Connect with us

Kerala

നഷ്ടം: വരുണ്‍ ബിവറേജസിന് കൈമാറി കഞ്ചിക്കോട്ട് പെപ്‌സി നിര്‍ത്തി; ജലചൂഷണം തുടരും

Published

|

Last Updated

പാലക്കാട്: കഞ്ചിക്കോട്ടെ പെപ്‌സി കമ്പനി പൂര്‍ണമായും നിര്‍ത്തിവെച്ചു. നഷ്ടത്തെ തുടര്‍ന്ന് രാജ്യത്തെ പാനീയ നിര്‍മാണ രാജാവെന്നറിയിപ്പെടുന്ന രവി ജയ് പൂരിയുടെ ഉടമസ്ഥതയിലുള്ള വരുണ്‍ ബിവ്‌റേജസിന് കൈമാറിയതോടെയാണ് ഇന്ത്യയിലെ എല്ലാ യൂനിറ്റുകളോടൊപ്പം കഞ്ചിക്കോട്ടെ യൂനിറ്റും പൂര്‍ണമായും നിര്‍ത്തി വെക്കുന്നത്. ഇനി രവി ജയ്പൂരിയുടെ ഉടമസ്ഥതയിലുള്ള വരുണ്‍ ബിവ്‌റേജസ് ആയിരിക്കും പെപ്‌സിയുടെ ബ്രാന്‍ഡില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുക.

1850 കോടി രൂപക്കാണ് പെപ്‌സി വരുണ്‍ ബവ്‌റിജസിന് ബ്രാന്‍ഡ് ഉപയോഗിക്കാനുള്ള അവകാശം കൈമാറിയത്. പാലക്കാട് യൂനിറ്റില്‍ നിന്നടക്കം 1900 ജീവനക്കാരെയും വരുണ്‍ ബവ്‌റിജസിന് കൈമാറി. പാലക്കാട് അടക്കം മുഴുവന്‍ യൂനിറ്റുകളിെലയും ജീവനക്കാരെ പെപ്‌സികോ വരുണ്‍ ബവ്‌റിജസിന് കൈമാറിയതായി നോട്ടീസ് പുറപ്പെടുവിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കനത്ത നഷ്ടത്തിലായിരുന്നു പെപ്‌സികോ. ശരാശരി 300 കോടി രൂപയായിരുന്നു പ്രതിവര്‍ഷ നഷ്ടം. 2015ല്‍ 8130 കോടി രൂപ വിറ്റുവരവുണ്ടായിരുന്ന കമ്പനിക്ക് കഴിഞ്ഞവര്‍ഷം ലഭിച്ചത് 6540 കോടി മാത്രമാണ്. പെപ്‌സിക്കെതിരെ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും നടക്കുന്ന പ്രക്ഷോഭവും ബഹിഷ്‌കരണവുമാണ് കമ്പനിയെ നഷ്ടത്തിലേക്കെത്തിച്ചതെന്നാണ്കമ്പനി വിലയിരുത്തുന്നത്. ഇതിനെ മറികടക്കാന്‍ ഇന്ത്യയിലെ മാനേജ്‌മെന്റ് പ്രതിനിധികള്‍ പരാജയപ്പെട്ടതായും കമ്പനി വിലയിരുത്തുന്നു.
പെപ്‌സി, മൗണ്ടന്‍ ഡ്യൂ, സെവന്‍ അപ്, മിറിന്‍ഡ, ട്രോപിക്കാന, അക്വാഫിന തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇനി വരുണ്‍ ബവ്‌റിജസ് ഏറ്റെടുക്കുക. നിലവില്‍ പിസാഹട്ടിന്റേയും കെ എഫ് സിയുടെയും കോസ്റ്റാകോഫിയുടെയും ഫ്രാഞ്ചൈസ് വരുണ്‍ ബവ്‌റിജസിനുണ്ട്.
പെപ്‌സി വിരുദ്ധ സമരങ്ങള്‍ ഏറെക്കണ്ട പാലക്കാട്ടെ കമ്പനിയില്‍ പെപ്‌സിയില്‍ കരാറടിസ്ഥാനത്തില്‍ 260ഓളം തൊഴിലാളികളും 90 ഓളം സ്ഥിരം തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. എന്നാല്‍, യാതൊരു വിധ ആനുകൂല്യങ്ങളും പെപ്‌സി അധികൃതര്‍ നല്‍കിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

നിലവിലെ കമ്പനിയും ഇതേനില തുടരുകയാണെങ്കില്‍ കമ്പനി മാറിയത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് തൊഴിലാളികളുടെ വിലയിരുത്തല്‍. പെപ്‌സി കമ്പനി 2001ലാണ് പുതുശേരി പഞ്ചായത്തിന് കീഴില്‍ കഞ്ചിക്കോട് പ്രവര്‍ത്തനം തുടങ്ങുന്നത്. രണ്ടര ലക്ഷം ലിറ്റര്‍ ഭൂഗര്‍ഭജലം എടുക്കാനായിരുന്നു അനുവാദം നല്‍കിയതെങ്കിലും കമ്പനിക്കകത്ത് ഏഴ് ഭൂഗര്‍ഭ കിണറുകളുപയോഗിച്ച് അഞ്ച് ലക്ഷത്തിലേറെ ലിറ്റര്‍ജലമാണ് വിനിയോഗിക്കുന്നത്. പെപ്‌സിയുടെ ജലചൂഷണം മൂലം ഭൂഗര്‍ഭ ജലം കുറയുകയും പരിസരത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയുമാണ്. ഇതിനെതിരെ വി എസ് അച്യുതാനന്ദനടക്കം ശക്തമായ പ്രതിഷേധിച്ചതിരനെ തുടര്‍ന്ന് പഞ്ചായത്ത് വേനല്‍ക്കാലത്ത് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നടപടിയെടുത്തിരുന്നെങ്കിലും കമ്പനി ഹൈക്കോടതിയില്‍ പോയി പ്രവര്‍ത്തനാനുമതി നേടിയിരുന്നു.
പെപ്‌സി ജലചൂഷണത്തിനെതിരെയും പരിസ്ഥിതി മലനീകരണത്തിനെതിരെയും പ്രക്ഷോഭങ്ങള്‍ നടന്നുവെങ്കിലും കമ്പനിയുടെ പ്രവര്‍ത്തനം മൂലം ദുരിതത്തിന് അറുതിയായിട്ടില്ല. നിലവില്‍ പെപ്‌സി യൂനിറ്റ് നിര്‍ത്തിവെച്ചെങ്കിലും മറ്റൊരു രൂപത്തില്‍ കമ്പി വരുന്നത് ജനങ്ങളില്‍ ആശങ്കയുളവാക്കിയിട്ടുണ്ട്.

1991 മുതല്‍ പെപ്‌സി കമ്പനിയുടെ ഉത്പാദനത്തിന് വേണ്ടിയുള്ള സാങ്കേതിക ഉപദേശം നല്‍കിയിരുന്ന വരുണ്‍ ബിവേറജ് കമ്പനി ഏറ്റെടുത്തതോടെ കഞ്ചിക്കോട്ടെ കമ്പനിയില്‍ നിന്ന് ജലചൂഷണം കൂടുമെന്നാണ് സൂചന. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 45 വ്യത്യസ്ത കമ്പനികളാണുള്ളത്.
ഇന്ത്യയിലും നേപ്പാളിലുമായി 20ഓളം വന്‍കിട പാനീയ കമ്പനികള്‍ വരുണ്‍ ബിവ്‌റേജിനുണ്ട്. നോര്‍ത്ത് ഇന്ത്യയിലാണ് പ്രധാന വിപണ കേന്ദ്രം. രാജ്യത്തെ 45 ശതമാനത്തോളെ പാനീയങ്ങള്‍ വരുണ്‍ ബിവേറജിന്റെ കുത്തകയിലാണ്. ദക്ഷിണേന്ത്യയില്‍ വിപണ കേന്ദ്രം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് കഞ്ചിക്കോട്ടെ പ്രവര്‍ത്തനം സജീവമാക്കാനുള്ള തീരുമാനം.
നിലവില്‍ പെപ്‌സി ഉത്പാദിപ്പിക്കാനുള്ളതിനേക്കാള്‍ പാനീയം ഉത്പാദനത്തിന് കമ്പനി തുനിഞ്ഞാല്‍ ജലചൂഷണത്തിന് ആക്കം കുട്ടുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. ഇതിനെതിരെ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്