Connect with us

Gulf

മടങ്ങിപ്പോയാല്‍ എന്ത് ചെയ്യും...

Published

|

Last Updated

പ്രവാസം അവസാനിപ്പിച്ചു നാട്ടിലെത്തിയാല്‍ തുടര്‍ജീവിതം എങ്ങിനെ ആയിരിക്കണം? വരുമാനം ലഭിക്കാന്‍ എന്ത് ചെയ്യണം? കൈയില്‍ പണമുണ്ടെങ്കില്‍ എവിടെ നിക്ഷേപിക്കണം… വിദേശ രാജ്യത്തു ജീവിതോപാധി കണ്ടെത്തുന്നത് പോലെ തന്നെ, ഏറെ ആശങ്ക ഉളവാക്കുന്നതാണ് പ്രവാസാനന്തര യാത്രയുടെ ആധികള്‍.
എണ്‍പതുകളിലും തൊണ്ണൂറുകളിലും ഗള്‍ഫിലെത്തി അദ്ധ്വാനിക്കാന്‍ തുടങ്ങിയവരില്‍ മിക്കവരും എന്നേക്കും നാട്ടിലേക്ക് മടങ്ങാനുള്ള തയാറെടുപ്പിലാണ്. ഇതില്‍ തന്നെ മഹാഭൂരിപക്ഷത്തിനും സമ്പാദ്യം ഒന്നുമില്ല. ജോലി ചെയ്തവര്‍, എണ്ണിച്ചുട്ടപ്പം പോലെ ലഭിച്ചത്, നാട്ടില്‍ കുടുംബ ചെലവിന് മാസാമാസം അയച്ചുകൊടുത്തിട്ടുണ്ടാകും. വീട് വെക്കാനും ഉറ്റവരുടെ കല്യാണത്തിനും വായ്പ വാങ്ങുകയോ “കുറി” വെക്കുകയോ ചെയ്തിട്ടുണ്ടാകും. സേവനാനന്തര ആനുകൂല്യങ്ങള്‍ ലഭ്യമാകാത്ത ആളാണെങ്കില്‍ ടിക്കറ്റിനുപോലും പണമുണ്ടാകില്ല. രോഗ പീഡകളാല്‍ വലയുന്നുമുണ്ടാകും. ഏതാനും വര്‍ഷം മുമ്പ് ഷാര്‍ജയില്‍ നിന്ന് അവശ നിലയില്‍ നാട്ടിലേക്ക് മടങ്ങിയ ആളുടെ ദയനീയ കഥ പലര്‍ക്കും തിരിച്ചറിവ് നല്‍കേണ്ടതാണ്. വലിയ ശമ്പളമുള്ള ജോലിയുണ്ടായിരുന്നു. സമൂഹത്തില്‍ വലിയ പദവി ഉണ്ടായിരുന്നു. ഷാര്‍ജയില്‍ വിശാലമായ ഫ്ളാറ്റില്‍ കുടുംബ സമേതം വര്‍ഷങ്ങളോളം താമസിച്ചു. മക്കള്‍ നല്ല നിലയിലായി. പക്ഷേ പ്രമേഹം കടുത്തപ്പോള്‍ നാട്ടില്‍ ചികിത്സക്ക് പോകുമ്പോള്‍ ആരും കൂടെ ഉണ്ടായില്ല. ജോലിയില്‍ നിന്ന് വിരമിച്ചാണ് പോയത്. നാട്ടില്‍ അധികം ബന്ധുക്കളില്ല. സ്ട്രെച്ചറില്‍ കിടത്തിയാണ് വിമാനമിറക്കിയത്. സ്വീകരിക്കാന്‍ കുറച്ചുപേര്‍ എത്തിയിരുന്നു. ലോകമാകെ അറിയപ്പെടുന്ന ആളാണ്. ഉന്നത ഉദ്യോഗം വഹിച്ചിരുന്ന ആളാണ്. കൈയില്‍ കുറേ പണം കാണുമെന്നും ബാധ്യത ആവില്ലെന്നും കരുതിയാകണം സ്വീകരിക്കാന്‍ കുറച്ചു പേരെങ്കിലും എത്തിയത്. എന്നാല്‍ അയാളുടെ കീശ കാലിയാണെന്നു കണ്ട് മിക്കവരും മുങ്ങി. ചില പഴയ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ചു. ഏറെ കഴിയുന്നതിനു മുമ്പ് മരിച്ചു. മൃതദേഹം സംസ്‌കരിക്കാന്‍ പോലും പിരിവെടുക്കേണ്ടി വന്നു.

ജീവിച്ചിരിക്കുന്നവര്‍ക്ക് ഇത്തരം പാഠങ്ങള്‍ ധാരാളം. എന്നാലും ആരും പഠിക്കില്ല. മുന്‍കരുതല്‍ സ്വീകരിക്കില്ല. ഈയിടെ, ലോക കേരള സഭ ദുബൈയില്‍ ചേര്‍ന്നപ്പോള്‍, നാട്ടില്‍ മടങ്ങിയെത്തുന്ന മലയാളികളെക്കുറിച്ചു തീവ്രമായ ചര്‍ച്ച നടന്നു. ഓരോ ഗള്‍ഫ് രാജ്യങ്ങളിലും വ്യത്യസ്ത സാഹചര്യമാണ്. സഊദി അറേബ്യയില്‍ സ്വദേശിവത്കരണം ശക്തം. മലപ്പുറത്തേക്ക് പതിനായിരങ്ങളാണ് മടങ്ങിയെത്തിയത്. എന്ത് ചെയ്യണമെന്നറിയാതെ അവര്‍ അലയുന്നു. ചുരുക്കമാണെങ്കിലും, ചിലര്‍ വന്‍തുക വായ്പ വാങ്ങി, ആഢംബര വാഹനം സ്വന്തമാക്കിയ വകയില്‍ കടക്കാരനായി, തലയില്‍ കൈവെച്ചു നില്‍ക്കുകയാണെന്ന് ഒരു എം എല്‍ എ ചൂണ്ടിക്കാട്ടി. ചിലര്‍ സമൂഹത്തില്‍ ആളാകാന്‍ ഇങ്ങനെ ചിലതൊക്കെ ചെയ്യും. വരവറിഞ്ഞു വേണം ചെലവ് ചെയ്യാനെന്ന അടിസ്ഥാന പ്രമാണം മറന്നു പോകും. നാട്ടില്‍ വരുമാന മാര്‍ഗങ്ങള്‍ ഇല്ലാതില്ല. കൈത്തൊഴില്‍ ചെയ്യാന്‍ തയാറാണെങ്കില്‍ അവസരങ്ങള്‍ എത്രയോ ഉണ്ട്. ദുരഭിമാനം അത്തരം ജോലി സ്വീകരിക്കാന്‍ തടസ്സം. അതൊക്കെ അതിഥി തൊഴിലാളികള്‍ക്കുള്ളതാണെന്ന് മനോഭാവം. പിന്നെ ജീവിക്കാന്‍ എന്താണ് മാര്‍ഗം? പുറവാസത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ നാട്ടില്‍ ചെറിയ സംരംഭം തുടങ്ങുക. അവധിക്കു നാട്ടില്‍ പോകുമ്പോള്‍ അവിടത്തെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുക. വിശ്വസ്തരായ ആളുകളോട് ചര്‍ച്ചചെയ്യുക. ചൂഷണം ചെയ്യാന്‍ വല വിരിച്ചു കാത്തിരിക്കുന്നവരെ അവഗണിക്കുക. ഗ്രാമങ്ങള്‍ തോറും എന്‍ ആര്‍ ഐ സഹകരണ സംഘങ്ങള്‍ക്കു താമസിയാതെ അനുമതി ലഭിക്കുമെന്ന് കേള്‍ക്കുന്നു. യാഥാര്‍ഥ്യമായാല്‍ കൂട്ടുസംരംഭങ്ങള്‍ക്ക് താങ്ങാകും. വിദേശ താമസത്തിനിടെ സ്വായത്തമാകുന്ന വിവിധ ഭാഷാ ശേഷി ബോണസാണ്. ആശയ വിനിമയം എളുപ്പത്തില്‍ നടക്കും. വിനോദ സഞ്ചാര മേഖലയില്‍ ഒരു കൈ നോക്കാന്‍ സഹായിക്കുകയും ചെയ്യും. ഭരണകൂടങ്ങളുടെ ക്ഷേമ പദ്ധതികളില്‍ നിക്ഷേപം നടത്തുക പ്രധാനം. കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ പെന്‍ഷന്‍ പദ്ധതി ഒരുക്കിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ വേണ്ടത്ര അവബോധം പലര്‍ക്കുമില്ല. സംസ്ഥാനം നടപ്പാക്കാന്‍ പോകുന്ന ലാഭ വിഹിത പദ്ധതി ഇടത്തരക്കാര്‍ക്കു മികച്ചതാണ്. കുറഞ്ഞത് അഞ്ചു ലക്ഷം നിക്ഷേപം നടത്തിയാല്‍ ആജീവനാന്തം പ്രതിമാസം 5000 രൂപ ഡിവിഡന്‍ഡ് ലഭിക്കും. ഇതിനേക്കാള്‍ ഉപരി, സംരംഭക സാധ്യതകള്‍ സംബന്ധിച്ച് ധാരണ ഉണ്ടാവുക എന്നതാണ്. വിദേശത്തെ സാമൂഹിക സംഘടനകള്‍ ഈ ദിശയില്‍ സെമിനാറുകളും ചര്‍ച്ചകളും നടത്തേണ്ട സമയം അതിക്രമിച്ചു. ചൂഷണ മനോഭാവം ഇല്ലാതെ വേണം അതൊക്കെ സംഘടിപ്പിക്കാന്‍…

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്