ജനാധിപത്യം അട്ടിമറിക്കുന്ന ‘ആയാറാം, ഗയാറാം’

കൂറുമാറ്റ പ്രവണത തടയാനായി പാര്‍ട്ടികള്‍ ചില പരിഹാരങ്ങള്‍ തേടേണ്ടതുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവ്യവസ്ഥ നിര്‍മിക്കാനും എതിരഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുന്നതിനും ചില നയനിലപാടുകള്‍ പാര്‍ട്ടികള്‍ ആലോചിക്കണം. വോട്ടര്‍മാരുടെ കണിശതയോടെയുള്ള ഇടപെടലുകള്‍ക്ക് ഒരു വിധത്തില്‍ ഇത്തരക്കാരുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനാവും.
Posted on: February 17, 2019 3:47 pm | Last updated: February 17, 2019 at 3:47 pm

1985ൽ കൂറുമാറ്റം നിരോധിച്ചു കൊണ്ടുള്ള കോടതിയുടെ വിധിപ്രസ്താവം ഇങ്ങനെ വായിക്കാം: The evil of political defections has been a matter of national concern. If it is not combated, it is likely to undermine the very foundations of our democracy and the principles which sustain it- ജനാധിപത്യ സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്ന, തുരങ്കം വെക്കുന്ന കൂറുമാറ്റം നിർബാധം തുടരുന്ന സമകാലിക സാഹചര്യത്തിൽ ഈ വിധിപ്രസ്താവനക്ക് പ്രാധാന്യമേറെയുണ്ട്.

കര്‍ണാടകയിലെ നാല് കോണ്‍ഗ്രസ് എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ബജറ്റ് സമ്മേളനത്തിലും നിയമസഭാ കക്ഷി യോഗത്തിലും പങ്കെടുക്കാത്ത എം എല്‍ എമാര്‍ക്കെതിരെയാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. തിരഞ്ഞെടുപ്പാനന്തരം ആരംഭിച്ച റിസോര്‍ട്ട് രാഷ്ട്രീയം കര്‍ണാടകയില്‍ തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. തങ്ങളുടെ ഭരണ സംസ്ഥാപനത്തിനായി ഏത് രീതികളും അവലംബിക്കാന്‍ മടിക്കാത്ത ബി ജെ പി ആരംഭിച്ച ഓപറേഷന്‍ താമര ലക്ഷ്യം കാണാതെ പാതിവഴിയിലാണിപ്പോഴും. അവസാനമായി 18 എം എല്‍ എമാര്‍ക്ക് 200കോടി രൂപയും 12 പേര്‍ക്ക് മന്ത്രിസ്ഥാനവും വാഗ്ദത്തം ചെയ്ത് കൊണ്ടായിരുന്നു ഭരണകക്ഷിയെ അട്ടിമറിക്കാന്‍ ബി ജെ പി തന്ത്രം മെനഞ്ഞത്. എന്നാല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസ് തങ്ങളുടെ ഭരണം ഭദ്രമാക്കുകയും ചെയ്തു. രാജി വെക്കുന്ന എം എല്‍ എമാര്‍ക്ക് തിരഞ്ഞെടുപ്പിനുള്ള ചെലവും അയോഗ്യരാക്കാതിരിക്കാനായി സ്പീക്കര്‍ക്ക് 50കോടിയും വാഗ്ദത്തം ചെയ്തുവെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ ആരോപിക്കുന്നത്. ഉത്തരവാദിത്തപ്പെട്ടവര്‍ ആരോപണം നിഷേധിക്കാത്തതിനാല്‍ ഇത് ആരോപണമല്ല പ്രത്യുത യാഥാര്‍ഥ്യം തന്നെയാണ്. ഭരണപക്ഷത്തുള്ളവരെ മോഹനവാഗ്ദാനങ്ങള്‍ നല്‍കിയും കോടികള്‍ വാഗ്ദാനം ചെയ്തും മറുകണ്ടം ചാടിക്കുന്ന കെട്ട രാഷ്ട്രീയം ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് സജീവമായി നിലനില്‍ക്കുകയാണെന്ന് ചുരുക്കം. തങ്ങളെ തിരഞ്ഞെടുത്തയച്ച വോട്ടര്‍മാരെ വിഡ്ഢികളാക്കി പണസഞ്ചികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന രാഷ്ടീയ നേതാക്കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വിലസുകയാണിപ്പോഴും.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചതിന് ശേഷം മറ്റൊരു പാര്‍ട്ടിയിലേക്ക് ചുവടുമാറുന്നതിനെയാണ് കൂറുമാറ്റം/ കാലുമാറ്റം (ഉലളലരശേീി) എന്നത് കൊണ്ടര്‍ഥമാക്കുന്നത്. കൂടുതലായും അധികാര, ധന താത്പര്യങ്ങളാണ് ഇതിന്റെ രാസത്വരകമായി വര്‍ത്തിക്കുന്നതെന്ന് ഇന്ത്യന്‍ ചരിത്രത്തിലെ കൂറുമാറ്റങ്ങള്‍ പരിശോധിക്കുമ്പോള്‍ വായിച്ചെടുക്കാനാവും. ആദര്‍ശാധിഷ്ഠിത കൂറുമാറ്റങ്ങള്‍ ന്യായീകരണത്തിന് അവസരം നല്‍കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ചരിത്രത്തില്‍ ഇത്തരത്തിലുള്ള കൂറുമാറ്റങ്ങള്‍ അപൂര്‍വമാണ്. 1967ലെ നാലാമത് പൊതുതിരഞ്ഞെടുപ്പാനന്തരം ഉടലെടുത്ത പ്രതിഭാസമാണ് കൂട്ടുകക്ഷിഭരണവും കൂറുമാറ്റവും. ചില പോരായ്മകളുണ്ടെങ്കിലും രാജ്യത്തിന് ഭീഷണിയാകുന്ന കക്ഷികളെ ചെറുത്ത് തോല്‍പ്പിക്കാന്‍ കൂട്ടുകക്ഷി ഭരണവ്യവസ്ഥക്ക് സാധിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുണ്ടാകുമ്പോഴും രാജ്യനന്മക്കായി ഒരുമിച്ച് മുന്നേറാന്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ സന്നദ്ധത കാണിച്ചിട്ടുമുണ്ട്. ഇതിന്റെ പ്രകടമായ ചിത്രമാണ് ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെട്ട് വന്ന ഐക്യം. പല സംസ്ഥാനങ്ങളിലും മതേതര കാഴ്ചപ്പാട് വെച്ച് പുലര്‍ത്തുന്ന പാര്‍ട്ടികള്‍ ഒന്നിക്കുകയും വര്‍ഗീയശക്തികളെ താഴെയിറക്കുകയും ചെയ്തു. മതേതര ഇന്ത്യയുടെ ഭാവി ഭാസുരമാകണമെങ്കില്‍ രാജ്യത്ത് കൂട്ടുകക്ഷി ഭരണ വ്യവസ്ഥ അത്യന്താപേക്ഷിതമായിരിക്കുകയാണ്.

എന്നാല്‍ ഇതേ അവസരത്തില്‍ തന്നെ രൂപപ്പെട്ട് വന്ന കൂറുമാറ്റമെന്ന പ്രതിഭാസം രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥക്ക് കളങ്കം ചാര്‍ത്തുകയാണ് ചെയ്തത്. രാഷ്ട്രീയക്കാരിലുള്ള പൊതുസമൂഹത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കുകയും അവരുടെ പ്രതിബദ്ധതയെ ചോദ്യം ചെയ്യാന്‍ അവസരം ഒരുക്കുകയുമായിരുന്നു കൂറുമാറ്റം. രാഷ്ട്രീയക്കാരനായാല്‍ അവനും ശേഷമുള്ള അഞ്ച് തലമുറകളും രക്ഷപ്പെട്ടു എന്ന ചൊല്ലിലേക്ക് അങ്ങനെയാണ് എത്തിയത്. തിരഞ്ഞെടുത്തയച്ചവരോടുള്ള കടപ്പാടും ധര്‍മവും വിസ്മരിച്ച് വാഗ്ദാനങ്ങള്‍ക്ക് പിറകെ ഓടുന്നവരായി പലരും പരിണമിച്ചത് ജനാധിപത്യ വ്യവസ്ഥിതിയോട് തന്നെ പലരും മുഖം തിരിച്ച് നില്‍ക്കുന്നതിലേക്ക് നയിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തങ്ങളുടേതായ ഇടുങ്ങിയ ചിന്താധാരയിലേക്ക് ജനപ്രതിനിധികള്‍ രൂപാന്തരം പ്രാപിക്കുന്നുവെന്ന ധാരണ സജീവമാകാനും കൂറുമാറ്റം കാരണമായി.

1967ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിട്ട നിയമസഭാംഗങ്ങള്‍ കോണ്‍ഗ്രസിതര ഗവണ്‍മെന്റുകള്‍ രൂപവത്കരിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ഇത് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുകയും പുതിയ ഭരണകൂടങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്തു. യു പിയിലെ ചരണ്‍ സിംഗ്, ഹരിയാനയിലെ റാവു ബിദേന്ദ്ര സിംഗ് എന്നിവരുടെ ഭരണകൂടങ്ങള്‍ നിലം പരിശായത് അംഗങ്ങളുടെ കൂറുമാറ്റത്തോടെയായിരുന്നു. ഇതിലധികവും പ്രതിഫലം കൈപ്പറ്റിയുള്ള കാലുമാറ്റമായിരുന്നുവെന്നതാണ് വസ്തുത. പൊടുന്നനെയുള്ള ഭരണമാറ്റങ്ങള്‍ സംസ്ഥാനങ്ങളില്‍ ഭരണസ്തംഭനത്തിനും രാഷ്ട്രീയ അസ്ഥിരതക്കും ഹേതുവായി. നിയമസഭാംഗങ്ങളുടെ നിരന്തരമായ കൂറുമാറ്റങ്ങളെ തുടര്‍ന്ന് രൂപപ്പെട്ട ശൈലിയാണ് ആയാറാം ഗയാറാം.

1967ല്‍ ഹരിയാനയിലെ എം എല്‍ എയായിരുന്ന ഗയാലാല്‍ രണ്ടാഴ്ചക്കിടയില്‍ മൂന്നുതവണയാണ് കാലുമാറിയത്. കോണ്‍ഗ്രസ് എം എല്‍ എയായിരുന്ന അദ്ദേഹം ആദ്യം ഐക്യമുന്നണിയിലേക്ക് കാലുമാറുകയും വൈകാതെ കേണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ വെറും ഒമ്പത് മണിക്കൂറിന് ശേഷം വീണ്ടും ഐക്യമുന്നണിയിലേക്ക് ചുവടുമാറുകയുമുണ്ടായി. ഗയാലാലിന്റെ രാഷ്ട്രീയാഭ്യാസം ആയാറാം ഗയാറാം എന്ന ശൈലി പിറക്കാന്‍ കാരണമായി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സുഗമമായ വളര്‍ച്ചക്ക് ഇത് തടസ്സം സൃഷ്ടിക്കുന്നുവെന്ന നിരീക്ഷണത്തില്‍ നിന്നാണ് കൂറുമാറ്റനിരോധന നിയമം കൊണ്ട് വരണമെന്ന ആവശ്യം ഉടലെടുക്കുന്നത്. രാഷ്ട്രീയ ബോധം വിസ്മരിച്ച് കൊണ്ടും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചുമുള്ള ഈ കാലുമാറ്റങ്ങള്‍ പ്രതിരോധിക്കാനായി നിയമനിര്‍മാണം വേണമെന്ന ആവശ്യം പിന്നീട് പല കോണുകളില്‍ നിന്നായി ശക്തിയാര്‍ജിച്ചു. ഇതോടെ രാജീവ് ഗാന്ധി മന്ത്രിസഭയാണ് കൂറുമാറ്റ നിരോധന നിയമം കൊണ്ട് വരുന്നത്. 1985ലെ 52ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂറുമാറ്റനിരോധന നിയമം നിലവില്‍ വന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചതിന് ശേഷം പാര്‍ട്ടിയിലെ തന്റെ അംഗത്വം സ്വമേധയാ രാജിവെക്കുകയോ പാര്‍ട്ടിയുടെ നിര്‍ദേശത്തിന് വിരുദ്ധമായി സഭയുടെ വോട്ടിംഗില്‍ നിന്ന് വിട്ടു നില്‍ക്കുകയോ ചെയ്യുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കപ്പെടുമെന്നായിരുന്നു നിയമം. അപ്രകാരം തന്നെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചതിന് ശേഷം രാഷ്ട്രീയപാര്‍ട്ടികളില്‍ ചേരുകയാണെങ്കിലും അയോഗ്യനാക്കപ്പെടും. നിയമ നിര്‍മാണത്തിന് ശേഷം മുന്‍കാലങ്ങളേക്കാള്‍ ആപേക്ഷികമായി കൂറുമാറ്റത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ഭരണഘടനയുടെ പഴുതുകളിലൂടെ പലരും രക്ഷപ്പെടുന്ന സന്ദര്‍ഭവുമുണ്ടായിട്ടുണ്ട്. ഒരു പ്രസ്ഥാനം ചിലരുടെ താത്പര്യത്തിന് വിരുദ്ധമായി മറ്റൊരു പ്രസ്ഥാനത്തിലേക്ക് ലയിച്ചാല്‍ എതിര്‍പ്പുള്ളവര്‍ക്ക് പ്രത്യേകം സംഘമായി തുടരാമെന്നും അയോഗ്യരാക്കുകയില്ലെന്നും ഭരണഘടനയുടെ 91 ാം ഭേദഗതി വ്യക്തമാക്കുന്നുണ്ട്. കൂറുമാറ്റ നിരോധന നിയമം ഭരണഘടന അനുവദിച്ച് നല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന വാദങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും സുപ്രീം കോടതി ഇത് തള്ളിക്കളയുകയായിരുന്നു. പി ആര്‍ എസ് ലജിസ്‌ലേറ്റീവ് റിസര്‍ച്ച് എന്ന സ്വതന്ത്രാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം പാര്‍ലിമെന്റില്‍ 2009 വരെ കൂറുമാറ്റവുമായി ബന്ധപ്പെട്ട 86 പരാതികളാണ് ലഭിച്ചത്. എന്നാല്‍ ഇതില്‍ നിന്ന് ഇരുപത്തിയാറ് പേര്‍ മാത്രമാണ് അയോഗ്യരാക്കപ്പെട്ടത്.

2004 വരെ രാജ്യത്തെ നിയമസഭകളിലെ കൂറുമാറ്റവുമായി ബന്ധപ്പെട്ട 268 പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുണ്ടെങ്കിലും 113 പേരെയാണ് അയോഗ്യരാക്കിയത്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഭൂരിഭാഗവും രക്ഷപ്പെടുന്നു എന്ന യാഥാര്‍ഥ്യമാണ്. രണ്ടായിരത്തിനാല് വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ അയോഗ്യരാക്കപ്പെട്ടത് പഞ്ചാബ് നിയമസഭയിലെ അംഗങ്ങളാണ്. കൂറുമാറ്റ നിരോധന നിയമം ഗുണകരമായി ഉയര്‍ത്തിക്കാണിക്കുമ്പോള്‍ തന്നെ അതിന്റെ ദോഷവശങ്ങളും രാഷ്ട്രീയ നിരീക്ഷകരും നിയമവിദഗ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഭരണകൂടത്തിന് സ്ഥിരതയും സുരക്ഷയും നല്‍കുന്നു, പാര്‍ട്ടിയുടെ മാനിഫെസ്‌റ്റോ അനുസരിച്ചായിരിക്കും പ്രതിനിധിയുടെ ഇടപെടലുകള്‍, പാര്‍ട്ടിയിലെ അച്ചടക്കത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നിങ്ങനെയുള്ള അനവധി ഗുണവശങ്ങള്‍ ഇതില്‍ കാണാനാവും. പക്ഷേ, പാര്‍ട്ടി നയങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിന് പരിമിതികള്‍ നിശ്ചയിക്കുന്നു, എതിരഭിപ്രായങ്ങള്‍ ഉയര്‍ന്ന് വരുന്നതിനെ ഇല്ലാതാക്കുന്നു തുടങ്ങിയ ദോഷവശങ്ങളും കൂറുമാറ്റ നിരോധന നിയമം മൂലം ഉണ്ടാവുന്നുണ്ട്. കൂറുമാറ്റത്തിന്റെ പ്രധാന കാരണമായി നിരീക്ഷിക്കപ്പെടുന്നത് അധികാര ധന മോഹങ്ങള്‍ തന്നെയാണ്. പാര്‍ട്ടിയുടെ നയനിലപാടുകളിലുള്ള വ്യതിയാനവും ഇതിന് നിദാനമാവുന്നുണ്ട്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകാത്തതും കൂറുമാറ്റത്തില്‍ കലാശിക്കുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യമില്ലാത്ത വണ്‍ മാന്‍ ഷോയായി മാറുന്ന പാര്‍ട്ടികളിലാണ് കൂറുമാറ്റം കൂടുതലായും കാണപ്പെടുന്നത്. ഭരണസംസ്ഥാപനത്തിനായി രാഷ്ട്രീയ അടിസ്ഥാന പാഠം പോലുമറിയാത്തവരെ സ്ഥാനാര്‍ഥികളായി മത്സരിപ്പിക്കുകയും അവരെ വിജയിപ്പിക്കുകയും ചെയ്യുന്നതും കാലുമാറ്റത്തിന്റെ പ്രധാന കാരണമാണ്. സമ്പത്തിന്റെയും മറ്റു ഘടകങ്ങളുടെയും പിന്‍ബലത്തില്‍ സ്ഥാനാര്‍തിത്വം ലഭിക്കുകയും ജയിച്ച് കയറുന്നവരുമാണ് ഈ നിലക്കുള്ള കൂറുമാറ്റത്തിന് മുതിരുന്നത്. ജയിപ്പിച്ചയച്ച പാര്‍ട്ടിയോടും ജനങ്ങളോടും പ്രതിബദ്ധതയും കടപ്പാടുമില്ലാതെ പോകുകയും സങ്കുചിത മനസ്സിനുടമയാകുകയും ചെയ്യുമ്പോഴാണ് കൂറുമാറ്റത്തിന്റെ എണ്ണം വര്‍ധിക്കുന്നത്. ഇന്ത്യന്‍ ചരിത്രത്തില്‍ ആദര്‍ശാധിഷ്ഠിത കൂറുമാറ്റം അപൂര്‍വമാണ്. ഭരണീയരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായും അവര്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിച്ചുമുള്ള നയനിലപാടുകള്‍ പാര്‍ട്ടി സ്വീകരിക്കുമ്പോഴൊന്നും കൂറുമാറ്റത്തിന് മുതിരാത്തവര്‍ ഏത് രാഷ്ട്രീയ സേവനത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നാണ് വ്യക്തമാകാത്തത്. ഇത്തരം പ്രവണതകളെ തടയാനായി പാര്‍ട്ടികള്‍ ചില പരിഹാരങ്ങള്‍ തേടേണ്ടതുണ്ട്. പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവ്യവസ്ഥ നിര്‍മിക്കാനും എതിരഭിപ്രായങ്ങള്‍ക്ക് ചെവികൊടുക്കുന്നതിനും ചില നയനിലപാടുകള്‍ പാര്‍ട്ടികള്‍ ആലോചിക്കണം. വോട്ടര്‍മാരുടെ കണിശതയോടെയുള്ള ഇടപെടലുകള്‍ക്ക് ഒരു വിധത്തില്‍ ഇത്തരക്കാരുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാനാവും. സമ്പത്തിന്റെയും മറ്റു സ്വാധീനങ്ങളുടെയും മറപിടിച്ച് വരുന്ന രാഷ്ട്രീയ ബോധമില്ലാത്തവരില്‍ പരിധി വിട്ട് വിശ്വസിക്കുന്നതിലും അവര്‍ക്ക് ഉന്നത പദവികള്‍ വാഗ്ദാനം ചെയ്യുന്നതിലും പാര്‍ട്ടികള്‍ പുനരാലോചന നടത്തേണ്ടതുണ്ട്. അത്തരത്തിലുള്ള വിചിന്തനങ്ങള്‍ക്ക് പാര്‍ട്ടികള്‍ വിധേയപ്പെടാത്തതാണ് റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്ക് കൊണ്ടെത്തിച്ചത്.

ഫസീഹ് കുണിയ