ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു

Posted on: February 18, 2019 1:49 pm | Last updated: February 18, 2019 at 8:15 pm

കറാച്ചി: ഇന്ത്യയിലെ ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദിനെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു. പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥിതിഗതികളെ കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് ഹൈക്കമ്മീഷണറെ തിരിച്ചുവിളിച്ചതെന്നാണ് അറിയുന്നത്. തിങ്കളാഴ്ച രാവിലെ സുഹൈല്‍ ഡല്‍ഹി വിട്ടതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.

40 സൈനികരുടെ മരണത്തിനിടയാക്കി ഇക്കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളുമായി ഇന്ത്യ മുന്നോട്ടു പോവുകയാണ്. ഉചിതമായ സമയത്ത് തിരിച്ചടിക്കാന്‍ സൈന്യത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. നടപടിയുടെ ഭാഗമായി പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവയും വര്‍ധിപ്പിച്ചിട്ടുണ്ട്.