അംബാനി പെട്ടു; കോടതിയലക്ഷ്യനടപടി തുടങ്ങി; 453 കോടി നല്‍കിയില്ലെങ്കില്‍ ജയിലില്‍ വാസം

Posted on: February 20, 2019 11:20 am | Last updated: February 20, 2019 at 2:59 pm

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോക്ക് ആസ്തികള്‍ വിറ്റവകയില്‍ 453 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസില്‍ അനില്‍ അംബാനിക്കെതിരെ നടപടിയുമായി സുപ്രീം കോടതി. എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള തുക തിരിച്ച് അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നാല് ആഴ്ചക്കകം തുക തിരിച്ച് നല്‍കണമെന്നാണ് സുപ്രീം കോടതി വിധി.

എറിക്‌സന്‍ കമ്പനിക്ക് നല്‍കാനുള്ള 453
കോടി കുടിശ്ശിക നല്‍കാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ് നടപടി. എറിക്‌സണ്‍ ഇന്ത്യക്ക് നല്‍കാനുള്ള 453 കോടി രൂപ കഴിഞ്ഞ ഒക്ടോബറിനുള്ളില്‍ നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് എറിക്‌സണ്‍ കോടതിയലക്ഷ്യ പരാതിയുമായി കോടതിയെ സമീപിച്ചത്.

ആസ്തി വിറ്റ് 3000 കോടി രൂപ ലഭിച്ചിട്ടും കുടിശ്ശിക നല്‍കാത്തത് കോടതിയലക്ഷ്യമാണെന്ന് എറിക്‌സണുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവെ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. റഫാല്‍ ഇടപാടിനായി കോടികള്‍ ചെലവാക്കിയ അംബാനിക്ക് തന്റെ കക്ഷിക്ക് നല്‍കാന്‍ മാത്രമാണ് പണമില്ലാത്തതെന്നും ദുഷ്യന്ത് ദാവെ വാദിച്ചു.

കോടതി ഉത്തരവ് ബോധപൂര്‍വം ലംഘിച്ചിട്ടില്ലല്ലെന്നും ജിയോ യുമായുള്ള ഇടപാട് മുടങ്ങിയത് മൂലം ആണ് പണം നല്‍കാന്‍ കഴിയാതിരുന്നതെന്ന് അംബാനിക്ക് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി പറഞ്ഞു.