Connect with us

Eranakulam

'കൊച്ചി അതിശയിപ്പിച്ചു; എങ്കിലും ഞാന്‍ മനുഷ്യനല്ലല്ലോ'... കൗതുകമായി റോബോട്ട് സോഫിയ

Published

|

Last Updated

കൊച്ചി ഗ്രാന്റ്ഹയാത്ത് ഹോട്ടലില്‍ നടന്ന ഐഎഎ വേള്‍ഡ് കോണ്‍ഫ്രന്‍സില്‍ ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയയെ പ്രദര്‍ശിച്ചപ്പോള്‍ | ചിത്രം; എസ് എസ് ഹരിലാല്‍

കൊച്ചി: എത്ര സ്മാര്‍ട്ട് ആയാലും റോബോട്ടുകളല്ലേ,.. മനുഷ്യരെ പോലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ലല്ലോ..സദസ്സില്‍ നിന്നുയര്‍ന്ന ആര്‍പ്പുവിളികള്‍ക്കിടയിലും കയ്യടികള്‍ക്കിടയിലും സോഫിയ പറഞ്ഞു നിര്‍ത്തി.യന്ത്രഹൃദയം കൊണ്ട് മനുഷ്യരുമായി സോഫിയയെന്ന റോബോര്‍ട്ട് സംവദിച്ചപ്പോള്‍ കാണികള്‍ക്ക് അത് കൗതുകത്തിനപ്പുറം ആവേശവുമായി മാറുകയായിരുന്നു.പരസ്യമേഖലയിലെ സംഘടനയായ ഇന്റര്‍നാഷണല്‍ അഡൈ്വര്‍ടൈസേഴ്‌സ് അസോസിയേഷന്റെ (ഐഎഎ) ആഗോളസമ്മേളനത്തിനെത്തിയ ലോക ശ്രദ്ധ നേടിയ ഹ്യൂമനോയിഡ് റോബോട്ട് സോഫിയയാണ് കാഴ്ചക്കാരുടെ മനം കവര്‍ന്നത്.

ഉച്ചകോടിയുടെ അവസാന ദിവസമായ ഇന്നലെ റോബോട്ടുകളും മനുഷ്യരും: മിത്രങ്ങളോ ശത്രുക്കളോ? എന്ന വിഷയത്തിലായിരുന്നു സോഫിയയുടെ സംവാദം. ആദ്യമായാണ് ഈ ഹ്യൂമനോയിഡ് റോബോട്ട് കേരളത്തിലെത്തിയത്. മൂന്നാം ദിവസത്തെ പ്രധാന അതിഥികളിലൊരാളായിരുന്ന സോഫിയ ചോദ്യങ്ങള്‍ക്ക് ഉചിതവും കൃത്യവുമായ മറുപടിയാണ് നല്‍കിയത്.

കൊച്ചി തന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞെന്ന് പറഞ്ഞാണ് സോഫിയ സംസാരം ആരംഭിച്ചത്. അറുന്നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് രാജ്യാന്തര സുഗന്ധവ്യഞ്ജന വ്യാപാരത്തിലൂടെ രാജ്യാന്തര പ്രശസ്തി നേടിയ കൊച്ചിയില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സോഫിയ പറഞ്ഞപ്പോഴും കയ്യടി ഉയര്‍ന്നു. വൈദഗ്ധ്യമുള്ള റോബോട്ടുകള്‍ക്ക് വലിയ കടമകള്‍ നിര്‍വഹിക്കാന്‍ കഴിയുമെന്നും റോബോട്ടുകളും മനുഷ്യരും തമ്മില്‍ ഊഷ്മളമായ ബന്ധമാണെന്നും സോഫിയ പറഞ്ഞു.

റോബോട്ടുകള്‍ എത്ര സ്മാര്‍ട്ട് ആയാലും മനുഷ്യരെ പോലെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയില്ല. റോബോട്ടുകളും മനുഷ്യരും തമ്മില്‍ അടുത്ത ബന്ധമാണുള്ളത്. ഇത് കൂടുതല്‍ ദൃഢതയോടെ മുന്നോട്ട് പോകും. ഇരുകൂട്ടര്‍ക്കും പരസ്പരം മനസിലാക്കാന്‍ ഏറെയുണ്ട്. ഒരു ഗ്ലാസ് വെള്ളം കൊണ്ട് തന്നെ നശിപ്പിക്കാം എന്നിരിക്കെ മനുഷ്യര്‍ തന്നെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ലെന്നും സോഫിയ ചോദിച്ചു.പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് തനിക് മൂന്ന് വയസ്സേ ഉള്ളൂവെന്നും പ്രണയിക്കാറായിട്ടില്ല എന്നും എല്ലാം പഠിച്ചു വരുന്നതേയുള്ളുവെന്ന സോഫിയയുടെ മറുപ ടിയും കാഴ്ചക്കാരില്‍ ചിരി പടര്‍ത്തി.

സൗദി അറേബ്യന്‍ പൗരത്വം കരസ്ഥമാക്കിയ സോഫിയ റോബോട്ടിനെ ഹാന്‍സണ്‍ റോബോട്ടിക്‌സ് എന്ന കമ്പനിയാണ് വികസിപ്പിച്ചെടുത്തത്. 2017 ഒക്ടോബറിലാണ് സൗദി പൗരത്വം നല്‍കിയത്. മനുഷ്യന് മെച്ചപ്പെട്ട ജീവിതം നയിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ തന്റെ നിര്‍മിത ബുദ്ധി ഉപയോഗിച്ച് നല്‍കുമെന്ന് പൗരത്വം സ്വീകരിച്ചുകൊണ്ട് അവര്‍ പറഞ്ഞിരുന്നു.ഒരു വര്‍ഷം മുമ്പ് മുംബൈയിലെ ഒരു ചടങ്ങിലും സോഫിയ സംബന്ധിച്ചിരുന്നു.