കുന്നത് നാടിന്റെ വികസനത്തെ തന്നെ പലപ്പോഴും പിന്നോട്ടടിപ്പിക്കുന്നുവെന്ന് വിലയിരുത്തുന്ന വലിയൊരു ജനവിഭാഗവും ഇവിടെയുണ്ട്. 1977ലാണ് ആലപ്പുഴയുടെ പേരിൽ ലോക്സഭാ മണ്ഡലം നിലവിൽ വരുന്നത്. മണ്ഡല പുനർനിർണയത്തോടെ നടന്ന 2014ലെ ആദ്യ തിരഞ്ഞെടുപ്പോടെ ആലപ്പുഴ സമ്പൂർണ തീരദേശ മണ്ഡലമായി. സംസ്ഥാനത്ത് തന്നെ ഏറ്റവുമധികം തീരദേശമുള്ള ജില്ലയായ ആലപ്പുഴയും കടന്ന് കൊല്ലം ജില്ലയുടെ ഭാഗമായ കരുനാഗപ്പള്ളി കൂടി കൂട്ടിച്ചേർക്കപ്പെട്ടതോടെ ആലപ്പുഴ ലോക്സഭാ മണ്ഡലം സംസ്ഥാനത്തെ ഏറ്റവും വലിയ തീരദേശ മണ്ഡലവുമായി.
പരമ്പരാഗത മത്സ്യത്തൊഴിലാളികളും കയർ, കശുവണ്ടി തുടങ്ങിയ പരമ്പരാഗത വ്യവസായ മേഖലയിൽ പണിയെടുക്കുന്നവരും പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളും നിർണായക ശക്തിയാണ് ഈ മണ്ഡലത്തിൽ. പുതുവത്സര ദിനത്തിലെ വനിതാ മതിലിൽ ഏറ്റവുമധികം പേർ പങ്കാളികളായത് ഈ തീരദേശ മണ്ഡലത്തിലാണ്. എസ് എൻ ഡി പി യോഗത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ബി ഡി ജെ എസ്, എൻ ഡി എ ഘടകകക്ഷിയാണെങ്കിലും വനിതാമതിലിന്റ സംഘാടക സമിതി ചെയർമാൻ എന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ സംസ്ഥാന സർക്കാറിനോടൊപ്പാണ്. ബി ഡി ജെ എസിന്റെ പ്രധാന ശക്തികേന്ദ്രമായ ഇവിടെ അദ്ദേഹത്തിന്റ നിലപാടുകൾനിർണായകമാണ്.
1977 മുതൽ ഇങ്ങോട്ടുള്ള മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആലപ്പുഴയുടെ മനസ്സകം കീഴടക്കിയത് വലതു ജനാധിപത്യ ചേരിയാണ്. അതേസമയം, കന്നിക്കാരെയിറക്കി വന്മരങ്ങളെ കടപുഴക്കിയ ചരിത്രവും ഈ തീരദേശ മണ്ഡലത്തിന് സ്വന്തമാണ്.
1977ന് മുമ്പ് അമ്പലപ്പുഴയുടെ പേരിലായിരുന്നു ലോക്‌സഭാ മണ്ഡലം. 1957 മുതൽ 1971 വരെയുള്ള നാല് തിരഞ്ഞെടുപ്പുകളിൽ അമ്പലപ്പുഴ മണ്ഡലം നില നിന്നു. പിന്നീടിത് ആലപ്പുഴയുടെ പേരിലായി. ഐക്യ കേരളം നിലവിൽ വരും മുമ്പ് തിരുവിതാംകൂറിന്റെ ഭാഗമായിരുന്നു ആലപ്പുഴ. 1951ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എ പി ഉദയഭാനുവിനെ തോൽപ്പിച്ച് സ്വതന്ത്രനായി മത്സരിച്ച പി ടി പുന്നൂസ് 76,380 വോട്ടുകൾക്ക് വിജയിച്ചു. കേരളപ്പിറവിക്ക് ശേഷം 1957ലെ ആദ്യ തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി നേതാവായ പി ടി പുന്നൂസും കോൺഗ്രസ് നേതാവ് കെ പി എം ശരീഫും തമ്മിലായിരുന്നു പോരാട്ടം. 4,31,468 പേരായിരുന്നു ആകെ വോട്ടർമാർ. 30,195 വോട്ടുകൾക്ക് പി ടി പുന്നൂസ് വിജയിച്ച് ലോക്സഭയിലെത്തി.1962ലെ തിരഞ്ഞെടുപ്പിൽ സി പി ഐ നേതാവ് പി കെ വിയെയും 1967ലെ തിരഞ്ഞെടുപ്പിൽ സി പി എമ്മിലെ സുശീലാ ഗോപാലനെയും ലോക്സഭയിലെത്തിച്ച അമ്പലപ്പുഴ, 1971ലെത്തിയപ്പോൾ കോൺഗ്രസിനൊപ്പമായി. സുശീലാഗോപാലനെ 25,918 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കോൺഗ്രസിലെ കെ ബാലകൃഷ്ണൻ അമ്പലപ്പുഴയുടെ സാരഥിയായത്.
1977ൽ അടിയന്തരാവസ്ഥയെ തുടർന്ന് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വി എം സുധീരനാണ് ആലപ്പുഴയുടെ പേരിലുള്ള മണ്ഡലത്തിൽ ആദ്യ പോരാട്ടത്തിന് കോൺഗ്രസ് സ്ഥാനാർഥിയായെത്തിയത്. സി പി എമ്മിന്റെ പ്രമുഖ നേതാവ് ഇ ബാലാനന്ദനെ 64,016 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വി എം സുധീരൻ മുട്ടുകുത്തിച്ചു. 1980ലെ തിരഞ്ഞെടുപ്പിൽ എ കെ ജിയുടെ സഹധർമിണി സുശീലാ ഗോപാലൻ ആലപ്പുഴയിലെത്തിയപ്പോൾ ചരിത്ര വിജയം നേടി. സുശീലയുടെ ഭൂരിപക്ഷത്തിന്റെ റെക്കോർഡ് ഇന്നേവരെ ആരും തകർത്തിട്ടില്ല. 1,14,764 വോട്ടുകൾക്കാണ് അവർ ജനതാ പാർട്ടിയുടെ ഓമനപ്പിള്ളയെ പരാജയപ്പെടുത്തിയത്.
1984ൽ പക്ഷേ, സുശീല കോൺഗ്രസിലെ വക്കം പുരുഷോത്തമനോട് പരാജയം സമ്മതിച്ചു. 1989ലും വക്കത്തിനൊപ്പം നിന്ന ആലപ്പുഴയിലെ വോട്ടർമാർ 1991ലെത്തിയപ്പോൾ കന്നിയങ്കത്തിനെത്തിയ സി പി എമ്മിലെ ടി ജെ ആഞ്ചലോസിനെ തുണച്ചു. 14,075 വോട്ടുകൾക്കാണ് ആഞ്ചലോസ് വക്കത്തെ പരാജയപ്പെടുത്തിയത്. 1996ലെ തിരഞ്ഞെടുപ്പിൽ വി എം സുധീരന്റെ രണ്ടാം വരവിൽ ആഞ്ചലോസിന് പിടിച്ചുനിൽക്കാനായില്ല. 1998ൽ സി എസ് സുജാതയെയും 1999ൽ സിനിമാ നടൻ മുരളിയെയും സി പി എം രംഗത്തിറക്കിയെങ്കിലും സുധീരനെ തളക്കാനായില്ല. 2004ൽ പക്ഷെ, ഡോ കെ എസ് മനോജിനെ ഇറക്കി ഇടതുപക്ഷം ആലപ്പുഴയെ തങ്ങൾക്കൊപ്പം നിർത്തി. നിസ്സാരമായ വോട്ടുകൾക്കാണ്(1009) മനോജ്, വി എം സുധീരനെ പരാജയപ്പെടുത്തിയത്.
2009ഓടെ മത്സര രംഗം വിട്ട സുധീരന് പകരക്കാരനായി കോൺഗ്രസ് കണ്ടെത്തിയത് ആലപ്പുഴ നിയമസഭാംഗമായിരുന്ന കെ സി വേണുഗോപാലിനെയായിരുന്നു. ഡോ കെ എസ് മനോജിനെ രണ്ടാം തവണയും സി പി എം കളത്തിലിറക്കിയെങ്കിലും ആലപ്പുഴയുടെ മനസ്സ് കെ സി വേണുഗോപാലിനൊപ്പമായി. 57,635 വോട്ടുകൾക്കാണ് കെ സി വേണുഗോപാൽ വിജയിച്ചത്. 2014ലെ തിരഞ്ഞെടുപ്പിൽ പഴയ എതിരാളി ഡോ കെ എസ് മനോജ് കെ സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുന്ന കാഴ്ചയാണ് കണ്ടത്. കേന്ദ്ര മന്ത്രിയായിരിക്കെ നടന്ന തിരഞ്ഞെടുപ്പിൽ ഒരിക്കൽ കൂടി ആലപ്പുഴയുടെ മണ്ണിൽ വിജയക്കൊടി പാറിച്ച കെ സിക്ക് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി കൂടിയായിരുന്നു 2014ലെ തിരഞ്ഞെടുപ്പ്.
കെ സിക്കെതിരെ അപരനെയിറക്കി പരീക്ഷിച്ച സി പി എമ്മിന് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചു. സി പി എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവായിരുന്നു കെ സിയുടെ എതിരാളി.
2009ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 38,228 വോട്ടിന്റെ കുറവാണ് കെ സിയുടെ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായത്.
19,407 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2014ലെ തിരഞ്ഞെടുപ്പിൽ കെ സി വിജയം ആവർത്തിച്ചത്.
പാർട്ടിക്ക് കേന്ദ്രത്തിൽ അധികാരം നഷ്ടപ്പെട്ടെങ്കിലും പാർലിമെന്റിൽ കോൺഗ്രസിന്റെ ശബ്ദമാകാൻ കെ സിക്കായതോടെ ഉന്നത സ്ഥാനങ്ങളും ദൗത്യങ്ങളുമേൽപ്പിച്ച് കോൺഗ്രസ് അധ്യക്ഷനൊപ്പം നിർത്തിയിരിക്കുകയാണ് അദ്ദേഹത്തെ. ഇനിയുമൊരു അങ്കത്തിന് ആലപ്പുഴയുടെ മണ്ണിൽ കെ സിക്ക് ഒട്ടും മടിയില്ല. പക്ഷേ, പാർട്ടി മറ്റ് ദൗത്യങ്ങളേറ്റെടുക്കാൻ നിർബന്ധിച്ചാൽ മത്സര രംഗത്തുണ്ടാകില്ല.
അതേസമയം, തനിക്ക് പകരക്കാരനെ കണ്ടെത്തി നൽകുക അദ്ദേഹത്തിന് വെല്ലുവിളിയാണ്. ഇടതുപക്ഷമാകട്ടെ, എതിരാളിക്കൊത്ത പ്രമുഖ സ്ഥാനാർഥികളുടെ പട്ടിക തന്നെ തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് അറിയുന്നത്.