പുല്‍വാമ; വംശീയാക്രമണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: എസ്എസ്എഫ്

Posted on: February 18, 2019 2:10 pm | Last updated: February 18, 2019 at 4:10 pm
എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച നേതൃ പരിശീലന ശില്‍പ ശാല ഐപിബി ഡയറക്ടര്‍ എം.അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം രാജ്യത്ത് രൂപപ്പെടുന്ന ദ്രുവീകരണ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന് എസ് എസ് എഫ്. രാഷ്ട്രീയ ഭേദമന്യേ രാജ്യം മുഴുവന്‍ ഒറ്റക്കെട്ടായി ഭീകരവിരുദ്ധ പോരാട്ടങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച സമയത്തും സംഭവത്തിന്റെ മറവില്‍ വംശീയ കലാപങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ചിലര്‍.

വിവിധ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം കാശ്മീരികള്‍ക്കെതിരെ നടന്ന അക്രമണം രാജ്യത്തിനാകെ മാനക്കേടായിരിക്കുന്നു. ആക്രമണത്തിന്റെ പിതൃത്വം ആരോപിക്കപ്പെടുന്ന തീവവാദ സംഘടനയുടെ പേരു പോലും സാഹചര്യാനുസരണം മാറ്റിപ്പറയുകയും മുസ്ലിംകളുള്‍പ്പടെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ കൊലവിളി മുഴക്കി ജനക്കൂട്ടത്തെ തെരുവിലിറക്കുകയും ചെയ്യുന്നതിനെ ലാഘവത്തോടെ നോക്കിക്കാണരുത്.

പുല്‍വാമ സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും അന്യേഷണ വിധേയമാക്കണം. ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരിക്കെ പരിശീലനം കഴിഞ്ഞ് വരുന്ന സൈനിക വ്യൂഹത്തിന് മതിയായ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയാതെ പോയി എന്നത് അവിശ്വസനീയമാണ്.

എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച നേതൃ പരിശീലന ശില്‍പ ശാലയില്‍ ദേശീയ സെക്രട്ടറി കെ.അബ്ദുല്‍കലാം സംസാരിക്കുന്നു

എസ്എസ്എഫ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച നേതൃ പരിശീലന ശില്‍പ ശാലയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടവതരിപ്പിച്ച പ്രമേയേം ഭീകരതക്കെതിരായ പോരാട്ടങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
കേച്ചേരി മമ്പഉല്‍ ഹുദ കാമ്പസില്‍ നടന്ന ശില്‍പശാല ‘ബ്ലൂ പ്രിന്റില്‍’ 2019 -20 വര്‍ഷത്തെ സംഘടനാ വിഷന്‍ അവതരിപ്പിച്ചു. ആത്മീയം,സംഘാടനം,ആരോഗ്യം,പദ്ധതി പഠനം,വായന തുടങ്ങിയ വിവിധ സെഷനുകളില്‍ ചര്‍ച്ച നടന്നു. ഐപിബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സികെ റാഷിദ് ബുഖാരി അദ്ധ്യക്ഷത വഹിച്ചു. എസ്എസ്എഫ് ദേശീയ സെക്രട്ടറി കെ.അബ്ദുല്‍കലാം, എസ്.എസ്.എഫ് മുന്‍ സംസ്ഥാന ജന:സെക്രട്ടറി കെ.അബ്ദുറഷീദ് നരിക്കോട് എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
സംസ്ഥാന ജന:സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅഫര്‍ സാദിഖ് നന്ദിയും പറഞ്ഞു.