Connect with us

Kerala

മിന്നല്‍ ഹര്‍ത്താല്‍: നഷ്ടം ഡീന്‍ കുര്യാക്കോസില്‍നിന്നും ഈടാക്കണം;189 കേസുകളില്‍ പ്രതിയാകും

Published

|

Last Updated

കൊച്ചി: ഹര്‍ത്താലിനെതിരെ കടുത്ത നടപടികളുമായി ഹൈക്കോടതി. കാര്‍സര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസില്‍നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. ഹര്‍ത്താലിലെ 189 കേസുകളിലും ഡീന്‍ കുര്യാക്കോസ് പ്രതിയാകും.ഹര്‍ത്താലില്‍ കാസര്‍കോട് ജില്ലയിലുണ്ടായ നഷ്ടങ്ങള്‍ കാസര്‍കോട് യൂഡിഎഫ് ചെയര്‍മാന്‍ എംസി കമറുദ്ദീന്‍, കണ്‍വീനര്‍ ഗോവിന്ദന്‍ നായര്‍ എന്നിവരില്‍നിന്നും ഈടാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് യുഡിഎഫ് ആണെന്ന കാര്യം പരിഗണിച്ചാണിത്. ശബരിമല ഹര്‍ത്താലിലെ 990 കേസുകളില്‍ ടിപി സെന്‍കുമാര്‍ അട
ക്കമുള്ളവര്‍ പ്രതികളാകും. ഹര്‍ത്താല്‍ നിരോധിക്കണമെന്ന ഹരജികളിലാണ് ഹൈക്കോടതി ഉത്തരവ്.

ശബരിമല ഹര്‍ത്താലുകളില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായും ഇത് നേതാക്കളില്‍നിന്നും ഈടാക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്നത് പരിഗണിച്ച് ചില മാനദ്ണ്ഡങ്ങള്‍ നേരത്തെ കോടതി പുറപ്പെടുവിച്ചിരുന്നു. ഹര്‍ത്താല്‍ നടത്തുന്നതിന് ഏഴ് ദിവസം മുമ്പ് ഇക്കാര്യം പ്രഖ്യാപിച്ച് നോട്ടീസ് നല്‍കണം. എന്നാല്‍ ഇത് പാലിക്കാതെ മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഡീന്‍ കുര്യാക്കോസിനെതിരെ കേസെടുത്തിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഡീന്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലില്‍ വ്യാപക അക്രമമുണ്ടായെന്നും കെഎസ്ആര്‍ടിസിക്ക് മാത്രം 1.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 189 കേസുകളിലായി 4,430 പേര്‍ക്കെതിരെ കേസെടുത്തുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അതേ സമയം കോടതി നടപടികളുമായി സഹകരിക്കുമെന്ന് ഡിന്‍ കുര്യാക്കോസ് പറഞ്ഞു.