സെല്‍ഫി എടുക്കാറില്ല, ആ ചിത്രം ആരോ എടുത്തത്; വിശദീകരണവുമായി കണ്ണന്താനം

Posted on: February 17, 2019 1:42 pm | Last updated: February 17, 2019 at 1:42 pm

കൊച്ചി: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ മൃതദേഹവുമായെത്തിയ പേടകത്തിന് മുന്നില്‍ നിന്നുള്ള ചിത്രം പേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിവാദത്തിലായ കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിശദീകരണവുമായി രംഗത്ത്. ആ ചിത്രം സെല്‍ഫിയല്ലെന്നും ജവാന്റെ വസതിയില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു മുന്നോട്ടു കടക്കുമ്പോള്‍ ആരോ എടുത്ത് സോഷ്യല്‍ മീഡിയ കൈകാര്യം ചെയുന്ന എന്റെ ഓഫീസിലേക്ക് അയച്ചു കൊടുത്തതാണ് ചിത്രമെന്നും കണ്ണന്താനം പറയുന്നു.

ആ ചിത്രം സെല്‍ഫിയല്ലയെന്നു വിശദമായി നോക്കിയാല്‍ മനസിലാകും. താന്‍ സെല്‍ഫി എടുക്കാറില്ല, ഇതുവരെ സെല്‍ഫി എടുത്തിട്ടുമില്ല. ജവാന്റെ വസതിയില്‍ നടന്ന അന്ത്യകര്‍മ്മങ്ങളുടെ ലൈവ് ചില മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. അതിലും കാര്യങ്ങള്‍ വ്യക്തമാണ്. കഴിഞ്ഞ 40 വര്‍ഷമായി പൊതുരംഗത്ത് വിവിധ ചുമതലകള്‍ വഹിച്ചുകൊണ്ട് നിസ്വാര്‍ത്ഥമായി രാജ്യപുരോഗതി മാത്രം മുന്നില്‍ കണ്ടുകൊണ്ടു ജനസേവനം നടത്തിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഞാന്‍. അതിനു കളക്ടര്‍ പദവിയോ മന്ത്രി കസേരയോ വേണമെന്ന് ഞാന്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല. വളരെക്കാലം പദവികളൊന്നും വഹിക്കാതെ തന്നെ ഡല്‍ഹിയിലെ ചേരിപ്രദേശങ്ങളില്‍ അവിടുത്തെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടി സ്വമനസ്സാലെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എന്റെ പിതാവും ഒരു സൈനികനായിരുന്നു. അതുകൊണ്ടു തന്നെ ഇന്ത്യന്‍ സൈനികരുടെ ത്യാഗവും മഹത്വവും എന്താണെന്നു എനിക്ക് ചെറുപ്പം മുതലേ മനസിലാക്കാനും ഉള്‍ക്കൊള്ളാനും സാധിച്ചിട്ടുണ്ട്.
ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താതെ രാഷ്ട്രപുരോഗതിക്കു വേണ്ടി നിസ്വാര്‍ത്ഥമായി പ്രയത്‌നിക്കുകയാണ് യുവതലമുറ ഉള്‍പ്പടെയുള്ളവര്‍ ചെയേണ്ടതെന്നും കണ്ണന്താനം ഫേസ്ബുക്കില്‍ കുറിച്ചു.

ഫോട്ടോയ്‌ക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് കണ്ണന്താനം ഫേസ്ബുക്കില്‍ നിന്ന് പോസ്റ്റ് പിന്‍വലിച്ചിരുന്നു. പ്രശ്‌നമൊന്നുമില്ലെങ്കില്‍ ഫോട്ടോ എന്തിനാണ് പിന്‍വലിച്ചതെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഉയരുന്ന ചോദ്യം.