Connect with us

National

പണം കിട്ടിയാല്‍ ഏതു പ്രചാരണത്തിനും തയാര്‍; ഒളികാമറയില്‍ കുടുങ്ങി ബോളിവുഡ് താരങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: കോബ്ര പോസ്റ്റിന്റെ ഓപറേഷന്‍ കരോക്കെയില്‍ കുടുങ്ങി ബോളിവുഡ് താരങ്ങള്‍. പണം നല്‍കിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഏത് ആശയവും സ്വന്തം സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ മുഖാന്തരം പ്രചരിപ്പിക്കാമെന്ന താരങ്ങള്‍ പറയുന്നത് ഒളികാമറയില്‍ പതിഞ്ഞു.

സണ്ണി ലിയോണ്‍, ജാക്കി ഷ്‌റോഫ്, സോനു സൂദ്, വിവേക് ഒബ്‌റോയ്, മഹിമ ചൗധരി, ശ്രേയസ് തല്‍പാണ്ഡെ, പുനീത് ഇസ്സാര്‍, ടിസ്‌ക ചോപ്ര, രോഹിത് റോയ്, മിനിഷ ലാംബ, ശക്തി കപൂര്‍ തുടങ്ങി 36 സിനിമാ താരങ്ങളും പ്രവര്‍ത്തകരുമാണ് ഓപറേഷനില്‍ വെട്ടിലായത്. വീഡിയോ ഉള്‍പ്പടെയാണ് കോബ്ര പോസ്റ്റ് പുറത്തുവിട്ടത്.

ബി ജെ പി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവക്കു വേണ്ടി പൊതുജന സമ്പര്‍ക്ക പരിപാടി നടത്തുന്ന ഏജന്‍സി എന്ന വ്യാജേനയാണ് കോബ്ര പോസ്റ്റിന്റെ റിപ്പോര്‍ട്ടര്‍മാര്‍ താരങ്ങളെ സമീപിച്ചത്. പണം നല്‍കിയാല്‍ ഏതു സാമൂഹിക മാധ്യമത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി പോസ്റ്റിടാന്‍ തയാറാണെന്ന് താരങ്ങള്‍ പറഞ്ഞു. മുഴുവന്‍ തുകയും പണമായി തന്നെ നല്‍കണമെന്നാണ് ഇവരില്‍ പലരും ആവശ്യപ്പെട്ടത്. നോട്ട് നിരോധനത്തെ ചരിത് സംഭവമായി വിശേഷിപ്പിച്ച ശക്തി കപൂറും ഇങ്ങനെ ആവശ്യപ്പെട്ടവരില്‍ ഉള്‍പ്പെടും.

വിദ്യാ ബാലന്‍, അര്‍ഷദ് വര്‍സി, റസ മുറാദ്, സൗമ്യ ഠണ്ടന്‍ എന്നിവര്‍ വിയോജിപ്പു പ്രകടിപ്പിച്ചു. സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ട് വഴി ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നത് ആരാധകരെ ആശയക്കുഴപ്പത്തിലാക്കുമെന്നും അതു തങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഇവര്‍ പറഞ്ഞു.