Connect with us

International

'ഓണ്‍ലൈന്‍ ലോകത്തെ ഗുണ്ടാ സംഘം' ; ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശവുമായി ബ്രിട്ടന്‍

Published

|

Last Updated

ലണ്ടന്‍: ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശവുമായി ബ്രിട്ടീഷ് പാര്‍ലിമന്ററി കമ്മിറ്റി. ഫേസ് ബുക്കിനെ ഓണ്‍ലൈന്‍ ലോകത്തെ ഗുണ്ടാ സംഘമെന്നാണ് ബ്രിട്ടീഷ് പാര്‍ലിമന്ററി കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്.
വിവര സ്വകാര്യതാ, ആന്റി കോമ്പറ്റീഷന്‍ നിയമങ്ങള്‍ ഫേസ്ബുക്ക് അറിഞ്ഞുകൊണ്ട് ലംഘിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെറ്റായ വിവരങ്ങള്‍ വ്യാജവാര്‍ത്ത എന്നിവയുമായി ബന്ധപ്പെട്ട് പാര്‍ലിമെന്റിലെ ഡിജിറ്റല്‍ കള്‍ച്ചര്‍ മീഡിയാ ആന്‍ഡ്് സ്‌പോര്‍ട്ട് (ഡി സി എം എസ്) സെലക്ട് കമ്മിറ്റി 18 മാസത്തെ അന്വേഷണത്തിനൊടുവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഫേസ്ബുക്കിനെതിരെ ഗുരുതരമായ ആക്ഷേപങ്ങളുള്ളത്.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഫേസ് ബുക്കിന് മേല്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ദിവസേന വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മുന്‍നിര സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും അജ്ഞാത ഉറവിടങ്ങളില്‍ നിന്നും ഓരോരുത്തരേയും ലക്ഷ്യമിട്ടുവരുന്ന പരസ്യങ്ങളും ജനാധിപത്യത്തെ ഭീഷണിയിലാഴ്ത്തുകയാണ് എന്ന് ഡി സി എം എസ് കമ്മിറ്റി ചെയര്‍മാന്‍ ഡാമിയന്‍ കൊളിന്‍സ് പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചുനാളുകളായി ഫേസ്ബുക്ക് നേരിട്ട വിവര ചോര്‍ച്ചാ സംഭവങ്ങളും സിക്‌സ് 4 ത്രി എന്ന അമേരിക്കന്‍ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്ത രേഖകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.