സഊദി കിരീടാവകാശിയുടെ ഇന്ത്യന്‍ സന്ദര്‍ശനം: അഞ്ച് സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

Posted on: February 20, 2019 7:21 pm | Last updated: February 20, 2019 at 8:51 pm

റിയാദ്/ ന്യൂഡല്‍ഹി: സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയുമായി അഞ്ച് സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു .ഇന്ത്യയിലെത്തിയ കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതിരോധ – വാണിജ്യ മേഖലകളിലേത് ഉള്‍പ്പെടെ അഞ്ച് സുപ്രധാന കരാറുകളില്‍ ഇരു രാജ്യങ്ങളും വെച്ചത് .

നാഷണല്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഇന്ത്യാ ഗവണ്‍മെന്റും സൗദി അറേബ്യയിലെ ഗവണ്‍മെന്റും തമ്മിലുള്ള നിക്ഷേപങ്ങള്‍ നടത്തുന്നതിനുള്ള ധാരണാ പത്രം,ടൂറിസം,പ്രതിരോധ സഹകരണം ശക്തിപ്പെടുത്തല്‍,അടിസ്ഥാനസൗകര്യ വികസനം, പ്രക്ഷേപണരംഗങ്ങളിലെ സഹകരണം, നിക്ഷേപം തുടങ്ങിയ അഞ്ച് സുപ്രധാന ധാരണാ പത്രങ്ങളിലാണ് ഒപ്പു വെച്ചത് .വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ,സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്,എക്കണോമിക് റിലേഷന്‍ സെക്രട്ടറി ടിഎസ് തിരുമൂര്‍ത്തി , സഊദി വ്യവസായ ഊര്‍ജ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അല്‍ ഫാലിഹ്, സൗദി വിദേശ മന്ത്രി ആദില്‍ അല്‍ ജുബൈര്‍, വാണിജ്യനിക്ഷേപ വകുപ്പ് മന്ത്രി ഡോക്ടര്‍ മാജിദ് ബിന്‍ അബ്ദുല്ല അല്‍ ഖസബി, വാര്‍ത്ത വിതരണ വകുപ്പ് മന്ത്രി ഡോ:തുര്‍ക്കി ബിന്‍ അബ്ദുല്ല അല്‍ശബാന മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു