സംസം വെള്ളം വിതരണം 5 ലിറ്ററാക്കി ചുരുക്കി

Posted on: February 24, 2019 6:57 pm | Last updated: February 24, 2019 at 6:57 pm

ദമ്മാം: ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കു വിതരണം ചെയ്യുന്ന സംസം വെളളം പത്ത് ലിറ്ററില്‍ നിന്നും 5 ലിറ്ററാക്കി ചുരുക്കിയതായി കിംഗ് അബ്ദുല്ല പ്രൊജക്റ്റ് സംസം ജല വിതരണ വിഭാഗം അറിയിച്ചു. വിഷന്‍ 2030 ന്റെ ഭാഗമായി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സംസം ജല വിതരണത്തിന്റെ അളവ് കുറക്കുന്നത്. വരും വര്‍ഷങ്ങളില്‍ തീര്‍ത്ഥാടകരുടെ എണ്ണം ക്രമാതീതമായി ക്കുമെന്നതിനാല്‍ എല്ലാ ഹജ്ജ് ഉംറ തീര്‍ത്ഥാടകര്‍ക്കും സംസം വിതരണം ഉറപ്പാക്കാനാണ് പുതിയ പദ്ദതി.

ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെയും മദീന വിമാനത്താവളത്തിലെയും എല്ലാ ടെര്‍മിനുകളിലും 5 ലിറ്റര്‍ വരുന്ന കാനുകളില്‍ സംസം കൊണ്ടു പോകുന്നതിന് വിമാന കമ്പനികളും വിമാനത്താവളധികൃതരുമായും ബന്ദപ്പെട്ട് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
മക്കയിലും മറ്റു സംസം വില്‍പന നടത്തുന്നവരില്‍ നിന്നും സംസം വാങ്ങരുതെന്നും പകരം സംസം വിതരണ കേന്ദ്രത്തില്‍ നിന്നും തന്നെ സംസം ശേഖരിക്കണമെന്നും കമ്പനി നിര്‍ദേശിച്ചു.