യു എ ഇ ടൂര്‍ 24ന് തുടങ്ങും, മത്സരം ഏഴ് ഘട്ടങ്ങളായി

Posted on: February 20, 2019 7:29 pm | Last updated: February 20, 2019 at 7:29 pm

ദുബൈ: യു എ ഇ ടൂര്‍ ഈ മാസം 24ന് തുടങ്ങും. വിവിധ രാജ്യങ്ങളില്‍നിന്നുള്ള സൈക്ലിങ് താരങ്ങള്‍ അണിനിരക്കും. ഏഴ് ഘട്ടങ്ങളായാണ് മത്സരം. നേരത്തെ അബുദാബി ടൂര്‍, ദുബൈ ടൂര്‍ എന്നിങ്ങനെ പ്രത്യേകം പ്രത്യേകം നടത്തിയിരുന്ന മത്സരമാണ് ഇത്തവണ ഒന്നിച്ച് യു എ ഇ ടൂര്‍ എന്ന പേരില്‍ ഒരുക്കുന്നത്. രാജ്യത്തെ ഏഴ് എമിറേറ്റുകളിലെയും ദൈര്‍ഘ്യമേറിയ പാതകളിലൂടെയാണ് ഇത്തവണ വാശിയേറിയ സൈക്ലിങ് മത്സരം നടക്കുക. ഇതില്‍ ആദ്യ മൂന്ന് ഘട്ടങ്ങളും അബുദാബിയിലെ വ്യത്യസ്ത പാതകളില്‍ നടക്കും. നാലാംഘട്ടം ദുബൈയിലാണ്. ഷാര്‍ജയിലും റാസ് അല്‍ ഖൈമയിലുമായാണ് അഞ്ചാംഘട്ടം. റാസല്‍ഖൈമയിലും ഫുജൈറയിലുമായി ആറാംഘട്ടം നടക്കും. അജ്മാന്‍, ഉമുല്‍ ഖുവൈന്‍ എന്നീ എമിറേറ്റുകള്‍ താണ്ടി ഏഴാംഘട്ടം ദുബൈയില്‍ അവസാനിക്കും.

1,090 കിലോമീറ്റര്‍ ദൂരമാണ് ടീമുകള്‍ സൈക്കിളില്‍ സഞ്ചരിക്കേണ്ടത്.
18 വേള്‍ഡ് ടൂര്‍ സംഘങ്ങളും ഒരു യു സി ഐ പ്രൊഫഷണല്‍ കോണ്ടിനെന്റല്‍ ടീമുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. അബുദാബി സ്‌പോര്‍ട്സ് കൗണ്‍സില്‍, ദുബൈ സ്‌പോര്‍ട്സ് കൗണ്‍സില്‍, ഷാര്‍ജ സ്‌പോര്‍ട്സ് കൗണ്‍സില്‍, ആര്‍ സി എസ്. സ്‌പോര്‍ട്സ് എന്നിവ സംയുക്തമായാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമായ അഡ്നോക്ക് സ്റ്റേജില്‍ അബുദാബി അല്‍ ഹുദയറിയത് ഐലന്‍ഡില്‍നിന്ന് പുറപ്പെട്ട് തിരിച്ചെത്തുന്ന വിധത്തിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. 16 കിലോമീറ്റര്‍ ദൂരമാണ് ആദ്യദിവസം സംഘങ്ങള്‍ താണ്ടുക.
രാജ്യത്ത് സൈക്ലിങ് ട്രാക്കുകളുടെ എണ്ണം കൂടുകയാണ്. ഈ സാഹചര്യത്തില്‍ ലോകനിലവാരത്തിലുള്ള ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത് വിനോദസഞ്ചാരമേഖലക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.