കേരള ബേങ്കിനും എയർ കേരളയുടെ വഴിയോ?

കേരള ബേങ്ക് സംബന്ധിച്ച് നബാർഡിന്റെ നിർദേശം എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് ഇപ്പോൾ സർക്കാറുള്ളത്. ഇതിൽ ഇളവ് നൽകാൻ നബാർഡിനെ സമീപിച്ചെങ്കിലും തയ്യാറായിട്ടില്ല. എൽ ഡി എഫ് -യു ഡി എഫ് എന്ന ചിന്ത മാറ്റിവെച്ചാൽ കേരള ബേങ്ക് സംരംഭം സംസ്ഥാനത്തിന് വളരെ പ്രയോജനപ്പെടും എന്നതിൽ ആർക്കും തർക്കമുണ്ടാകേണ്ടതില്ല. നിലവിലെ ബേങ്കുകളുടെ കൊള്ളകൾക്കെതിരെ പൊതുബോധം ഉയർന്നുനിൽക്കുന്ന അവസരത്തിൽ പ്രത്യേകിച്ചും. വിവിധ തലങ്ങളിലുള്ള സർവീസ് ചാർജുകളും വൻകിടക്കാരുടെ ബേങ്ക് വെട്ടിപ്പുകളും ബേങ്കുകൾക്കെതിരെ ജനരോഷത്തിന് കാരണമാണ്.
Posted on: February 23, 2019 12:12 pm | Last updated: February 23, 2019 at 5:54 pm

സംസ്ഥാനത്തിന്റെ പേര് ചേർത്ത് പറയുന്ന രണ്ട് വമ്പൻ പദ്ധതികളാണ് എയർ കേരളയും കേരള ബേങ്കും. ആദ്യത്തേത് കഴിഞ്ഞ യു ഡി എഫ് ഭരണകാലത്തും രണ്ടാമത്തേത് നിലവിലെ എൽ ഡി എഫ് സർക്കാറിന്റെ കാലത്തുമാണ് ഉദയം കൊണ്ടത്. ആഭ്യന്തര സർവീസിൽ അഞ്ച് വർഷത്തെ പരിചയം വേണമെന്നതും കമ്പനിക്ക് 20 വിമാനങ്ങൾ വേണമെന്നതും എയർ കേരള പദ്ധതിക്ക് വിലങ്ങു തടിയാകുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം യു എ ഇ യിൽ നടന്ന ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വീണ്ടും പ്രതീക്ഷ ജനിപ്പിക്കുന്നുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എയർ കേരള പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം.
പിണറായി സർക്കാർ കൊണ്ടുവന്ന മറ്റൊരു സ്വപ്‌ന പദ്ധതിയാണ് കേരള ബേങ്ക് എന്നത്. ഇതുസംബന്ധമായി ഏതാണ്ട് രൂപമാകുകയും കഴിഞ്ഞ വർഷം ജൂലൈയിൽ ഡോ. എം എസ് ശ്രീറാം കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 20 മാസം കൊണ്ട് പദ്ധതി പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിച്ചതുമാണ്. എന്നാൽ, ഇപ്പോൾ ആറ്റുനോറ്റു പിറവിയെടുക്കുന്ന പദ്ധതി പൂർത്തിയായാൽ കേരള ബേങ്ക് ഭരിക്കുക യു ഡി എഫ് ആയിരിക്കുമെന്ന അവസ്ഥയിൽ പദ്ധതി നിന്നുപോകുമോ എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. എയർകേരള പദ്ധതി ചാപ്പിള്ളയായപ്പോൾ കേരള ബേങ്ക് പൂർണ ഗർഭത്തിലേക്ക് എത്തിയെങ്കിലും രക്ഷിതാവാരായിരിക്കുമെന്ന ഉത്കണ്ഠയിൽ നിന്നുപോകുമോ എന്ന അവസ്ഥയിലുമാണ്. ഈ രണ്ട് പദ്ധതികളും നടപ്പാക്കാൻ ഉദ്ദേശിക്കുമ്പോൾ മുന്നിൽ കാണുന്ന ഒരു വിഭാഗം പ്രവാസി മലയാളികളാണ്. എയർ കേരള ആയാലും കേരള ബേങ്ക് ആയാലും മുന്നോട്ടുള്ള ഗമനത്തിന് പ്രവാസികളുടെ നിർലോഭമായ പിന്തുണ ആവശ്യമാണ്. മലയാളികളുടെ യാത്രകൾ മുഴുവനും എയർ കേരള വഴിയും നിക്ഷേപങ്ങൾ കേരള ബേങ്കിലേക്കും എത്തിയാൽ അതൊരു പുതിയ നാഴികക്കല്ലായി മാറുമെന്നതിൽ തർക്കമില്ല. ഇക്കാര്യത്തിൽ സ്വന്തം സംസ്ഥാനമെന്ന നിലക്ക് പ്രവാസികൾ തീർച്ചയായും സംസ്ഥാന താത്പര്യത്തിനൊപ്പമുണ്ടാകുകയും ചെയ്യും.

എല്ലാ പൗരന്മാർക്കും ബേങ്ക് അക്കൗണ്ട് ഉള്ള സംസ്ഥാനം എന്ന നിലക്ക് സ്വന്തമായി ഒരു ബേങ്ക് എന്നത് അത്യാഗ്രഹം ഒന്നുമല്ല, അത്യാവശ്യമാണ് താനും. പ്രത്യേകിച്ചും എസ് ബി ടി-എസ് ബി ഐ ലയനത്തിന് ശേഷം കേരള പശ്ചാത്തലമുള്ള ഒരു ബേങ്ക് എന്നത് അനിവാര്യത കൂടിയാണ്. അതിനായാണ് എൽ ഡി എഫ് സർക്കാർ കേരള ബേങ്ക് എന്ന ആശയവുമായി വന്നത്. ഇതിനായുള്ള സർക്കാറിന്റെ അപേക്ഷക്ക് റിസർവ് ബേങ്ക് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. മാർച്ച് 31ന് മുമ്പായി റിസർവ് ബേങ്ക് നിർദേശപ്രകാരം അന്തിമ അപേക്ഷ നൽകേണ്ടതുണ്ട്. 5,000 കോടിയുടെ പ്രാരംഭ മൂലധനമാണ് സർക്കാർ കണക്കാക്കുന്നത്. നിശ്ചിത സമയത്തിനകം നിബന്ധനകൾ പാലിച്ച് റിസർവ് ബേങ്കിന് അപേക്ഷ നൽകാനാകുക എന്നതാണ് സർക്കാറിന്റെ മുമ്പിലുള്ള പ്രധാന കടമ്പ. അതിന് സാധിക്കാതെ വന്നാൽ എയർ കേരളയുടെ വഴിയെ കേരള ബേങ്കിനും സഞ്ചരിക്കേണ്ടിവരും.
സംസ്ഥാന സഹകരണ ബേങ്കുകളും ജില്ലാ സഹകരണ ബേങ്കുകളും ലയിപ്പിച്ച് 1,200 ഓളം ശാഖകൾ ഉള്ള ബേങ്കിംഗ് സംവിധാനമാണ് സർക്കാർ ആലോചിക്കുന്നത്. ഈ ലയനത്തിനുള്ള നബാർഡ് (നാഷനൽ ബേങ്ക് ഓഫ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ്) വ്യവസ്ഥകൾ പൂർത്തിയാക്കുന്ന തിരക്കിലാണ് സർക്കാർ. എന്നാൽ നബാർഡിന്റെ വ്യവസ്ഥകളിൽ തട്ടി കേരള ബേങ്ക് അകാലചരമം പ്രാപിക്കുമോ എന്നിടത്താണ് ഇപ്പോൾ കാര്യങ്ങളുള്ളത്. ജില്ലാ ബേങ്കുകൾ സംസ്ഥാന സഹകരണ ബേങ്കിൽ ലയിക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നത് സർക്കാർ സഹകരണ നിയമ ഭേദഗതി ബില്ലിലൂടെ മറികടന്നിരിക്കുകയാണ്. എന്നാൽ ഈയൊരു കുറുക്കു വഴിയിലൂടെയുള്ള മറികടക്കൽ അന്തിമ അപേക്ഷാ സമർപ്പണ വേളയിൽ തള്ളപ്പെടുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്. കാരണം സഹകരണ ബേങ്ക് ലയനത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷം എന്നതിൽ ഇളവ് തേടി ഛത്തിസ്ഗഢ് സർക്കാർ സമർപ്പിച്ച അപേക്ഷ റിസർവ് ബേങ്ക് തള്ളിയിരിക്കുകയാണ്.

അന്തിമ അപേക്ഷ സമർപ്പിക്കുന്നതിനായി റിസർവ് ബേങ്ക് പുറപ്പെടുവിച്ച 20ഓളം നിദേശങ്ങളിൽ ഒന്നാണ് ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കണമെന്നത്. അങ്ങനെ ഒരു പ്രമേയം പാസ്സാക്കാൻ കഴിയില്ലെന്ന് കണ്ടാണ് സർക്കാർ നിയമ ഭേദഗതി നടത്തിയത്. ഇത് റിസർവ് ബേങ്ക് അംഗീകരിക്കേണ്ടതുണ്ട്. ലയനത്തിന് അംഗീകാരം നൽകുന്നതിനായി ഫെബ്രുവരി 16ന് ജില്ലാ ബേങ്കുകളുടെ പൊതുയോഗം വിളിച്ചിരുന്നെങ്കിലും കോടതി ഇടപെടൽ ഭയന്ന് മാറ്റിവെക്കുകയായിരുന്നു. മാറ്റിവെച്ച പൊതുയോഗം മാർച്ച് ഏഴിന് നടത്തുന്നതിനെതിരെ യു ഡി എഫ് അനുകൂല ജില്ലാ ബേങ്ക് സമിതി നബാർഡിനെയും കോടതിയേയും സമീപിച്ചിരിക്കുകയാണ്. ഇങ്ങനെ നിയമപ്രശ്‌നങ്ങൾ ഉന്നയിക്കപ്പെട്ടാൽ അന്തിമ അനുമതിക്കായി റിസർവ് ബേങ്ക് നിശ്ചയിച്ചിരിക്കുന്ന ദിവസത്തിനകം അപേക്ഷ നൽകാൻ കഴിയുമോ എന്ന കാര്യം സംശയത്തിലാക്കിയിരിക്കുകയാണ്.
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് പുറമേ സംഘങ്ങൾക്കും വോട്ട് അവകാശം വേണമെന്ന നബാർഡിന്റെ നിർദേശം എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് ഇപ്പോൾ സർക്കാറുള്ളത്. ഇതിൽ ഇളവ് നൽകാൻ നബാർഡിനെ സമീപിച്ചെങ്കിലും നബാർഡ് തയ്യാറായിട്ടില്ല. സഹകരണ സംഘങ്ങളിൽ ഭൂരിഭാഗവും യു ഡി എഫ് അനുകൂലമാണെന്നതാണ് സർക്കാറിനെ കുഴക്കുന്ന പ്രശ്‌നം. ഇങ്ങനെ വോട്ട് അവകാശം അനുവദിച്ചാൽ പുതുതായി പിറവിയെടുക്കുന്ന കേരള ബേങ്ക് യു ഡി എഫ് നിയന്ത്രണത്തിലേക്ക് പോകുമെന്നതാണ് പ്രശ്‌നത്തിന്റെ കാതൽ. തങ്ങളുടെ ഒരു സ്വപ്‌നപദ്ധതിക്ക് വേണ്ടി പണിയെടുത്ത് അവസാനം എതിരാളികൾ അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥ ആരും വകവെച്ചു കൊടുക്കുമെന്ന് തോന്നുന്നില്ല. അത്രമാത്രം വിശാലത രാഷ്ട്രീയം എത്രമാത്രം ഉയർന്ന നിലവാരം പ്രാപിച്ചാലും പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും.

എൽ ഡി എഫ് -യു ഡി എഫ് എന്ന ചിന്ത മാറ്റിവെച്ചാൽ ഈയൊരു സംരംഭം സംസ്ഥാനത്തിന് വളരെ പ്രയോജനപ്പെടും എന്നതിൽ ആർക്കും തർക്കമുണ്ടാകേണ്ടതില്ല. നിലവിലെ ബേങ്കുകളുടെ കൊള്ളകൾക്കെതിരെ പൊതുബോധം ഉയർന്നുനിൽക്കുന്ന അവസരത്തിൽ പ്രത്യേകിച്ചും. വിവിധ തലങ്ങളിലുള്ള സർവീസ് ചാർജുകളും വൻകിടക്കാരുടെ ബേങ്ക് വെട്ടിപ്പുകളും ബേങ്കുകൾക്കെതിരെ ജനരോഷത്തിന് കാരണമാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ബേങ്കുകൾ ഇടപാടുകാരിൽ നിന്നും ഈടാക്കിയത് 4,990 കോടി രൂപയാണ്. ഇതിൽ പകുതിയിൽ അധികവും എസ് ബി ഐയാണ് ചുമത്തിയിരിക്കുന്നത്. ഈയൊരു അവസ്ഥ മുതലെടുത്ത് ജനങ്ങൾക്കിടയിൽ വേരുറപ്പിക്കാൻ ഇത്തരമൊരു ബേങ്കിന് കഴിയുമെന്ന് തന്നെയാണ് നാം കരുതേണ്ടത്. അതുകൊണ്ട് തന്നെയാണ് ജനങ്ങൾ കേരള ബേങ്ക് രൂപവത്കരണത്തെ പ്രതീക്ഷയോടെ കാണുന്നത്.

നിലവിൽ 1.20 കോടി ലക്ഷം രൂപയാണ് പ്രവാസികൾ കേരളത്തിലെ ബേങ്കുകളിലേക്ക് നിക്ഷേപിക്കുന്നത്. സംസ്ഥാനത്തിന്റെ സ്വന്തം ബേങ്ക് എന്ന നിലയിലേക്കെത്തിയാൽ കേരള ബേങ്കിലേക്ക് ഇതിൽ വലിയ പങ്കുമെത്തുമെന്നാണ് വിലയിരുത്തൽ. പ്രവാസി നിക്ഷേപത്തിൽ 30 ശതമാനവും എസ് ബി ടി യിലേക്കായിരുന്നു. അതുപോലെ തന്നെ സഹകരണ ബേങ്കുകളാണ് ഗ്രാമീണ മേഖലയുടെ സാമ്പത്തിക ജീവനാഡി. നോട്ട് നിരോധന കാലത്ത് നാമത് തിരിച്ചറിഞ്ഞതാണ്. ഇത്തരത്തിലുള്ള സുശക്തമായ പിൻബലവും കേരള ബേങ്കിന് ലഭിക്കും.
ബേങ്കുകളുടെ വിവിധ തരത്തിലുള്ള പണം ഈടാക്കലിന് എതിരെയുള്ള ജനരോഷവും മികച്ച നിക്ഷേപ സാധ്യതകളും കേരള ബേങ്ക് എന്ന ആശയത്തിന് മികച്ച സാധ്യതയാണ്. പ്രവാസ ലോകത്തെ തൊഴിൽ രംഗത്തെ വിവിധ നിയന്ത്രണങ്ങൾ പ്രവാസി വരുമാനത്തിൽ ഇടിവ് വരുത്തിയിട്ടുണ്ടെങ്കിലും ഇപ്പോഴും കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത മേഖലയാണ് പ്രവാസി നിക്ഷേപം. തീർച്ചയായും ഇത്തരമൊരു നിക്ഷേപ അവസരം മുന്നിലിരിക്കേ കേരള ബേങ്ക് എന്നത് രാഷ്ടീയത്തിന് അതീതമായി നടപ്പാക്കേണ്ട ഒരു പദ്ധതിയാണ്. ഈ രീതിയിൽ കാര്യങ്ങൾ കണ്ട് പദ്ധതി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

വി പി എം സാലിഹ്