തിരഞ്ഞെടുപ്പില്‍ മോദിയുടെയും ബി ജെ പിയുടെയും നില ശുഭകരമല്ല: ശിവസേന നേതാവ് സഞ്ജയ് റാവുത്ത്

Posted on: February 20, 2019 3:36 pm | Last updated: February 24, 2019 at 5:07 pm

മുംബൈ: വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെയും ബി ജെ പിയുടെയും നില ശുഭകരമല്ലെന്ന സൂചന നല്‍കി ശിവസേനയുടെ മുതിര്‍ന്ന നേതാവും സംഘടനയുടെ മുഖപത്രമായ സാമ്‌ന പത്രാധിപരുമായ സഞ്ജയ് റാവുത്ത്. ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് റാവുത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചത്. മോദിയെ മുന്‍നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി ജെ പിക്കു ശിവസേന പിന്തുണ നല്‍കുന്നതിനെ സംബന്ധിച്ചു ചോദിച്ചപ്പോള്‍ മോദി പ്രഭാവം മങ്ങിയിട്ടുണ്ടെന്ന രീതിയിലാണ് റാവുത്ത് പ്രതികരിച്ചത്.

ബിഹാറില്‍ നിതീഷ് കുമാറും പഞ്ചാബില്‍ പ്രകാശ് സിംഗ് ബാദലും മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയുമാണ് എന്‍ ഡി എയുടെ മുഖമെന്നും ശിവസേനാ നേതാവ് തുറന്നടിച്ചു. സ്മാര്‍ട്ട് സിറ്റി, വ്യവസായ ശാലകള്‍, ബുള്ളറ്റ് ട്രെയിന്‍ തുടങ്ങിയവ നടപ്പിലാക്കുന്നതിനായി കൃഷിഭൂമി കവരുന്ന മോദിയുടെ നയത്തെ സാമ്‌ന വിമര്‍ശിച്ചു പോന്നിട്ടുണ്ട്.

തൊഴില്‍ നഷ്ടത്തിനു വഴിതെളിച്ച നോട്ട് നിരോധനത്തെയും ഞങ്ങള്‍ എതിര്‍ത്തിട്ടുണ്ട്. രാമക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം നിറവേറ്റപ്പെട്ടിട്ടില്ല. ഇതുകൊണ്ടൊക്കെ തന്നെ മനസ്സോടെയല്ല, ബി ജെ പിയുമായി വീണ്ടും സഖ്യം രൂപവത്കരിച്ചിട്ടുള്ളത്- റാവുത്ത് പറഞ്ഞു.

ശിവസേന ഒറ്റക്കു മത്സരിക്കണമെന്നാണ് അണികളുടെ വികാരം. എന്നാല്‍, രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി സഖ്യത്തിനു തയാറാവുകയായിരുന്നു.
തൂക്കുസഭ രൂപപ്പെട്ടാല്‍ നിതിന്‍ ഗഡ്കരി പ്രധാന മന്ത്രിയാകുമെന്ന പ്രചാരണമൊക്കെ ആര്‍ എസ് എസിന്റെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണ്. ബി ജെ പിക്കു കഴിഞ്ഞ തവണത്തെക്കാള്‍ 100 സീറ്റ് കുറഞ്ഞാല്‍ പ്രധാന മന്ത്രിയെ എന്‍ ഡി എ തീരുമാനിക്കും. വലിയ നേതാക്കള്‍ വേറെയുമുണ്ട്.

ഗാന്ധി കുടുംബത്തെയും സ്‌നേഹിക്കുന്നവര്‍ ഇന്നും ധാരാളമുള്ളതിനാല്‍ പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.