മയക്കുമരുന്നുമായി ഏഷ്യക്കാരന്‍ അറസ്റ്റില്‍

Posted on: February 23, 2019 8:15 pm | Last updated: February 23, 2019 at 8:15 pm

ഷാര്‍ജ: മയക്കുമരുന്നുകളുമായി ഏഷ്യക്കാരനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. തനിക്ക് തൊഴില്‍ വിസ നല്‍കിയയാള്‍ക്ക് 6,000 ദിര്‍ഹം കൊടുക്കാനുണ്ടെന്നും ഇതിനായാണ് മയക്കുമരുന്ന് കടത്തിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയപ്പോള്‍ ഒന്നര കിലോ മയക്കുമരുന്ന് കൂടി കണ്ടെടുത്തുവെന്ന് പോലീസ് ക്രിമിനല്‍ കോടതിയെ അറിയിച്ചു. കിടക്കക്കടിയിലും വസ്ത്രങ്ങള്‍ക്കിടയിലുമാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നും വിസ നല്‍കിയ ആള്‍ പറയുന്നതനുസരിച്ച് ഇവ കൈമാറ്റം ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് മയക്കുമരുന്ന് അടങ്ങിയ ബാഗ് കൊണ്ടുവെച്ചശേഷം മാറി നില്‍ക്കാനായിരുന്നു തനിക്ക് നിര്‍ദേശം ലഭിച്ചത്. അവിടെ നിന്ന് അത് മറ്റാരോ എടുത്തുകൊണ്ടുപോവുകയായിരുന്നു രീതിയെന്നും പോലീസിനോട് പറഞ്ഞു.

എന്നാല്‍ ബാഗിനുള്ളില്‍ എന്താണെന്ന് അറിയാതെയായിരുന്നു താന്‍ കൊണ്ടുപോയതെന്നായി കോടതിയിലെത്തിയപ്പോള്‍ ഇയാളുടെ വാദം. ആറ് പേര്‍ക്കൊപ്പമാണ് താന്‍ മുറിയില്‍ താമസിക്കുന്നത്. മുറിയിലെ പൂട്ടില്ലാത്ത പെട്ടിയിലാണ് മയക്കുമരുന്ന് കണ്ടെത്തിയതെന്നും അതുകൊണ്ട് തന്നെ സംശയിക്കാനാവില്ലെന്നും കോടതിയില്‍ വാദിച്ചു. കേസ് മാര്‍ച്ച് 10ലേക്ക് കോടതി മാറ്റിവെച്ചു.