എന്താണ് നോ…ഗോ…ടെല്‍? അത് എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്?

Posted on: February 24, 2019 2:06 pm | Last updated: February 24, 2019 at 4:23 pm


കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെടുന്നത് വര്‍ധിച്ചു വരികയാണ്. ഇക്കാര്യത്തില്‍ കുട്ടികള്‍ സ്വയം അറിഞ്ഞിരിക്കേണ്ട ചില മുന്‍കരുതലുകളും ആവശ്യമാണ്.
തനിക്ക് നേരെയുണ്ടായത് ലൈംഗിക അതിക്രമം ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഉണ്ടാക്കി എടുക്കുക എന്നതാണ് പ്രധാനം.
‘നോ..ഗോ..ടെല്‍’ ഈ വാചകം ആണ് കുട്ടികള്‍ ലൈംഗിക ചൂഷണത്തില്‍ നിന്നും സ്വയം രക്ഷ നേടാന്‍ ഉപകാരപ്രദമായ ഏറ്റവും നല്ല പോംവഴി..

എന്താണ് നോ…ഗോ…ടെല്‍? അത് എങ്ങനെയാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്?

ആദ്യവാചകം ആയ ‘നോ’ അതായത് ‘അരുത്’ എന്ന് പറയാന്‍ കുട്ടികളെ പ്രാപ്തരാക്കണം..
കുട്ടികളെ കണ്ട് ലൈംഗിക ആകര്‍ഷണം ഉളവാക്കുന്നവര്‍ ആദ്യം കുട്ടികളുടെ ശരീരഭാഗങ്ങളില്‍ അനാവശ്യമായി തലോടിയാണ് അവരുടെ പ്രക്രിയകള്‍ക്ക് തുടക്കം കുറിക്കുക.
പക്ഷേ അരുത് എന്ന് പറഞ്ഞ് അയാളെ തട്ടി മാറ്റാന്‍ ഭയം കാരണം പല കുട്ടികളും തയ്യാറാകുന്നില്ല.
ശരീരഭാഗങ്ങളില്‍ തൊടാന്‍ ആരെയും അനുവദിക്കരുതെന്ന് കുട്ടികളെ പഠിപ്പിക്കുക. ഒരാള്‍ ചൂഷണ ഉദ്ദേശത്തോടെ ഇടപെടുന്നതിന്റെ സൂചനകള്‍ എന്തൊക്കെയാണെന്ന് പ്രായത്തിനനുസൃതമായി കുട്ടികള്‍ അറിഞ്ഞിരിക്കണം. കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിക്കാനിടവന്നാല്‍ ഓടിമാറണമെന്നും അക്കാര്യം മാതാപിതാക്കളെ ധരിപ്പിക്കണമെന്നും കുട്ടികളോട് നിഷ്‌ക്കര്‍ഷിക്കണം. നല്ല സ്പര്‍ശനമേത്, ചീത്ത സ്പര്‍ശനമേത് എന്ന തിരിച്ചറിവ് കുട്ടികളില്‍ വളര്‍ത്തണം.

രണ്ടാമത്തെ വാചകമായ ‘ഗോ’. ഗോ എന്നാല്‍ ‘പോവുക’. മറ്റൊരാളില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടാകുന്ന സമയം ഒരു നിമിഷംപോലും പാഴാക്കാതെ അവിടെ വിട്ടുപോവുക എന്ന പാഠം കുട്ടികളെ പഠിപ്പിക്കുക, അല്ലാതെ അത്തരക്കാരോട് സംസാരിക്കാനും പേടിച്ച് നിന്നുകൊടുക്കാനോ അവസരം കൊടുക്കരുത്.

മൂന്നാമത്തെ വാചകം ‘ടെല്‍’, ടെല്‍ എന്നാല്‍ ‘പറയുക’. രക്ഷിതാക്കളോട് തുറന്നു പറയുക. ഒട്ടുമിക്ക കുട്ടികള്‍ക്കും ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കളോട് പറയാന്‍ വലിയ മാനസികസമ്മര്‍ദ്ദം ഉണ്ടാക്കുന്നതാണ്. അത്തരം കാര്യങ്ങള്‍ പറയുന്നതുകൊണ്ട് താന്‍ മോശം കാര്യങ്ങള്‍ പഠിച്ചു വച്ചിരിക്കുന്നു എന്ന് രക്ഷിതാക്കള്‍ സംശയിക്കുമോ എന്നതാണ് ഒട്ടു മിക്ക കുട്ടികളെയും മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നത്. ദിവസവും ഒരു മണിക്കൂറെങ്കിലും കുട്ടികളുമായി സൗഹൃദ സംഭാഷണം നടത്താന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധമായും സമയം കണ്ടെത്തേണ്ടതാണ്. എങ്കില്‍ മാത്രമേ കുട്ടികള്‍ രക്ഷിതാക്കളുമായി ഇത്തരം സംഭവങ്ങള്‍ പങ്കുവെക്കാന്‍ തയ്യാറാവുകയുള്ളൂ. കുട്ടികള്‍ ചൂഷണത്തിനിരയാകുന്ന സാഹചര്യങ്ങള്‍ മാതാപിതാക്കള്‍ അവരെ ബോധ്യപ്പെടുത്തണം. അങ്ങനെ ആരില്‍നിന്ന് സംഭവിച്ചാലും ഉടനെ തുറന്നുപറയാനുള്ള സാഹചര്യം വീട്ടിലുണ്ടാകണം. കുട്ടികളെ കുറ്റപ്പെടുത്താതെ അനുഭാവപൂര്‍വം കേട്ട് സാന്ത്വനപ്പെടുത്തി പരിഹാരം കാണണം.

മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം കുട്ടികളില്‍ ലൈംഗിക ബിംബങ്ങളുടെ ധാരാളിത്തം സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ ദുരുപയോഗം പറഞ്ഞു ബോധ്യപ്പെടുത്തണം. നീലച്ചിത്രങ്ങള്‍ക്കും അശ്ലീല പുസ്തകങ്ങള്‍ക്കും പിന്നാലെ പോയാല്‍ ജീവിതപരാജയം ഉണ്ടാകുമെന്ന ബോധ്യം പകരണം. ആരോഗ്യകരമായ ലൈംഗിക അവബോധം അവരില്‍ സൃഷ്ടിക്കണം. എങ്കില്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ.

(പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍)
1)കുടുംബക്കാരോ അയല്‍വാസിയോ ആരുമാകട്ടെ.. കുട്ടിയെ തനിച്ചായി കിട്ടാന്‍ അവസരമുള്ള വീടുകളില്‍.. കുട്ടികളെ നിര്‍ത്തരുത്. കുട്ടികളുടെ വസ്ത്രധാരണത്തിലും ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.

2)അമിതമായി ലാളിക്കുന്നവരെ കുട്ടിയോട് പ്രത്യേകം അന്വേഷിച്ചു മനസ്സിലാക്കി വയ്ക്കുക. അയാളുടെ പെരുമാറ്റം ശ്രദ്ധിക്കുക.

3) പെട്ടെന്നൊരു ദിവസം ഒരാളോട് കുട്ടിയുടെ മനോഭാവത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുന്നുണ്ട് എന്ന് കണ്ടാല്‍. അയാളെ പ്രത്യേകം നോട്ട് ചെയ്യേണ്ടതാണ്.കാരണം കുടുംബക്കാരില്‍ നിന്നും പീഡിപ്പിക്കപ്പെട്ട ഒട്ടു മിക്ക കുട്ടികളും ദിവസങ്ങളോളമുള്ള ശല്യം ചെയ്യപ്പെട്ടിട്ടും കുട്ടി ആരോടും ഒന്നും പറയുന്നില്ല എന്ന് മനസ്സിലാക്കിയാണ് പീഡനം നടത്തിയിട്ടുള്ളത്. കുട്ടികളുടെ പെരുമാറ്റത്തില്‍ ഉണ്ടാകുന്ന മാറ്റം, ഭയം, സ്വകാര്യഭാഗങ്ങളിലെ വേദന, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ തിരിച്ചറിയുക.

4) സ്മാര്‍ട്ട്‌ഫോണുകള്‍ കളിക്കാന്‍ നല്‍കിയാണ് ഇത്തരക്കാര്‍ കുട്ടികളെ വശത്താക്കുന്നത്.അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങളും കുട്ടികളോട് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതാണ്.

5)ആണ്‍കുട്ടികളെ വശത്താക്കുന്നവര്‍ കൂടുതലും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി ആണ്.അതുകൊണ്ടുതന്നെ വാച്ച,് പണം, ഫോണ്‍ എന്നിങ്ങനെയുള്ളവ പെട്ടെന്നൊരു ദിവസം കുട്ടികളുടെ കൈയില്‍ കണ്ടാല്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക..ഇത് സുഹൃത്ത് തന്നതാണ് കളഞ്ഞു കിട്ടിയതാണ് എന്നൊക്കെയാണ് അവര്‍ കള്ളം പറയുക. മൊബൈല്‍ ഫോണും ഇന്റര്‍നെറ്റുമെല്ലാം കുട്ടികളില്‍ ലൈംഗിക ബിംബങ്ങളുടെ ധാരാളിത്തം സൃഷ്ടിക്കുന്നുണ്ട്. ഇവയുടെ ദുരുപയോഗം പറഞ്ഞു ബോധ്യപ്പെടുത്തണം. ആരോഗ്യകരമായ ലൈംഗിക അവബോധം അവരില്‍ സൃഷ്ടിക്കണം. എങ്കില്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ.