കുടിയിറക്കപ്പെടുന്ന കാടിന്റെ മക്കൾ

ആധുനിക സങ്കേതങ്ങളെക്കുറിച്ചും നിയമവ്യവഹാരങ്ങളെ കുറിച്ചും അജ്ഞരായവരും, അന്നന്നത്തെ അന്നത്തിനു പൊരുതി ജീവിച്ചു പോരുന്നവരുമായ ആദിവാസി ജനതക്ക് ഈ നിയമത്തിൽ പറയുന്ന തെളിവുകളും രേഖകളും എങ്ങനെ ഹാജരാക്കണം എന്നതിനെ കുറിച്ചുപോലും ധാരണയുണ്ടാവണമെന്നില്ല. അങ്ങനെയിരിക്കെ തലമുറകളായി അധിവസിച്ചു പോരുന്ന ആവാസ വ്യവസ്ഥയിൽ നിന്നും തങ്ങൾക്ക് അജ്ഞാതമായ കാരണങ്ങളാൽ പുറത്താക്കപ്പെടുന്ന ദയനീയമായ അവസ്ഥയിലേക്കാണ് ഈ വനവാസികൾ എടുത്തെറിയപ്പെടുന്നത്.
Posted on: February 24, 2019 10:31 am | Last updated: February 24, 2019 at 10:45 am

ആദിവാസികളായ വനവാസികളെ ഒഴിവാക്കിക്കൊണ്ട് ഒരു വനത്തെയും നമുക്ക് കാണാൻ കഴിയില്ല. വനങ്ങളിലെ മൃഗങ്ങളും ഭൂമിയും പോലെതന്നെ അവിടത്തെ വനവാസികളും ഈ വനത്തിന്റെ അഭേദ്യ ഭാഗമാണ്. വനം മൃഗങ്ങൾക്കും ആദിവാസികൾക്കും മാത്രമുള്ളതാണെന്ന് ഒരു ചൊല്ലുമുണ്ട്. ഇന്ത്യയിൽ മാത്രമല്ല, ലോകത്തൊട്ടാകെ ഇതാണ് സ്ഥിതി. ശതാബ്ദങ്ങളായി വനങ്ങളിൽ കഴിയുന്ന ഇക്കൂട്ടരെ കൂട്ടത്തോടെ ഒഴിവാക്കി ഒരു വനത്തിനും നിലനിൽപ്പില്ല.
വനത്തിന്റെ യഥാർഥ അവകാശികൾ വനവാസികൾ തന്നെയാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് പുറംലോകവുമായി ഇക്കൂട്ടർക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളേ ആയുള്ളൂ ഇക്കൂട്ടർ നാടുമായി ബന്ധം പുലർത്താൻ തുടങ്ങിയിട്ട്. സർക്കാർ സഹായവും മറ്റും കൊണ്ട് ഇവർ സമൂഹവുമായി ഇടപഴകി ജീവിക്കാനും തുടങ്ങി. സാമൂഹികമായി ഏറ്റവും പിന്നണിയിലുള്ളവരാണിവർ. കേന്ദ്രസർക്കാർ പട്ടികവർഗ വിഭാഗത്തിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർക്ക് പല ആനുകൂല്യങ്ങളും ആ നിലയിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്. നിർഭാഗ്യവശാൽ സർക്കാർ ഇവർക്ക് വേണ്ടി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങളൊന്നും ഇവരിൽ മഹാഭൂരിപക്ഷത്തിനും ലഭിക്കുന്നില്ലെന്നുള്ളതാണ് വസ്തുത. അഞ്ഞൂറിലേറെ വിഭാഗം വനവാസികൾ ഇന്ത്യയിലുണ്ട്. ഇവരിൽ കുറച്ചൊക്കെ പരിഷ്‌കൃതരും, മഹാഭൂരിപക്ഷം അപരിഷ്‌കൃതരുമാണ്. വനവാസികളുടെ സ്ഥിതി ഇതാണെന്നിരിക്കെ ഈ യാഥാർഥ്യങ്ങളെയെല്ലാം വിസ്മരിച്ചുകൊണ്ടാണ് വനവാസികളെ കൂട്ടത്തോടെ വനത്തിൽ നിന്നും ഒഴിപ്പിക്കാനുള്ള വിധി സുപ്രീംകോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

രാജ്യത്തെ പതിനാറ് സംസ്ഥാനങ്ങളിൽ നിന്നായി 11,27,446 ആദിവാസികളെയും, ഇതര വനവാസികളെയും നിർബന്ധിതമായി കുടിയൊഴിപ്പിക്കാനാണ് സുപ്രീംകോടതി വിധി ഉണ്ടായിരിക്കുന്നത്. വനഭൂമിയിൻമേൽ അവകാശം ഉറപ്പു നൽകുന്ന നിയമപ്രകാരം കുടി ഒഴിപ്പിക്കൽ നടപടി കോടതിയിൽ പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ കുടിയൊഴിപ്പിക്കലിലേക്ക് നയിച്ചത്. കോടതി ഉത്തരവ് നടപ്പാക്കുന്നതോടെ കൂടുതൽ കുടിയൊഴിപ്പിക്കൽ ഉണ്ടാകുമെന്നും ആശങ്കയുണ്ട്. സുപ്രീംകോടതി വിധിയിൽ മറ്റു സംസ്ഥാനങ്ങളും കൂടി ഒഴിപ്പിക്കേണ്ടവരുടെ പട്ടിക സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വനാവകാശ നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് ചില ഗവൺമെന്റിതര സംഘടനകൾ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. വനഭൂമിയിൽ അവകാശം ഉന്നയിച്ചവരുടെ നിരസിക്കപ്പെട്ട അപേക്ഷയുടെ അടിസ്ഥാനത്തിൽ അത്തരക്കാരെ നിർബന്ധിതമായി കുടിയൊഴിപ്പിക്കണമെന്നായിരുന്നു പരാതിക്കാരുടെ ആവശ്യം. കേസിൽ ഫെബ്രുവരി 13ന് കേന്ദ്ര ഗവൺമെന്റ് അഭിഭാഷകർ ഹാജരാവാതിരുന്നതിനെ തുടർന്നാണ് കുടിയൊഴിപ്പിക്കൽ ഉത്തരവ്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തുവന്നു. ജൂലൈ 27നുള്ളിൽ കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര, നവിൻ സിൻഹ, ഇന്ദിര ബാനർജി എന്നിവരുൾപ്പെട്ട ബഞ്ചിന്റെ ഉത്തരവ്.
വനഭൂമിയിൽ അവകാശം ഉന്നയിച്ച് അപേക്ഷ നൽകുകയും അത് നിരസിക്കപ്പെടുകയും ചെയ്തവരുടെ പട്ടിക സമർപ്പിക്കണമെന്ന കോടതി ഉത്തരവ് പല സംസ്ഥാനങ്ങളും പാലിച്ചിട്ടില്ല. ഉത്തരവ് പാലിച്ച് റിപ്പോർട്ട് നൽകാൻ അത്തരം സംസ്ഥാനങ്ങളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ അംഗസംഖ്യ ഗണ്യമായി ഉയരും.

ഒന്നാം യു പി എ സർക്കാറാണ് വനാവകാശ നിയമം പാസ്സാക്കിയത്. 2006ൽ പാസ്സാക്കിയ നിയമത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും വന്യജീവി സംഘടനകളും പ്രകൃതി സംരക്ഷണ ഗ്രൂപ്പുകളും എതിർത്തിരുന്നു. നിയമം നടപ്പാക്കേണ്ട വനംവകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെ എതിർപ്പ് നിയമം നടപ്പാക്കുന്നതിന് വിഘാതമായി. ഇവരുടെ നിഷേധാത്മക സമീപനമാണ് അപേക്ഷകൾ നിരസിക്കപ്പെടുന്നതിന് കാരണമായതെന്ന് ആദിവാസി സംഘടനകൾ പരാതിപ്പെടുന്നു.
ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന “വൈൽഡ് ലൈഫ് ഫസ്റ്റ്’ തുടങ്ങിയ സംഘടനകൾ വനാവകാശ നിയമം ഭരണഘടനക്ക് വിരുദ്ധമാണെന്ന് വാദിക്കുന്നു. നിയമം നടപ്പാക്കുന്നത് വനനശീകരണം ത്വരിതപ്പെടുത്തുമെന്ന് അവർ ആശങ്കപ്പെടുന്നു. എന്നാൽ തങ്ങളുടെ അവകാശം നിഷേധിച്ചുകൊണ്ടുള്ള നടപടി പുനഃപരിശോധിക്കണമെന്നാണ് ആദിവാസി സംഘടനകൾ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ കോടതി ഉത്തരവ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വലിയ വിവാദമായിരിക്കും രാഷ്ട്രീയ രംഗത്ത് സൃഷ്ടിക്കുക.
1927ലെ ഇന്ത്യൻ വന നിയമത്തിലെ പല വ്യവസ്ഥകളും വനവാസികളായ പാവങ്ങൾക്ക് ഗുണകരമല്ലായിരുന്നു. ഈ നിയമത്തിന് ചരിത്രപരമായ ഒരു തിരുത്ത് എന്ന നിലയിലാണ് 2006ൽ ഐതിഹാസികമായ വനാവകാശ നിയമം പാസ്സാക്കപ്പെടുന്നത്. പുരോഗമനപരവും ദുർബലരോട് നീതി ചെയ്യുന്നതുമായ നിയമ നിർമാണം എന്ന നിലക്ക് വളരെ അധികം പ്രശംസിക്കപ്പെട്ട ഒരു നിയമനിർമാണമായിരുന്നു ഇത്.
ആധുനിക സങ്കേതങ്ങളെക്കുറിച്ചും നിയമവ്യവഹാരങ്ങളെ കുറിച്ചും അജ്ഞരായവരും, അന്നന്നത്തെ അന്നത്തിനു പൊരുതി ജീവിച്ചു പോരുന്നവരുമായ ആദിവാസി ജനതക്ക് ഈ നിയമത്തിൽ പറയുന്ന തെളിവുകളും രേഖകളും എങ്ങനെ ഹാജരാക്കണം എന്നതിനെ കുറിച്ചുപോലും ധാരണയുണ്ടാവണമെന്നില്ല. അങ്ങനെയിരിക്കെ തലമുറകളായി അധിവസിച്ചു പോരുന്ന ആവാസ വ്യവസ്ഥയിൽ നിന്നും തങ്ങൾക്ക് അജ്ഞാതമായ കാരണങ്ങളാൽ പുറത്താക്കപ്പെടുന്ന ദയനീയമായ അവസ്ഥയിലേക്കാണ് ഈ വനവാസികൾ എടുത്തെറിയപ്പെടുന്നത്.

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ആദിവാസികളെ വനത്തിൽ നിന്നും ആട്ടിപ്പായിക്കാനുള്ള ശ്രമങ്ങൾ രാജ്യവ്യാപകമായി ഇപ്പോൾ നടന്നുവരികയാണ്. വിവിധ പേരുകളിൽ അറിയപ്പെടുന്ന, പുറമെ നിന്ന് നോക്കുമ്പോൾ വലിയ പരിസ്ഥിതി സ്‌നേഹികളായിട്ടുള്ള സന്നദ്ധ സംഘടനകളാണ് ഇത്തരം ശ്രമങ്ങൾക്ക് പിന്നിൽ. യഥാർഥത്തിൽ പരിസ്ഥിതി സ്‌നേഹത്താൽ പ്രചോദിതരായ ആളുകളല്ല; കുത്തക-ഖനി ലോബികളുടെ പിണിയാളുകളായി പ്രവർത്തിക്കുന്നവരാണ് അവർ. ഇപ്പോൾ വിവാദമായ സുപ്രീംകോടതി വിധിക്ക് ആധാരമായ ഹരജിക്കു പിറകിലും അവർ തന്നെയാണെന്നുള്ളതാണ് യാഥാർഥ്യം.
വനഭൂമി സംബന്ധിച്ച രേഖകളിൽ കൃത്രിമം കാട്ടി പലരും ആദിവാസികളുടെ ഭൂമി തട്ടിയെടുത്തിട്ടുണ്ട്. അതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ഗുരുതരമായ വീഴ്ചയും ഉണ്ടായിട്ടുണ്ട്. ഇടുക്കിയിലെ രവീന്ദ്രൻ പട്ടയം പോലുള്ളതാണോ, സർക്കാറിന്റെ പട്ടയമാണോ യഥാർഥമെന്ന് തെളിയിക്കുന്നതുപോലും പ്രയാസകരമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൃത്രിമ രേഖകളുടെ അടിസ്ഥാനത്തിൽ ആദിവാസി ഭൂമി കൈക്കലാക്കിയവർ നിരവധിയുണ്ട്.
ഇന്ത്യയിൽ ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനമേഖലകളിലാണ് ആദിവാസികൾ ഏറ്റവും കൂടുതൽ കേന്ദ്രീകരിച്ചിരിക്കുന്നത്. ഈ വനഭൂമി കൈവശപ്പെടുത്താനാണ് തദ്ദേശീയവും വൈദേശികവുമായ കോർപറേറ്റുകൾ കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ആ ഭൂമിക്കുവേണ്ടി വനവാസികളും കോർപറേറ്റുകളും തമ്മിൽ നടന്നു വരുന്ന പോരാട്ടമാണ് സായുധ മാവോവാദികൾക്ക് വളക്കൂറുളള മണ്ണായി അവിടം മാറിയത്. കോർപറേറ്റുകൾക്ക് വേണ്ടി സർക്കാറുകൾ നടത്തിവരുന്ന അടിച്ചമർത്തലും സായുധ കടന്നു കയറ്റവുമാണ് മധ്യഭാരത്തിൽ ഉടനീളം കൊടിയ മനുഷ്യാവകാശ ധ്വംസനങ്ങൾക്കും രക്തചൊരിച്ചിലിനും കാരണം. എവിടെയെല്ലാം ജനങ്ങളെ സംഘടിപ്പിച്ച് ജനാധിപത്യ മാർഗത്തിലൂടെ കോർപറേറ്റ് മൂലധന കടന്നു കയറ്റത്തെ ചെറുക്കാനായിട്ടുണ്ടോ അവിടെയെല്ലാം ഭരണകൂടത്തെയും കോർപറേറ്റ് ധാർഷ്ട്യത്തെയും മുട്ടുകുത്തിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.
ഇടതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ അധികാരത്തിൽ ഏറിയ ഒന്നാം യു പി എ സർക്കാർ കൊണ്ടുവന്ന വനാവകാശ നിയമമാണ് പരമോന്നത കോടതി റദ്ദു ചെയ്തിരിക്കുന്നത്. കോർപറേറ്റുകളുടെയും കോളനി അവശിഷ്ട ഉദ്യോഗസ്ഥ വാഴ്ചയുടെയും താത്പര്യങ്ങൾ തന്നെയാണ് ഈ വിധിയിലൂടെ രാജ്യത്ത് പുനഃസ്ഥാപിക്കപ്പെട്ടിരിക്കുന്നത്.

വനഭൂമിയുടെ യഥാർഥ അവകാശികളെ അവരുടെ സ്വന്തം ഭൂമിയിൽ നിന്നും ആട്ടി പായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടുള്ള വിധി തന്നെയാണ് പരമോന്നത കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കേന്ദ്ര സർക്കാർ അഭിഭാഷകർ ബോധപൂർവം സുപ്രീംകോടതിയിൽ ഹാജരാകാതിരുന്നതു കൊണ്ട് വനം കൈയേറ്റക്കാരുടെയും ഭൂമാഫിയകളുടെയും താത്പര്യങ്ങൾ നിർലജ്ജം സംരക്ഷിക്കപ്പെട്ടിരിക്കുകയാണിവിടെ.
ഈ വിധിക്കെതിരായി ഒരു ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന്, കേന്ദ്ര സർക്കാറിൽ ശക്തമായ സമ്മർദം ചെലുത്തിയും കേരള സർക്കാറിന്റെ നേതൃത്വത്തിൽ ഫലപ്രദമായ നിയമപോരാട്ടം തുടർന്നും ആദിവാസികൾക്ക് എതിരെ ഉയർന്നിട്ടുള്ള ഹീനവും മനുഷ്യത്വരഹിതവുമായ ഈ കടന്നാക്രമണത്തെ എതിർത്ത് തോൽപ്പിക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്. കാടിന്റെ മക്കളുടെ നിലനിൽപ്പിനും ഈ വിഭാഗത്തിന്റെ നിഷേധിക്കപ്പെടുന്ന അവകാശം സംരക്ഷിക്കുന്നതിനും വേണ്ടി രാജ്യത്തെ മുഴുവൻ ജനതയും ഒറ്റക്കെട്ടായി മുന്നോട്ടു വരേണ്ട സമയമാണിത്.

അഡ്വ. ജി സുഗുണൻ