ദി ഹിന്ദു ഉണരുമ്പോൾ

ബോഫോഴ്‌സ് അഴിമതി തുറന്നു കാട്ടിക്കൊണ്ട് എഴുതിയ റിപ്പോർട്ടിലൂടെയാണ് ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എൻ റാം ദേശീയ മാധ്യമരംഗത്ത് ശ്രദ്ധപിടിച്ചുപറ്റുന്നത്.റാഫേൽ ഇടപാടിൽ അദ്ദേഹം വെളിപ്പെടുത്തിയതിന് സമാനമായ സാഹചര്യമായിരുന്നു ബോഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടു വന്നപ്പോഴുമുണ്ടായിരുന്നത്. ബോഫോഴ്‌സ് പുറത്തുകൊണ്ടു വന്നപ്പോൾ ഇന്ത്യൻ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ ഉൾപ്പെടെ പ്രധാന മാധ്യമങ്ങളെല്ലാം ഹിന്ദുവിനോടൊപ്പം നിന്ന് അഴിമതിക്കെതിരെ പോരാടി. പക്ഷേ, റാഫേൽ വിഷയത്തിൽ ഒറ്റയാൾ പോരാട്ടമാണ്. ഏതായാലും എൻ റാം ഇപ്പോൾ ചെയ്തിരിക്കുന്ന റിപ്പോർട്ടുകൾ രാജ്യത്തെ മാധ്യമചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞു.
Posted on: February 18, 2019 6:01 am | Last updated: February 18, 2019 at 6:55 pm
എന്‍ റാം

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഹിറ്റായ ഒരു ട്രോളിൽ നിന്ന് തുടങ്ങാം. ദി ഹിന്ദു പത്രത്തിന്റെ ഓഫീസിൽ വന്ന് ഒരു സംഘപുത്രൻ ഉണരൂ, ഹിന്ദു ഉണരൂ എന്ന് പറയുന്നു. പത്രത്തിൽ നിന്ന് റാഫേൽ അഴിമതി, പ്രധാനമന്ത്രി ഓഫീസിന്റെ നേരിട്ടുള്ള ഇടപെടൽ എന്നിങ്ങനെ മറുപടി ലഭിക്കുന്നു. വേണ്ട ഈ ഹിന്ദു ഉണരരുത്, ഉറങ്ങിക്കോളൂ എന്ന് പറഞ്ഞ് ‘സംഘി’ തടിതപ്പുന്നു.

ട്രോളിന്റെ പശ്ചാത്തലം കഴിഞ്ഞ ആഴ്ച ദി ഹിന്ദു പത്രം പ്രസിദ്ധീകരിച്ച വാർത്തകളാണ്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ദേശീയ മാധ്യമരംഗത്ത് സർക്കാറിനെ സമ്മർദത്തിലാക്കി ഇത്രമേൽ വെളിപ്പെടുത്തലുകൾ പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക റിപ്പോർട്ട് വേറെയില്ല. റിപ്പോർട്ട് ചെയ്തിരിക്കുന്നത് ദി ഹിന്ദു ഗ്രൂപ്പ് ചെയർമാനും പ്രമുഖ മാധ്യമ പ്രവർത്തകനുമായ എൻ റാം ആണ്. റാഫേൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നാളിതുവരെ പുറത്തുവന്നതിൽ നിന്ന് വ്യത്യസ്തമായി ആധികാരിക രേഖകളോടെയുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലാണ് എൻ റാം നടത്തിയിരിക്കുന്നത്. ഈ അഴിമതിക്കേസിൽ കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടുകളാണ് ദി ഹിന്ദു പ്രസിദ്ധീകരിച്ചത്.

ഫ്രാൻസുമായുള്ള റാഫേൽ കരാറിന് വേണ്ടി മോദി സർക്കാർ നടത്തിയ ക്രമവിരുദ്ധ നടപടികളുടെ കൂടുതൽ രേഖകൾ ഇതോടെ പുറത്തുവന്നു. അഴിമതി ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകളിൽ വെള്ളം ചേർത്താണ് മോദി സർക്കാർ കരാർ നടപ്പിലാക്കിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന രേഖകളിൽ പ്രധാനമായും ഉള്ളത്. കരാറിന്റെ ഉള്ളുകള്ളികളെക്കുറിച്ച് ദി ഹിന്ദു വിശദമായി അന്വേഷണം നടത്തിയിരിക്കുന്നു. മികച്ച തയ്യാറെടുപ്പോടെ ധീരനായ ഒരു പത്രപ്രവർത്തകന്റെ ഇടപെടൽ മൂന്ന് ദിവസങ്ങളിലായി ദി ഹിന്ദു പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ തെളിഞ്ഞുകാണാം. ഇതോടെ കൂടുതൽ ചോദ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഉത്തരം പറയാൻ നിർബന്ധിതമായിരിക്കയാണ്. 7.87 ബില്ല്യൺ യുറോവിന്റെ റാഫേൽ കരാർ നടപ്പിലാക്കാൻ അഴിമതി തടയുന്നതിന് ഏർപ്പെടുത്തിയ വ്യവസ്ഥകളിൽ ഇതുവരെ നടപ്പിലാക്കാത്ത തരത്തിലുള്ള ഇളവുകളാണ് മോദി സർക്കാർ വരുത്തിയതെന്നാണ് ദി ഹിന്ദു പ്രസിദ്ധീകരിച്ച എൻ റാമിന്റെ റിപ്പോർട്ടിലുള്ളത്.

സ്റ്റാന്റേഡ് ഡിഫൻസ് പ്രോക്യുയർമെന്റ് പ്രോസിഡിയറിലെ ചില വ്യവസ്ഥകളാണ് കരാറിനായി മാറ്റിയത്. ഇടനിലക്കാർക്കുള്ള കമ്മീഷനോ അനധികൃതമായ സ്വാധീനമോ തടയുന്നതിനായി ഏർപ്പെടുത്തിയ വ്യവസ്ഥകൾ കരാരിന് വേണ്ടി മറികടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യങ്ങൾക്കുള്ള കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ച മാറ്റം അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന മനോഹർ പരീക്കർ അധ്യക്ഷനായ ഡിഫൻസ് അക്യുസിഷൻ കൗൺസിൽ അംഗീകരിക്കുകയായിരുന്നു. ഇന്ത്യയും ഫ്രാൻസുമായി ഏർപ്പെട്ട ഇന്റർ ഗവൺമെന്റൽ എഗ്രിമെന്റിന്റെ തൊട്ടുമുമ്പാണ് വ്യവസ്ഥകൾ ഇളവുവരുത്തിയത്. എന്നാൽ ഇത്തരത്തിൽ മാറ്റം വരുത്തിയ വിവരം സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകളിൽ കാണിച്ചിട്ടില്ലെന്നും ദി ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നു. കരാർ നടപ്പിലാക്കുമ്പോൾ പാലിക്കേണ്ട സപ്ലൈ പ്രോട്ടോക്കോളിൽ നിന്നാണ് വ്യവസ്ഥകൾ മാറ്റിയത്. ദാസോ കമ്പനിയാണ് സപ്ലൈ പ്രോട്ടോകോളിലെ വ്യവസ്ഥകൾ പാലിക്കേണ്ടത്. ചട്ടങ്ങളിൽ മാറ്റം വരുത്തിയതോടെ, ഇളവിന്റെ ആനുകൂല്യം ദാസോ കമ്പനിയ്ക്കാണെന്ന് വ്യക്തമായിരിക്കുകയാണ്. ഇങ്ങനെ അഴിമതി തടയാൻ ഉദ്ദേശിച്ചുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തുന്നതിനെ കരാറുമായി ബന്ധപ്പെട്ട ചർച്ചക്ക് നിയോഗിച്ചിരുന്ന സമിതിയിലെ മൂന്ന് പേർ എതിർത്തു.

അത് അറിയിച്ചു കൊണ്ട് അവരെഴുതിയ എട്ടു പേജുള്ള വിയോജനക്കുറിപ്പും ‘ദ ഹിന്ദു’ പുറത്തുവിട്ടു. ഇന്ത്യൻ സംഘത്തിലുണ്ടായിരുന്ന ഇന്ത്യൻ കോസ്റ്റ് അക്കൗണ്ടിംഗ് സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ എം പി സിംഗ്, വ്യോമയാന മന്ത്രാലയത്തിലെ ഫൈനാൻഷ്യൽ മാനേജറായ എആർ സ്യൂൾ, ജോയിന്റ് സെക്രട്ടറിയായ രാജീവ് വർമ എന്നിവരായിരുന്നു എതിർപ്പറിയിച്ചു കൊണ്ട് കത്തെഴുതിയിരുന്നത്. ആദ്യ കരാറിൽ പറഞ്ഞിരുന്നതിനേക്കാൾ കൂടുതൽ സമയമാണ് പുതിയ കരാറിൽ നിശ്ചയിച്ചിരുന്നതെന്നും കത്തിൽ പറയുന്നു. പുതിയ കരാർ ലാഭകരമാണെന്ന കേന്ദ്ര സർക്കാറിന്റെ മറ്റൊരു വാദം കൂടിയാണ് പുതിയ വെളിപ്പെടുത്തലിലൂടെ പൊളിയുന്നത്. സുപ്രീം കോടതിയിൽ സർക്കാർ അറിയിച്ചിരുന്നത് പുതിയ കരാർ ആദ്യകരാറിനേക്കാൾ പണത്തിന്റെ കാര്യത്തിലും സമയത്തിന്റെ കാര്യത്തിലും ലാഭകരമാണെന്നായിരുന്നു. ഫ്രഞ്ച് സർക്കാറിന്റെയോ ബാങ്കിന്റെയോ ഗ്യാരണ്ടിയില്ലാതെ കരാറിലേർപ്പെടുന്നതിനെയും ഇവർ എതിർത്തിരുന്നു. ചർച്ചക്കായെത്തിയ ഇന്ത്യൻ സംഘത്തിനോട് ഘട്ടം ഘട്ടമായി വില ഉയർത്തുകയാണ് കമ്പനി അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിരുന്നതെന്നും, വിമാനങ്ങൾ കൈമാറ്റം ചെയ്യാമെന്നറിയിച്ച കാലാവധി നീണ്ടതാണെന്നും കത്തിൽ വ്യക്തമാക്കുന്നു. വിയോജനക്കുറിപ്പിൽ അവർ ഇങ്ങനെ രേഖപ്പെടുത്തി. ‘ഇരു രാജ്യങ്ങൾ തമ്മിലുളള കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്പന്നങ്ങൾ വാങ്ങുന്നതെങ്കിലും കരാറിലെ വ്യവസ്ഥകൾ പ്രകാരം ഇത് നൽകുന്നതിനുള്ള ഉത്തരവാദിത്വം ഫ്രഞ്ച് സർക്കാറിൽനിന്ന് ഫ്രഞ്ച് ഇന്റസ്ട്രിയൽ സപ്ലൈയേഴ്‌സിലെക്ക് മാറ്റിയിരിക്കയാണ്. എന്നുമാത്രമല്ല, പണം ഫ്രഞ്ച് സർക്കാറിന് നൽകുന്നതിന് പകരം ഇന്റസ്ട്രിയൽ സപ്ലൈയേഴിസിന് ആണെന്നും വ്യവസ്ഥ ചെയ്തിരിക്കുന്നു. സാമ്പത്തിക ഇടപാടിൽ കാണിക്കേണ്ട അടിസ്ഥാന പരിഗണന പോലും ബലികഴിക്കുന്ന ഈ വ്യവസ്ഥകൾ നല്ലതല്ല.’ കരാറുകളിൽ സുതാര്യത ഉറപ്പുവരുത്താൻ മറ്റൊരു അക്കൗണ്ട് വഴി വിതരണക്കാർക്ക് പണം നൽകുന്നതിനുള്ള എസ്‌ക്രൂ അക്കൗണ്ട് വഴിയുള്ള വ്യവസ്ഥകളാണ് മോദി സർക്കാർ എടുത്തുകളഞ്ഞത്.
ഇരു രാജ്യങ്ങൾ തമ്മിലുള്ള കരാറിന്റെ പേരിലാണ് ഇത്തരം നടപടികൾ. എന്നാൽ ദാവോ എന്ന കമ്പനിയാണ് ഇന്ത്യക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യേണ്ടത്. ഫ്രഞ്ച് സർക്കാറിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് കരാർ. ദാവോയുമായുള്ള പണമിടപാട് ഫ്രഞ്ച് സർക്കാർ വഴിയാണ് യഥാർഥത്തിൽ നടപ്പിലാക്കേണ്ടത്. എന്നാൽ, മോദി സർക്കാർ മാറ്റിയ വ്യവസ്ഥ പ്രകാരം ഫ്രഞ്ച് സർക്കാറിന് അതിന്റെ ബാധ്യതയില്ല. അതായത് കരാറിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ ഫ്രഞ്ച് സർക്കാർ വഴിയുള്ള ഇടപെടൽ സാധ്യമാകാതെ വരും. കരാറിന്റെ ഭാഗമായി നൽകേണ്ട സോവറീൻ ഗ്യാറന്റിയുടെ ബാധ്യതയിൽ നിന്നും ഫ്രഞ്ച് സർക്കാറിനെ ചട്ടങ്ങൾ മറികടന്ന് മോദി സർക്കാർ ഒഴിവാക്കുകയും ചെയ്തു. ഇതിന് പകരം ഫ്രാൻസ് പ്രധാനമന്ത്രി നൽകുന്ന ലെറ്റർ ഓഫ് കംഫേട്ട് മാത്രമാണ് നൽകിയത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഫ്രഞ്ച് സർക്കാർ നിയന്ത്രിക്കുന്ന അക്കൗണ്ടിലൂടെ വേണം കമ്പനികൾക്ക് പണം കൈമാറാൻ എന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഫിനാൻഷ്യൽ അഡൈ്വസർ സുധാൻശു മൊഹാന്തി ശുപാർശ ചെയ്തിരുന്നു. ഫ്രഞ്ച് സർക്കാർ സോവിറിൻ ഗ്യാരന്റി നൽകാത്ത പശ്ചാത്തലത്തിൽ ഇത് അത്യാവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതും മോദി സർക്കാർ അവഗണിക്കുകയായിരുന്നു. തുടക്കത്തിൽ കാരാറുമായി ബന്ധപ്പെട്ട് നിസ്സംഗമായ നിലപാടുകൾ സ്വീകരിച്ച മനോഹർ പരിക്കർ പിന്നീട് ഭേദഗതി ചെയ്ത വ്യവസ്ഥകളോടെ കരാർ നടപ്പിലാക്കാൻ ധൃതി കാണിക്കുകയായിരുന്നുവെന്നും തെളിവുകളോടെ ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

റാഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് സർക്കാരുമായി അനധികൃത ഇടപെടൽ നടത്തിയെന്നതിന് ഏറ്റവും നികച്ച തെളിവുകളാണ് എൻ റാം പുറത്തുവിട്ടിരിക്കുന്നത്. സുപ്രീം കോടതിയിൽ 2018 ഒക്ടോബറിൽ കേന്ദ്ര സർക്കാർ നൽകിയ സത്യവാംങ്മൂലത്തിൽ ഇത്തരം ഇടപെടലുകളെ കുറിച്ച് പരാമർശമില്ല. നാവിക സേന ഡെപ്യൂട്ടി ചീഫിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘം ചർച്ചകൾ നടത്തിയെന്നാണ് സുപ്രീം കോടതിയെ കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സമാന്തര ഇടപെടൽ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്നും അതിനാൽ അത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹൻകുമാർ പ്രതിരോധ മന്ത്രി മനോഹർ പരീക്കർക്ക് പരാതി നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ട്. 2015 നവംബർ 24ന് പ്രതിരോധ സെക്രട്ടറി പി എം ഒയുടെ ഇടപെടലിനെ എതിർത്ത് പ്രതിരോധ മന്ത്രിക്ക് അയച്ച കത്താണ് പുറത്ത് ഇപ്പോൾ വന്നിരിക്കുന്നത്. ഫ്രഞ്ച് സർക്കാറുമായി റാഫേൽ കരാറുമായി ബന്ധപ്പെട്ടുളള ചർച്ചകൾ നടത്താൻ നിയോഗിച്ചിരുന്ന ഏഴംഗ സംഘത്തിന് പുറമേയുളളവർ നടത്തുന്ന ചർച്ചകൾ ഒഴിവാക്കണമെന്നാണ് കത്തിലെ ഉളളടക്കം. ഇത്തരം ചർച്ചകൾ ഇന്ത്യയുടെ നിലപാടിനെ അട്ടിമറിക്കുന്നതാണെന്നും അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്നുമാണ് പ്രതിരോധ സെക്രട്ടറി മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിരോധ സംഘം നടത്തുന്ന ചർച്ചകളിൽ വിശ്വാസമില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ ഉചിതമായ രീതിയിൽ ചർച്ചകൾ നടത്താമെന്നും കത്തിൽ പറയുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വഴിവിട്ട ഇടപെടൽ മൂലം കരാറിൽ വെളളം ചേർക്കാൻ ഫ്രഞ്ച് സർക്കാർ ശ്രമിക്കുന്നതായും ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും പ്രതിരോധ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. ബാങ്ക് ഗ്യാരന്റിയുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയം മുന്നോട്ട് വെച്ചിരുന്ന നിബന്ധനകൾ പ്രധാനമന്ത്രിയുടെ ഓഫീസുമായി നടത്തിയ ചർച്ചയിലൂടെ വേണ്ടെന്നു വെച്ചെന്നും ഇത്തരം കൂട്ടിച്ചേർക്കലുകൾ രാജ്യ താൽപര്യത്തിന് എതിരാണെന്നും കത്തിൽ പറയുന്നു. സമാന്തര ചർച്ച നടത്തുന്ന വിവരം പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. ഫ്രഞ്ച് സർക്കാർ പ്രതിനിധി ജനറൽ സ്റ്റീഫൻ റബ് നൽകിയ കത്തിൽ നിന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചർച്ച നടത്തുന്ന വിവരം ഉദ്യോഗസ്ഥർ അറിയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ജോയിന്റ് സെക്രട്ടറി ജാവേദ് അഷ്‌റഫാണ് ഫ്രഞ്ച് സർക്കാരുമായി ചർച്ചകൾ നടത്തിയത്. ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഉപദേശകൻ ലൂയിസ് വാസിയുമായി ഫോൺ വഴിയായിരുന്നു ചർച്ചകൾ. ജനറൽ റബിന്റെ കത്തിനെ കുറിച്ച് ചർച്ചകൾ നടത്തിയിരുന്ന എയർ മാർഷൽ എസ് ബി പി സിൻഹ, ജാവേദ് അഷ്‌റഫിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. തുടർന്ന് ഫ്രഞ്ച് സർക്കാരുമായി ചർച്ചകൾ നടത്തിയ വിവരം അദ്ദേഹം സ്ഥിരീകരിക്കുകയും ചെയ്തു.
36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാൻ പോകുകയാണെന്ന് പ്രധാനമന്ത്രി ഫ്രാൻസിൽ വെച്ച് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇത്തരം വഴിവിട്ട ചർച്ചകൾ നടന്നിരിക്കുന്നത്. 2015 ഏപ്രിലിൽ ആണ് മോദി റാഫേൽ വിമാനങ്ങൾ വാങ്ങുന്നതായി പ്രഖ്യാപിച്ചത്. 2016 സെപ്തംബർ 23ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻകോസ് ഹോളണ്ടെയുമായി കരാറിൽ ഒപ്പുവെക്കുകയും ചെയ്തു.
റാഫേൽ കരാറിൽ അനിൽ അംബാനിയെ പങ്കാളിയാക്കിയത് ഇന്ത്യയിൽ നിന്നുള്ള മധ്യസ്ഥരാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഹോളണ്ടെ നേരത്തേ വെളിപ്പെടുത്തിയിരുന്നു. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രൂപീകൃതമായ പുതിയ സമവാക്യമാണ് അനിൽ അംബാനിയെ കരാറിൽ എത്തിച്ചത് എന്നായിരുന്നു ഹോളാണ്ടെ പറഞ്ഞത്. അനിൽ അംബാനി കരാറിൽ എങ്ങനെ പങ്കാളിയായി എന്നും അതുവഴി കരാറിൽ എങ്ങനെ മാറ്റങ്ങൾ ഉണ്ടായി എന്നുമുള്ള ചോദ്യങ്ങൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ചിരുന്നു. റാഫേൽ ഇടപാടുമായുളള നിർണായക വിവരം അറിയാവുന്ന മനോഹർ പരീക്കർ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീഷണിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മുൻപും റാഫേൽ കരാറുമായി ബന്ധപ്പെട്ട് മോദി സർക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകൾ ദി ഹിന്ദു നടത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കരാറുമായി ബന്ധപ്പെട്ട് ഫ്രഞ്ച് സർക്കാരുമായി സമാന്തര ഇടപെടൽ നടത്തിയെന്ന് പത്രം റിപ്പോർട്ട് ചെയ്തിരുന്നു. അത് രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് എതിരാണെന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി ജി മോഹൻകുമാർ പ്രതിരോധ മന്ത്രി മനോഹർ പരീക്കർക്ക് പരാതി നൽകിയിരുന്നതായും റിപ്പോർട്ടിലുണ്ടായിരുന്നു. സുപ്രീം കോടതിയിൽ സർക്കാർ കരാറിലെ അനവധി കാര്യങ്ങൾ മറച്ചു വെച്ചുവെന്ന ആരോപണങ്ങൾക്ക് സർക്കാർ മറുപടി നൽകാതിരിക്കെയാണ് വീണ്ടും ദി ഹിന്ദുവിന്റെ പുതിയ വെളിപ്പെടുത്തൽ എന്നതും ശ്രദ്ധേയമാണ്.
രാജീവ് ഗാന്ധി പ്രധാന മന്ത്രിയായിരിക്കുമ്പോൾ ഉയർന്നു വന്ന ബോഫോഴ്‌സ് അഴിമതി തുറന്നു കാട്ടിക്കൊണ്ട് എഴുതിയ റിപ്പോർട്ടിലൂടെയാണ് ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ എൻ റാം ദേശീയ മാധ്യമരംഗത്ത് ശ്രദ്ധപിടിച്ചുപറ്റുന്നത്. പ്രസ്് ഫൗണ്ടേഷൻ ഓഫ് ഏഷ്യയുടെ ഏഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് അവാർഡ് (1990), ബി ഡി ഗോയങ്ക പുരസ്‌കാരം (1989) എക്‌സ് എൽ ആർ ഐയുടെ ആദ്യ ജെ ആർ ഡി ടാറ്റാ ഫൗണ്ടേഷൻ അവാർഡ്(2003), കെ കൃഷ്ണൻ മെമ്മോറിയൽ ട്രസ്റ്റ് അവാർഡ്(1989), ഫ്രീഡം ഒഫ് ഇൻഫർമേഷൻ അവാർഡ്, പദ്മഭൂഷൺ, നാഷനൽ സിറ്റിസൻസ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ എൻ റാം എന്ന ശ്രദ്ധേയനായ മാധ്യമപ്രവർത്തകനെ തേടിയെത്തിയത് ധീരമായ മാധ്യമനിലപാടുകൾ കൊണ്ടായിരുന്നു. ഇപ്പോൾ അദ്ദേഹം വെളിപ്പെടുത്തിയതിന് സമാനമായ സാഹചര്യമായിരുന്നു ബോഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടു വന്നപ്പോഴുമുണ്ടായിരുന്നത്. ബോഫോഴ്‌സ് തോക്ക് ഇടപാടിൽ സമാഹരിച്ച കമ്മീഷൻ തുക മുഴുവൻ സ്വിസ് ബേങ്ക് അക്കൗണ്ടിലാണ് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിക്ഷേപിച്ചിരിക്കുന്നത് എന്നും ഈ അഴിമതി അന്വേഷിക്കണമെന്നും എൻ റാം വെളിപ്പെടുത്തി. 1980നും 1990നും ഇടയിൽ ഇന്ത്യയും സ്വീഡനും തമ്മിൽ നടന്ന ആയുധ ഇടപാടുകൾ മുഴുവൻ പുനരന്വേഷിക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ഉയർന്നു വന്നു. ഈ കേസിൽ രാജീവ് ഗാന്ധി കമ്മീഷനായി 64 കോടി രൂപ കൈപ്പറ്റിയതായും തെളിഞ്ഞു. രാജീവ് ഗാന്ധിക്ക് മോണ്ട് ബ്ലാങ്കിനു പുറമെ ട്യൂലിപ്പ് എന്ന പേരിലും ആക്കൌണ്ട് ഉള്ളതായി കണ്ടെത്തിയിരുന്നു. ദി ഹിന്ദു ദിനപത്രത്തിൻെറ സ്‌റ്റോക്ക് ഹോം റിപ്പോർട്ടറായിരുന്ന ചിത്ര സുബ്രഹ്മണ്യമാണ് ഇത് സംബന്ധിച്ച് വിവരങ്ങൾ അന്ന് പുറത്തുകൊണ്ടുവന്നത്. ഞെട്ടിക്കുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ പത്രാധിപർ ജി.കസ്തൂരി തയ്യാറായില്ല. തുടർന്ന് പത്രത്തിൻെറ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന എൻ റാം ഡൽഹിയിൽ പത്ര സമ്മേളനം നടത്തിയാണ് വിവരങ്ങൾ പുറത്തു വിട്ടത്.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായിരുന്ന നരേന്ദ്ര മോദിയുടെ ഫോട്ടോയില്ലാതെ ഒരു ദിവസം പോലും പത്രമിറങ്ങരുതെന്ന് എഡിറ്റോറിയൽ ടീമിന് നിർദേശം കൊടുത്തിരുന്ന ദി ഹിന്ദുവിന്റെ മാറ്റം ഏറെ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഈ സമയത്ത്. രാഷ്ട്രീയ നിലപാടുകളുടെ പേരിൽ പത്രാധിപരായിരുന്ന സിദ്ധാർത്ഥ് വരദരാജൻ ഉൾപ്പെടെയുള്ളവരെ ഹിന്ദു പുറത്താക്കിയിരുന്നു. സജീവ മാധ്യമപ്രവർത്തനത്തിൽ ഇല്ലെങ്കിലും എൻ റാം ഇപ്പോൾ ചെയ്തിരിക്കുന്ന റിപ്പോർട്ടുകൾ രാജ്യത്തെ മാധ്യമചരിത്രത്തിൽ ഇടംപിടിച്ചുകഴിഞ്ഞു. അതേസമയം, ഈ റിപ്പോർട്ടുകളുടെ തുടർച്ചയെക്കുറിച്ച് എൻ റാം കഴിഞ്ഞ ദിവസം ന്യൂസ് സെൻട്രൽ പോർട്ടലിന് നൽകിയ അഭിമുഖത്തിൽ പറയുന്നതിങ്ങനെ: ‘ദി ഹിന്ദുവിന് സർക്കാർ പരസ്യങ്ങൾ നിഷേധിച്ചേക്കാം. അങ്ങനെയൊരു സാധ്യത ഞാൻ കാണുന്നുണ്ട്. എന്നാൽ പോലും ഞങ്ങൾ പിന്നോട്ടില്ല. ബോഫോഴ്‌സ് അഴിമതി പുറത്തുകൊണ്ടു വന്നപ്പോൾ അന്ന് ഇന്ത്യൻ എക്‌സ്പ്രസ്, ഇന്ത്യാ ടുഡേ ഉൾപ്പെടെ പ്രധാന മാധ്യമങ്ങളെല്ലാം ഹിന്ദുവിനോടൊപ്പം നിന്ന് അഴിമതിക്കെതിരെ പോരാടി. പക്ഷേ, റാഫേൽ വിഷയത്തിൽ ഞങ്ങളുടേത് ഒരു ഒറ്റയാൾ പോരാട്ടമാണ്. എന്തൊക്കെ രാഷ്ട്രീയ നീക്കങ്ങൾ നടന്നാലും ഈ അന്വേഷണം മികച്ച റിസൾട്ട് തന്നെ കൊണ്ടുവരും.’

ദി ഹിന്ദുവിന്റെ റിപ്പോർട്ട് പക്ഷപാതപരമാണെന്ന പ്രതിരോധ മന്ത്രി നിർമലാ സീതാരാമന്റെ പ്രതികരണത്തോട്, പ്രതിരോധ മന്ത്രിയുടെ ഒരു സർട്ടിഫിക്കറ്റും തങ്ങൾക്ക് ആവശ്യമില്ല എന്നാണ് എൻ. റാം മറുപടി പറഞ്ഞത്. ഇപ്പോൾ അവർ വലിയ പ്രതിസന്ധിയിലാണ്, അതെങ്ങനെ മൂടിവെയ്ക്കാൻ ശ്രമിക്കുമെന്ന ആലോചനയിലാണ് കേന്ദ്ര സർക്കാർ എന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. ഈ ധീരമായ നിലപാടുകൾ മറ്റുള്ള മാധ്യമങ്ങൾ ഏറ്റെടുക്കുമോ എന്നതാണ് നിലവിലുള്ള പ്രധാന ചോദ്യം.

യാസർ അറഫാത്ത് നൂറാനി