Ongoing News
ഒരു ദേശത്തെ കണ്ടെത്തിയ വിധം

പുതുതലമുറയുടെ/ യുവതലമുറയുടെ ക്രിയാശേഷി വിനിയോഗിക്കുന്നതിന് നാം ചില പ്രത്യേക മേഖലകള്‍ സംവരണം ചെയ്തുവെച്ചിട്ടുണ്ട്. ഒരു നാടിന്റെ/ ഗ്രാമത്തിന്റെ ചരിത്രം തേടിപ്പോകുക, അത് രേഖപ്പെടുത്തുക, വര്‍ഷങ്ങളോളം അതിന് വേണ്ടി സമയം ചെലവഴിക്കുക തുടങ്ങിയവയൊന്നും ചെറുപ്പക്കാരുടെ വ്യവഹാര മണ്ഡലത്തിലേ അടയാളപ്പെടുത്താറില്ല. എന്നാല്‍, ആറങ്ങോട്ടുകര ഇക്കാര്യത്തില്‍ വ്യത്യസ്തമാകുന്നു. ഒരു കൂട്ടം ചെറുപ്പക്കാര്‍ ആറങ്ങോട്ടുകരയുടെ ചരിത്രം തേടിപ്പിടിച്ച് പുസ്തകരൂപത്തില്‍ ഇറക്കിയിരിക്കുന്നു. മൂന്നര വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ആറങ്ങോട്ടുകരയുടെ ചരിത്രം രൂപപ്പെട്ടത്.
താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം കേരളം അങ്ങനെയൊന്നും മറക്കാനിടയില്ല. 1905ല്‍ ആണ് കേരളം ഇന്നും ചര്‍ച്ച ചെയ്യാറുള്ള താത്രി എന്ന സാവിത്രിയുടെ സ്മാര്‍ത്തവിചാരം ഉണ്ടായത്. താത്രി ജനിച്ച് വളര്‍ന്നത് ആറങ്ങോട്ടുകരയിലാണ്. കൂടാതെ നൂറിലേറെ പുസ്തകങ്ങള്‍ രചിച്ച സംസ്‌കൃത പണ്ഡിതന്‍ കൂടിയായ കെ വി എം എന്ന വാസുദേവന്‍ മൂസ്സതും ആറങ്ങോട്ടുകര ഉള്‍പ്പെടുന്ന എഴുമങ്ങാടാണ് ജനിച്ചത്. നാടകം, സിനിമ എന്നീ മേഖലകളില്‍ ശ്രദ്ധേയമായ ഗ്രാമം കൂടിയാണ്. നിരവധി ബഹുമതികള്‍ നേടിയ നാടകങ്ങളും സിനിമയും ഡോക്യുമെന്ററികളുമൊക്കെ ഈ നാടിന്റെ സംഭാവനകളായുണ്ട്. നാടകത്തിലും സിനിമയിലും ശ്രദ്ധേയരായ കെ വി ശ്രീജ, എം ജി ശശി എന്നിവര്‍ ഈ രംഗത്ത് ഇപ്പോഴും പുതിയ ഇടങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഇങ്ങനെയൊക്കെ സമ്പന്നമായ ചരിത്രമാണ് ആ ദേശത്തിനുള്ളതെങ്കിലും അവയൊന്നും ഒരു കുടക്കീഴിലേക്ക് സമാഹരിച്ചിട്ടുണ്ടായിരുന്നില്ല. ആ വിടവാണ് ആറ് ചെറുപ്പക്കാര്‍ ചേര്‍ന്ന് നികത്തിയത്.
2015 ഫെബ്രുവരി 15ന് 23 പേര്‍ ചേര്‍ന്നാണ് ചരിത്ര പഠന കൂട്ടായ്മ രൂപവത്കരിച്ചത്. ശേഷം മാര്‍ച്ച് എട്ടിന് ആറങ്ങോട്ടുകര ഡോട്ട് കോം. തുടങ്ങി. ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദ്യമായി ചെയ്തത് ആറങ്ങോട്ടുകരക്കടുത്ത എഴുമങ്ങാട് ദേശത്തെ സാഹിത്യകാരനായ കെ വി എം എന്ന കെ വാസുദേവന്‍ മൂസ്സതിനെ സാഹിത്യകാരനെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. നൂറിലേറെ സാഹിത്യ പുസ്തകങ്ങള്‍ രചിച്ച ഇദ്ദേഹത്തെ സ്വന്തം നാട്ടുകാര്‍ക്ക് പോലും അറിയില്ലായിരുന്നു. മൂസ്സതിന്റെ രേഖാചിത്രത്തിനൊപ്പം ചെറുവിവരങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെ ചരിത്ര പഠന കൂട്ടായ്മ അംഗം വി ഗിരീഷ് ഒരു ചിത്രപ്രദര്‍ശനം നടത്തിയതോടെ ചരിത്രാന്വേഷണ ഉദ്യമം ശ്രദ്ധിക്കപ്പെട്ടു. കെ വി എമ്മിന്റെ മൂന്ന് പുസ്തകങ്ങള്‍ പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട്, ആറങ്ങോട്ടുകര നാടക, കൃഷി ചരിത്രങ്ങള്‍ ഉള്‍പ്പെടുത്തി ഇവയില്‍പ്പെട്ട വ്യക്തികളെ വരച്ച് ഗിരീഷ് ആറങ്ങോട്ടുകര പാഠശാലയുടെ കൊയ്ത്തുത്സവത്തിന് വരച്ച ചിത്രങ്ങളും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
ഇങ്ങനെ മൂന്നര വര്‍ഷക്കാലം നാട്ടിലെ, അടയാളപ്പെടുത്തേണ്ടതായ കലാകാരന്മാരേയും കൃഷിക്കാരേയും അടക്കം 200ഓളം പേരെ ഇന്റര്‍വ്യൂ ചെയ്തും അവരെ വരച്ചും വി ഗിരീഷ് മുന്നോട്ട് നീങ്ങിയപ്പോള്‍ ഇതോടൊപ്പം സഹകരിക്കാന്‍ കൈപ്പിളളി ദേവദാസ്, കെ കെ പരമേശ്വരന്‍, വിനോദ് വയലി, എം ആര്‍ സൂരജ്, അബ്ദുള്‍ ഗഫൂര്‍, വി ഗണേഷ്, വി ഗംഗേഷ്, എം ഭാഗ്യനാഥ് എന്നിവരും പലപ്പോഴായി ഒപ്പം നിന്നതോടെ ആഴ്ചകള്‍ക്ക് മുമ്പ് കൊയ്ത്തുത്സവത്തിന് ആറങ്ങോട്ടുകര ചരിത്രം ഇറങ്ങി. നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്‍, കവി ദേശമംഗലം രാമകൃഷ്ണന് നല്‍കിയാണ് പ്രകാശനം ചെയ്തത്. നൂറ്റി ഇരുപതോളം ചിത്രങ്ങള്‍ കസേരയില്‍ വട്ടത്തില്‍ നിരത്തി അതിനുള്ളിലായിരുന്നു പുസ്തക പ്രകാശന ചടങ്ങ്. വാട്ടിയ വാഴയിലയില്‍ പൊതിഞ്ഞാണ് പ്രകാശനത്തിന് പുസ്തകം സജ്ജമാക്കിയത്. ശില്‍പ്പിയും ചിത്രകാരനും കഥാകൃത്തുമായ വി ഗിരീഷാണ് എഡിറ്റര്‍. കലാ പാഠശാലയാണ് പുസ്തകം പുറത്തിറക്കിയത്.
.
ആര്‍ ഗീത/പരിചയം