ഷൂട്ടിംഗ് ലോകകപ്പ്: ഇന്ത്യക്കായി റെക്കോഡ് നേട്ടത്തോടെ സ്വര്‍ണം കൊയ്ത് സൗരഭ് ചൗധരി

Posted on: February 24, 2019 4:57 pm | Last updated: February 24, 2019 at 6:12 pm

ന്യൂഡല്‍ഹി: ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ലോകകപ്പില്‍ സ്വര്‍ണം കൊയ്ത് സൗരഭ് ചൗധരി. ഡല്‍ഹി ഡോ. കര്‍ണി സിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലാണ് 245.0 എന്ന റെക്കോഡ് സ്‌കോറോടെ സൗരഭ് സ്വര്‍ണം സ്വന്തമാക്കിയത്. സെര്‍ബിയയുടെ ഡാമിര്‍ മൈക്കിനെയാണ് മറികടന്നത്.

ഇതോടെ ടൂര്‍ണമെന്റില്‍ ഈ ഇനത്തില്‍ ഇന്ത്യക്കു രണ്ടു സ്വര്‍ണമായി. ശനിയാഴ്ച വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേല റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.

നേരത്തെ യൂത്ത് ഒളിമ്പിക്‌സിലും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ജൂനിയര്‍ വിഭാഗത്തില്‍ സൗരഭ് സ്വര്‍ണം നേടിയിട്ടുണ്ട്. സീനിയര്‍ തലത്തില്‍ സൗരഭിന്റെ ആദ്യ സ്വര്‍ണ നേട്ടമാണിത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജൂനിയര്‍ തലത്തിലെ റെക്കോഡും മീററ്റിനടുത്തുള്ള കലീന സ്വദേശിയായ സൗരഭ് തന്റെ പേരില്‍ കുറിച്ചിട്ടുണ്ട്.