ഐഎൻഎക്സ് മീഡിയാ കേസിൽ ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

Posted on: February 22, 2019 8:18 pm | Last updated: February 22, 2019 at 9:41 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സിബിഐ കഴിഞ്ഞ മാസം 21ന് കേന്ദ്രത്തിന് അപേക്ഷ നല്‍കിയിരുന്നു. അടുത്ത ദിവസം തന്നെ ചിദംബരത്തിനെതിരെ കുറ്റപത്രം ഫയല്‍ ചെയ്യുമെന്ന് സിബിഐ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി.

ഈ മാസം ആദ്യം ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. 2007ല്‍ യുപിഎ ഭരണകാലത്ത് ഐഎന്‍എക്‌സ് ഗ്രൂപ്പിന് വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടാന്‍  വഴിവിട്ടു സഹായിച്ചുവെന്ന കേസിലായിരുന്നു ചോദ്യം ചെയ്യല്‍. ഐഎന്‍എക്‌സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജിയുമായും പീറ്ററുമായും നടത്തിയ കൂടിക്കാഴ്ചകള്‍ സംബന്ധിച്ചാണ് സിബിഐ പ്രധാനമായും ആരാഞ്ഞിരുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമായിരുന്നു ചോദ്യം ചെയ്യല്‍.

കാര്‍ത്തി ചിദംബരത്തെ സിബിഐ നേരത്തെ അറസ്റ്റ് ചെയിരുന്നു. പിന്നീട് അദ്ദേഹം ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.