Connect with us

National

മൗലാനാ മസൂദ് അസ്ഹറിനെതിരെ കൂടുതല്‍ തെളിവുകളുമായി ഇന്ത്യ

Published

|

Last Updated

തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജെയ്‌ഷെ മുഹമ്മദ് തലവനുമായ മൗലാനാ മസൂദ് അസ്ഹറിനെതിരെ കൂടുതല്‍ തെളിവുകളുമായി ഇന്ത്യ. പാക്കിസ്ഥാനിലെ സൈനിക ആശുപത്രിയില്‍ നിന്നാണ് അസ്ഹര്‍ ആക്രമണത്തിന് അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്റെ പങ്കാളിത്തം വ്യക്തമാക്കുന്ന പുതിയ തെളിവുകള്‍ ഇന്ത്യ രാജ്യാന്തര ഏജന്‍സികള്‍ക്ക് മുന്നിലെത്തിക്കും.

ഗുരുതര രോഗത്തെ തുടര്‍ന്ന് നാല് മാസത്തോളമായി പാക്കിസ്ഥാനിലെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ അസ്ഹര്‍ ചികിത്സയിലായിരുന്നു. പുല്‍വാമ ആക്രമണത്തിന് എട്ട് ദിവസം മുമ്പ് അംഗങ്ങള്‍ക്ക് സംഘടനയിലെ അംഗങ്ങള്‍ക്ക് അസ്ഹര്‍ ശബ്ദസന്ദേശം അയച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ കശ്മീരിലെ ത്രാലില്‍ വെച്ച് സുരക്ഷാ സേന വധിച്ച തന്റെ അനന്തരവന്‍ ഉസ്മാന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്നായിരുന്നു സന്ദേശം. മറ്റൊരു അനന്തരവനായ മുഹമ്മദ് ഉമൈറിനേയും അബ്ദുല്‍റാശിഖ് ഖാസിയേയും സന്ദേശമടങ്ങിയ ടൈപ്പുകള്‍ അസ്ഹര്‍ ഏല്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീര്‍ താഴ്‌വരയിലെ യുവാക്കളില്‍ ഈ സന്ദേശം പ്രചരിപ്പിക്കുകയും അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ പ്രചോദിപ്പിക്കുകയുമായിരുന്നു ഇവരുടെ ചുമതല. കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ 40 സൈനികരാണ് കൊല്ലപ്പെട്ടത്.