മനുഷ്യരെ വെട്ടിക്കൊല്ലുന്നത് പ്രാകൃത നടപടി; കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ സംരക്ഷിക്കില്ല: കോടിയേരി

Posted on: February 18, 2019 12:25 pm | Last updated: February 18, 2019 at 1:51 pm

തിരുവനന്തപുരം: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ സിപിഎമ്മുകാര്‍ക്ക് പങ്കുണ്ടെങ്കില്‍ പാര്‍ട്ടി സംരക്ഷിക്കില്ലെന്നും അവരെ പാര്‍ട്ടിയില്‍വെച്ച് പൊറുപ്പിക്കില്ലെന്നും കോടിയേരി പറഞ്ഞു.

രാഷ്ട്രീയ ബോധമുള്ളവരാരും ഈ സമയത്ത് ഇത്തരമൊരു പ്രവര്‍ത്തിക്ക് തയ്യാറാകില്ല. കാസര്‍കോട് ജില്ലയില്‍ എല്‍ഡിഎഫ് ജാഥ നടക്കുമ്പോഴാണ് സംഭവമുണ്ടായിരിക്കുന്നത്. കൊലപാതകത്തിന് പിന്നില്‍ ആരായാലും നടപടിയെടുക്കണം. മുമ്പ് അവിടെ എന്തൊക്കെ സംഭവിച്ചിരുന്നുവെങ്കിലും കൊലപാതകത്തിന് യാതൊരു ന്യായീകരണവുമില്ല. മനുഷ്യരെ വെട്ടിക്കൊല്ലാന്‍ പാടില്ല. പ്രാകൃതമായ നടപടിയാണിതെന്നും തന്നെ കണ്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവെ കോടിയേരി പറഞ്ഞു.