ജാതിയും ഗ്രാമവും ഇവിടെ വിധിപറയും

മണ്ഡല പര്യടനം-തിരുവനന്തപുരം
Posted on: February 24, 2019 8:42 pm | Last updated: February 24, 2019 at 9:49 pm

തലസ്ഥാനമെന്ന തലയെടുപ്പുണ്ട് തിരുവനന്തപുരത്തിന്. കേരളത്തിന്റെ ആസ്ഥാന മണ്ഡലം. രാഷ്ട്രീയം, മതം, ജാതി തുടങ്ങി ഒരു തിരഞ്ഞെടുപ്പ് കാലത്തെ ചർച്ചാ ചേരുവകളെല്ലാം സ്വാദോടെ രുചിക്കാവുന്നിടം. കേരള രാഷ്ട്രീയത്തിന്റെ ഉപശാലയാണിത്. പടിഞ്ഞാറ് നടന്നാൽ അറബിക്കടൽ കാണാം. മനോഹരമായ കോവളവും ശംഖുമുഖവും വിഴിഞ്ഞവും പൂവാറും കാഴ്ചയൊരുക്കുന്ന കടൽത്തീരം. കിഴക്ക് പോയാൽ കൊടും വനം. അവിടെ പൊന്മുടിയുടെ പ്രൗഢിയുണ്ട്. കള്ളിക്കാടും അമ്പൂരിയും ആര്യൻകോടുമെല്ലാം ചേരുന്ന വനപ്രദേശങ്ങൾ. വനം മാത്രമല്ല, വയലുണ്ട്. പുഴകളും അരുവികളും അണക്കെട്ടുകളുമുണ്ട്. ഈ ഗ്രാമങ്ങളാണ് നഗരത്തിന്റെ ദാഹം തീർക്കുന്നത്. ഇതെല്ലാം ചേർന്നാൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലമായി.

നഗരത്തിന്റെ തലക്കനം കണ്ട് ഇതാണ് തിരുവനന്തപുരമെന്ന് ധരിച്ചെങ്കിൽ തെറ്റി. ഗ്രാമീണ മേഖലയിലേക്കൊരു യാത്ര പോകണം. അവിടെയാണ് ഈ നാടിന്റെ ഹൃദയം. അടിസ്ഥാനവർഗമായ ആദിവാസികളെ കാണാം. ദളിതരും ന്യൂനപക്ഷങ്ങളും മറ്റു പിന്നാക്ക വിഭാഗങ്ങളുമെല്ലാം ഉണ്ട്. സമ്മർദ ഗ്രൂപ്പുകളല്ലാത്തതിനാൽ ജാതിസമവാക്യങ്ങളൊപ്പിച്ച് സ്ഥാനാർഥികളെ നിർത്തുന്നവർ ഇവരെയൊന്നും പരിഗണിക്കാറില്ലെന്ന് മാത്രം.
മണ്ഡലത്തിന്റെ ഒരറ്റം ചെന്നെത്തുന്നത് കേരള- തമിഴ്‌നാട് അതിർത്തിയായ കളിയിക്കാവിളയിൽ. നഗരത്തിൽ നിന്ന് 38 കിലോമീറ്റർ സഞ്ചരിച്ചാൽ മതി, തമിഴ്‌നാട്ടിലെത്താം. ഭൂപ്രദേശം കൊണ്ട് കേരളത്തോട് സാമ്യമുള്ള നാഗർകോവിലാണ് അതിർത്തി മണ്ഡലം. മറ്റൊന്ന് ആറ്റിങ്ങലും. തീരം ഏതാണ്ടെല്ലാം ടൂറിസം കേന്ദ്രങ്ങൾ. അതുമായി ബന്ധപ്പെട്ട് കഴിയുന്നവരാണേറെയും. മത്സ്യത്തൊഴിലാളികൾക്കും കുറവില്ല. വനവിഭവങ്ങൾ ശേഖരിക്കുന്നവർ മുതൽ ഐ ടി പാർക്ക് ഉദ്യോഗസ്ഥർ വരെ. കർഷകർ, തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ജോലി തേടിയെത്തി തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയവരും ഏറെയുണ്ട്. ഇവരൊക്കെയാണ് തിരുവനന്തപുരത്തെ വോട്ടർമാർ.

തിരുവനന്തപുരം സീറ്റിന്റെ കാര്യത്തിൽ നല്ല പ്രതീക്ഷയിൽ തന്നെയാണ് യു ഡി എഫ്. കരുത്തനെ ഇറക്കിയാൽ കളം പിടിക്കാമെന്ന തോന്നൽ ഇടതുമുന്നണിക്കുമുണ്ട്. ഇത്തവണ ജയം ഉറപ്പാണെന്ന് ബി ജെ പിയും ആണയിടുന്നു. പതിറ്റാണ്ട് ഒന്നായി തരൂർ ആണ് തിരഞ്ഞെടുപ്പ് കാലത്തെ തിരുവനന്തപുരത്തിന്റെ തലക്കെട്ട്. ഐക്യരാഷ്ട്ര സഭയിൽ അണ്ടർ സെക്രട്ടറിയും പിന്നെ സെക്രട്ടറി ജനറൽ സ്ഥാനാർഥിയുമൊക്കെയായിരുന്നതിനാൽ തിരഞ്ഞെടുപ്പ് കാലം തിരുവനന്തപുരം സീറ്റിന് അന്താരാഷ്ട്ര മാനം വരും. ബി ജെ പിയിലേക്ക് വഴുതിപ്പോകുമെന്ന് തോന്നിപ്പിക്കുന്ന മണ്ഡലത്തെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനോടും അതുവഴി മതേതര ചേരിയോടും ചേർത്ത് നിർത്തിയത് തരൂർ തന്നെ. ഇത്തവണയും കൈപ്പത്തിയിൽ വോട്ട് ചോദിക്കാനെത്തുക തരൂർ തന്നെയായിരിക്കും.

കേരളത്തിൽ നിന്നൊരു താമര. ബി ജെ പി സ്വപ്‌നം കാണാൻ തുടങ്ങിയിട്ട് വർഷങ്ങൾ പലതായി. പലവഴികൾ പരീക്ഷിച്ചു. 2014ൽ അമിത് ഷായും മോദിയും ഉറപ്പിച്ചതായിരുന്നു തിരുവനന്തപുരം. ഒ രാജഗോപാലിലൂടെ അക്കൗണ്ട് തുറക്കുമെന്ന് ആർ എസ് എസും ആണയിട്ടു. ഫലം വന്നപ്പോൾ സ്വപ്‌നം സ്വപ്‌നമായി അവശേഷിച്ചു. ഇത്തവണയും നേരത്തെ നിലമൊരുക്കി തുടങ്ങിയിട്ടുണ്ട് ബി ജെ പി. ശബരിമലക്കൊപ്പം പ്രതീക്ഷയുടെ മലചവിട്ടുകയാണ് സംഘ്പരിവാർ. അതിന് പ്രാപ്തനായൊരു സ്ഥാനാർഥിക്ക് വേണ്ടി അലയുകയാണവർ.

എൽ ഡി എഫിൽ സി പി ഐക്കാണ് തിരുവനന്തപുരം സീറ്റ്. കളത്തിലിറക്കാൻ കരുത്തനില്ലെന്നതാണ് അവരെ അലട്ടുന്നത്. പി കെ വാസുദേവൻ നായരും പന്ന്യൻ രവീന്ദ്രനുമെല്ലാം മുമ്പ് ഇവിടെ നിന്ന് പാർലമെന്റിലെത്തിയിട്ടുണ്ട്. ഇക്കുറി കൊല്ലം വാങ്ങി തിരുവനന്തപുരം കൊടുക്കാൻ സി പി ഐക്ക് ആഗ്രഹമുണ്ടെങ്കിലും സി പി എമ്മിന് ഇത് സമ്മതമല്ല. എന്തായാലും കാലം കുറച്ചായി തിരുവനന്തപുരത്തെ മത്സരം ത്രികോണമാണ്. ഇക്കുറിയും അങ്ങിനെ തന്നെയാകുമെന്നുറപ്പ്.

ശശി തരൂർ അല്ലാതെ മറ്റൊരു പേര് കോൺഗ്രസിന് മുന്നിലില്ല. ബി ജെ പിയും സി പി ഐയും സ്ഥാനാർഥിക്കായുള്ള ഓട്ടത്തിലാണ്. കഴിഞ്ഞ തവണ ബെന്നറ്റ് എബ്രഹാമിനെ ഇറക്കി കൈപൊള്ളിയ സി പി ഐ ഇത്തവണ കരുതലോടെയാണ് നീങ്ങുന്നത്. പാർട്ടിക്കാരൻ അല്ലെങ്കിൽ എല്ലാവർക്കും സ്വീകാര്യനായൊരു സ്വതന്ത്രൻ. ഇതാണ് സി പി ഐ പരിഗണിക്കുന്നത്. ചാരക്കേസിൽ രക്തസാക്ഷി പരിവേഷം ലഭിച്ച നമ്പി നാരായണൻ മുതൽ ദേശീയ നേതൃത്വത്തിലെ ആനിരാജ വരെയുണ്ട് സി പി ഐയുടെ പരിഗണനാപട്ടികയിൽ.
സ്വതന്ത്രനെ നിർത്തിയാൽ നന്നാകുമെന്ന ചിന്ത ബി ജെ പിക്കുമുണ്ട്. മോഹൻലാലിനെ ഇറക്കാൻ നോക്കിയെങ്കിലും അദ്ദേഹം പിന്മാറി. കുമ്മനം രാജശേഖരൻ മുതൽ രാജീവ് ചന്ദ്രശേഖർ വരെ പലപേരുകളും പരിഗണിക്കുന്നു.