മുഖ്യമന്ത്രി കൃപേഷിന്റേയും ശരത്‌ലാലിന്റേയും വീട് സന്ദര്‍ശിച്ചേക്കില്ല

Posted on: February 22, 2019 10:39 am | Last updated: February 22, 2019 at 12:25 pm

കാസര്‍കോട്:ജില്ലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിച്ചേക്കില്ല. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എങ്ങിനെ പ്രതികരിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെന്ന് അറിയുന്നു. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തെ പോലീസും നിരുത്സാഹപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യം അറിയിച്ചതിനെത്തുടര്‍ന്ന് സിപിഎം ജില്ലാ നേത്യത്വം കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടിരുന്നു. പ്രവര്‍ത്തകര്‍ എങ്ങിനെ പ്രതികരിക്കുമെന്ന് പറയാനാകില്ലെന്ന മറുപടിയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത്. സിപിഎം പാര്‍ട്ടി ഓഫീസിന്റെ ശിലാ സ്ഥാപനമടക്കമുള്ള പരിപാടികള്‍ക്കായാണ് മുഖ്യമന്ത്രി ജില്ലയിലെത്തിയിരിക്കുന്നത്. പരിപാടികളില്‍ പ്രതിഷേധ സാധ്യത കണിക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.