Connect with us

Articles

പ്രിയങ്കയുടെ സമയം; പാര്‍ട്ടിയുടെയും

Published

|

Last Updated

രാജീവ് ഗാന്ധിയുടെ വിശ്വസ്തനായിരുന്ന അരുണ്‍ നെഹ്‌റു സോണിയാ ഗാന്ധിയോട് പിണങ്ങി ബി ജെ പിയില്‍ ചേരുകയും 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിക്കെതിരില്‍ അമേത്തിയില്‍ നിന്ന് മത്സരിക്കുകയും ചെയ്യുന്നു. പ്രിയങ്കാ ഗാന്ധി അമേത്തിയിലെ ജനങ്ങളോടായി ചോദിച്ചു, “എന്റെ കുടുംബത്തെ വഞ്ചിച്ച ഒരാളെ നിങ്ങളിവിടെ പൊറുപ്പിക്കുമോ? കോണ്‍ഗ്രസില്‍ നിന്ന് മാറി വര്‍ഗീയ കക്ഷികള്‍ക്ക് കൈ കൊടുത്ത, സ്വന്തം സഹോദരനെ പിറകില്‍ നിന്ന് കുത്തിയ ഒരാളെ നമുക്ക് വേണോ?” രാജീവ് ഗാന്ധിയുടെ മാതുലനായിരുന്ന അരുണ്‍ നെഹ്‌റുവിന്റെ പൊതുജീവിതം തന്നെ അതോടെ അവസാനിച്ചു. അതേ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനിടക്ക് തന്നെയാണ് പ്രിയങ്കാ ഗാന്ധിയോട് ഒരു മാധ്യമ പ്രവര്‍ത്തക, സോണിയ ഗാന്ധിയുടെ ഇറ്റാലിയന്‍ വംശപാരമ്പര്യം ചൂണ്ടി ബി ജെ പി വിമര്‍ശിക്കുന്ന കാര്യം പറഞ്ഞത്. പ്രിയങ്ക സ്‌നേഹത്തോടെ അവരെ സമീപിച്ചുകൊണ്ട് ചോദിച്ചു, “നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ എന്റെ സിരകളില്‍ ഓടുന്നത് വിദേശരക്തമാണെന്ന്?” പ്രിയങ്കയുടെ കുലീനമായ സാന്നിധ്യം വേണ്ടിടത്ത് തെന്നലാവാനും ആവശ്യമുള്ളപ്പോഴെല്ലാം കൊടുങ്കാറ്റാവാനും കഴിവുള്ളതാണെന്ന് അന്നേ രാഷ്ട്രീയ ഭാരതം നിരീക്ഷിച്ചിരുന്നു. ഗാന്ധി കുടുംബത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് രാജീവിന്റെ മകളാണ് വരാനിരിക്കുന്നതെന്നും പലരും കരുതി. പക്ഷേ, രാഷ്ട്രീയ പ്രവേശനം അന്ന് മകന്റേതായിരുന്നു. രാഹുലാകട്ടെ, പ്രിയങ്കയുടെ പ്രസരിപ്പ് കാണിച്ചില്ലെന്ന് മാത്രമല്ല; താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന് യോജിക്കുകയേയില്ലെന്ന് ആവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു. രാഹുലിന് പക്ഷേ, ക്ഷമയുണ്ടായിരുന്നു. അയാള്‍ ഗ്രാമങ്ങളിലേക്കിറങ്ങി ഇന്ത്യയെ കണ്ടെത്താന്‍ നന്നേ മെനക്കെടുകയും ഒടുവില്‍ കോണ്‍ഗ്രസിന്റെ ശക്തനായ സാരഥിയാവുകയും ചെയ്തു.

എന്നാല്‍ രാഹുല്‍ വേച്ചുപോയപ്പോഴെല്ലാം കോണ്‍ഗ്രസിനകത്തും പുറത്തും “പ്രിയങ്കയെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ” എന്ന് മുദ്രാവാക്യങ്ങളുയര്‍ന്നു. എന്നാല്‍ പ്രിയങ്ക വന്നില്ല. അവര്‍ സഹോദരന് കരുത്തായി പിറകിലുണ്ടായിരുന്നു. രാഹുലിന്റെ പ്രസംഗങ്ങളില്‍, ശൈലിയില്‍, പൊതുപ്രവേശനങ്ങളിലെല്ലാം പ്രിയങ്ക രാഹുലിനെ തിരുത്തിക്കൊണ്ടിരുന്നു. എന്നാല്‍ എല്ലാം രഹസ്യമായിരുന്നു. ഒടുവില്‍, കഴിഞ്ഞ പ്ലീനറി സമ്മേളനത്തിന്റെ നടത്തിപ്പിന്റെ മുഴുവന്‍ നിയന്ത്രണത്തിന്റെയും ചുക്കാന്‍ പിടിക്കാന്‍ പ്രിയങ്ക ഉണ്ടായിരുന്നു. വേദി മുതല്‍ എല്ലാം. വേദിയില്‍ ഇരിപ്പിടങ്ങളൊഴിവാക്കിയും പ്രസംഗങ്ങള്‍ക്ക് സമയം നിശ്ചയിച്ചും അങ്ങനെ പ്രതിനിധികളെയും, സദസ്സും, അടക്കം എല്ലാം കേമമായി നടത്തുകയും ചെയ്തു. പ്രിയങ്ക വരാനിരിക്കുന്നു എന്ന സൂചനകളുണ്ടായിരുന്നു അവിടെ. പക്ഷേ, ഒരിക്കല്‍ പോലും തിരശ്ശീലക്കു മുന്നില്‍ വരാതെ അവര്‍ മാറിനിന്നു. ഒടുവില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആരവങ്ങള്‍ കനക്കവേ പ്രിയങ്ക അവതരിച്ചിരിക്കുന്നു. സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയത്തില്‍ ഇത്രമേല്‍ ജനങ്ങള്‍ കാത്തിരുന്ന ഒരു വ്യക്തി പ്രിയങ്കാ ഗാന്ധിയല്ലാതെ വേറെ ഉണ്ടാകാനിടയില്ല.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകമാകാനിരിക്കുന്ന ഉത്തര്‍ പ്രദേശിലെ കിഴക്കു ഭാഗത്തെ എ ഐ സി സി ജനറല്‍ സെക്രട്ടറി ആയിട്ടാണ് പ്രിയങ്ക നിയോഗിക്കപ്പെട്ടിരിക്കുന്നത്. ലോക്‌സഭയിലേക്കുള്ള 80 സീറ്റുകളും വരുന്ന ഉത്തര്‍ പ്രദേശില്‍ എസ് പി ബി എസ് പി സഖ്യം കോണ്‍ഗ്രസിനെ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചിടത്തു നിന്നും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിക്കുമ്പോഴും ഇങ്ങനെയൊരു വഴിത്തിരിവ് ആരും പ്രതീക്ഷിച്ചു കാണില്ല. അതുകൊണ്ടാണ്, രാഷ്ട്രീയ നിരീക്ഷകര്‍ക്കും പ്രവചനക്കാര്‍ക്കും ഇതര പാര്‍ട്ടികള്‍ക്കും കണക്കു കൂട്ടലുകള്‍ തെറ്റുന്നതും ത്രികോണ മത്സരത്തിനുള്ള കളമൊരുങ്ങുന്നതും.
ഔധ്, പൂര്വാഞ്ചല്, ദൗബിന്റെ താഴ്ഭാഗത്തുള്ള പ്രദേശങ്ങള്‍ എന്നിവ അടങ്ങുന്ന കിഴക്കന്‍ യു പിയില്‍ 40 സീറ്റുകള്‍ ഉണ്ട്. മേല്‍ജാതിക്കാര്‍ക്ക് മേല്‍ക്കോയ്മയുള്ള പ്രദേശങ്ങള്‍ വരുന്ന ഈ ഭാഗം ജാതി രാഷ്ട്രീയം കൊണ്ട് വളരെ സങ്കീര്‍ണമാണ്. 2009ലെ തിരഞ്ഞെടുപ്പില്‍ യു പിയില്‍ നിന്ന് കോണ്‍ഗ്രസ് നേടിയ ആകെ 21 സീറ്റില്‍ പതിനെട്ടെണ്ണവും കിഴക്കന്‍ യു പിയില്‍ നിന്നായിരുന്നു എന്നത് ശ്രദ്ധേയം. 19 ശതമാനം വരുന്ന മേല്‍ജാതിക്കാരില്‍ 13 ശതമാനം ബ്രാഹ്മണരുണ്ടാകും. താക്കൂര്‍ വിഭാഗത്തിന് കൂടുതല്‍ പ്രാതിനിധ്യം കൊടുത്തതില്‍ ബ്രാഹ്മണര്‍ക്കുള്ള അമര്‍ഷം പ്രിയങ്കയെ നിര്‍ത്തി മുതലെടുക്കാനാകുമെന്ന് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നു. പ്രിയങ്കയുടെ ഹിന്ദു അസ്തിത്വം, ബ്രാഹ്മണരെയും ബുദ്ധിസത്തോടുള്ള അടുപ്പം ദളിതരെയും ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മേല്‍ജാതിക്കാരുടെ അത്ര തന്നെ വരുന്ന മുസ്‌ലിംകളുടെ വോട്ടുകള്‍ എസ് പിയില്‍ കേന്ദ്രീകരിക്കപ്പെടാതെ കോണ്‍ഗ്രസിലേക്കെത്തിക്കാനും പ്രിയങ്ക തന്നെയായിരിക്കും നല്ലതെന്ന് കോണ്‍ഗ്രസിനറിയാം. 2009ല്‍ സംഭവിച്ചതുപോലെ, കുര്‍മി, ബ്രാഹ്മിണ്‍, മറ്റു താക്കൂറേതര മേല്‍ജാതിക്കാര്‍, മുസ്‌ലിംകള്‍, ജാതവരല്ലാത്ത എസ് സി വിഭാഗക്കാര്‍, ജാട്ടുകള്‍ എന്നിങ്ങനെയുള്ള വോട്ടുകളെല്ലാം കോണ്‍ഗ്രസ് നേടിയെടുത്തതിന്റെ ആവര്‍ത്തനമാണ് 2019ലും പ്രതീക്ഷിക്കുന്നത്.
എന്നാല്‍, 2017ല്‍ പ്രിയങ്ക തന്നെ മുന്‍കൈ എടുത്ത് സാധിച്ച കോണ്‍ഗ്രസ്- സമാജ്‌വാദി പാര്‍ട്ടി സഖ്യം അമ്പേ പരാജയപ്പെട്ട കണക്കുകളാണ് കോണ്‍ഗ്രസിനെ കുഴക്കുന്നതും പ്രിയങ്കയുടെ ജോലി കടുത്തതാക്കുന്നതും. മുസ്‌ലിംകള്‍ക്ക് ബി എസ് പി നല്ല അവസരമല്ലെങ്കിലും കോണ്‍ഗ്രസ് മാത്രമല്ല അവരുടെ അഭയം. യു പിയില്‍ ഒരുപക്ഷേ, കോണ്‍ഗ്രസിനേക്കാള്‍ മുസ്‌ലിംകള്‍ക്ക് എസ് പിയായിരിക്കും നല്ലത്. മുസ്‌ലിം വോട്ടുകളിലെ ഈ ഭിന്നത പരിഹരിക്കപ്പെടണമെങ്കില്‍ ബ്രഹ്മിന്‍ വോട്ടുകള്‍ ബി ജെ പിയില്‍ നിന്നും ഒമ്പത് ശതമാനം വരുന്ന യാദവ വോട്ടുകള്‍ എസ് പിയില്‍ നിന്നും 12 ശതമാനം വരുന്ന ജാതവ വോട്ടുകളും എട്ട് ശതമാനം വരുന്ന മറ്റു ദളിത് വോട്ടുകളും ബി എസ് പിയില്‍ നിന്നും ചോര്‍ത്തേണ്ടി വരും.

നോട്ടു നിരോധനവും കര്‍ഷക രോഷവും മുതലെടുക്കുകയാണ് മേല്‍ പറഞ്ഞതൊന്നുമല്ലാത്ത 22 ശതമാനം എങ്കിലും വരുന്ന ഒ ബി സി വോട്ടുകള്‍ കൈക്കലാക്കാനുള്ള വഴി. കാര്‍ഷിക കടങ്ങള്‍ക്കും താങ്ങുവിലയിലെ പ്രശ്‌നങ്ങള്‍ക്കും പുറമെ കശാപ്പ് നിരോധനവും യു പിയിലെ കര്‍ഷകരെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതിനകമുള്ള പരാധീനതകള്‍ക്കു പുറമെ ഉത്പാദന ക്ഷമതയില്ലാത്ത കാലികളെ കൂടി പോറ്റേണ്ടി വരുന്നത് കര്‍ഷകര്‍ക്കിടയില്‍ ബി ജെ പി വിരുദ്ധ വികാരമുണ്ടാക്കിയിട്ടുണ്ടെന്നതാണ് വസ്തുത.

18 വയസ്സിനും 21 വയസ്സിനും ഇടയിലുള്ള യുവാക്കളില്‍ 51 ശതമാനം പേരും ബി ജെ പിയെ ആണ് പിന്തുണച്ചത്. അവര്‍ക്ക് വാഗ്ദാനം നല്‍കിയ തൊഴിലവസരങ്ങളൊന്നും കൊടുക്കാന്‍ മോദി സര്‍ക്കാറിന് കഴിയാതെ പോയത് മുതലെടുക്കാനുള്ള അവസരം, പ്രിയങ്കയിലൂടെ കൃത്യമായി സാധിക്കാമെന്ന് രാഹുലും പാര്‍ട്ടിയും കണക്കുകൂട്ടുന്നു. സ്ത്രീകളുടെ വോട്ടിലും പ്രിയങ്കയുടെ വരവിലൂടെ കോണ്‍ഗ്രസിന് സന്തോഷിക്കാനുള്ള വകയുണ്ടാകും. തേജി ബച്ചന്റെ ഹിന്ദി ഭാഷാ ശിക്ഷണം അത്ര ഗംഭീരമായി, ശ്രോതാക്കള്‍ക്കനുസരിച്ച് പ്രയോഗിക്കാന്‍ പ്രിയങ്ക ബഹുമിടുക്കിയാണ് എന്നത് ശ്രദ്ധേയം. യു പി മുഖ്യമന്ത്രി യോഗിയുടെ തട്ടകമായ ഗോരക്പൂരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയും പ്രിയങ്കക്ക് ചുമതലയുള്ള കിഴക്കന്‍ യു പിയിലാണ്. മാത്രവുമല്ല, പ്രിയങ്ക വാരാണസിയില്‍ മോദിയെ നേരിടുകയെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആവേശവും ആവശ്യവുമുണ്ട് താനും.

പ്രിയങ്കയെ അവതരിപ്പിച്ച സമയം എന്തുകൊണ്ടും കൃത്യമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നവോന്മേഷം പകരാനാണ് ഏറ്റവും നിര്‍ണായകമായ സംസ്ഥാനമെന്ന നിലക്ക് യു പിയിലെ തന്നെ ചുമതല അവരെ ഏല്‍പ്പിക്കുന്നതും. എന്നാല്‍, രാഹുല്‍ എന്ന നേതാവിന്റെ കഴിവ് തെളിയിക്കപ്പെടും വരെ പാര്‍ട്ടിക്ക് കാത്തിരിക്കേണ്ടതുണ്ടായിരുന്നു. ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ വിജയം രാഹുലിനെ പാര്‍ട്ടിക്കകത്തും, പുറത്തും ഏറ്റവും ആര്‍ജവവും ആത്മവിശ്വാസവുമുള്ള നേതാവാക്കി വളര്‍ത്തിയിരിക്കുന്നു. ഇനി പ്രിയങ്കയുടെ വരവ് രാഹുല്‍ തോറ്റിടത്ത് പാര്‍ട്ടിയെ നയിക്കാന്‍ എന്നല്ല, മറിച്ച് രാഹുലിന്റെ ഏറ്റവും മികച്ച തുറുപ്പുചീട്ടായി എന്നാണ്.
പാര്‍ട്ടി സംവിധാനങ്ങള്‍ ഏറെ ദുര്‍ബലപ്പെട്ട യു പിയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം നല്‍കാനിരിക്കുന്ന പരിമിതികളെ കുറിച്ച് ആലോചിച്ചുകൊണ്ടു തന്നെയാകണം, പ്രിയങ്കയുടെ ദൗത്യം ലോക്‌സഭ മാത്രം മുന്നില്‍ കണ്ടുകൊണ്ടല്ല, സംസ്ഥാനത്ത് പാര്‍ട്ടിയെ തിരികെ കൊണ്ടുവരാന്‍ കൂടിയാണ് എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് തറപ്പിച്ചു പറയുന്നത്.

ഇന്ദിരാഗാന്ധിയുടെ തലയെടുപ്പും പ്രസന്നതയും ഊര്‍ജവും ചേഷ്ടകളുമുള്ള പ്രിയങ്കയുടെ ഔദ്യോഗിക രാഷ്ട്രീയ പ്രവേശനത്തെ ഇന്ദിര തിരിച്ചെത്തിയിരിക്കുന്നു എന്നാണ് സാമൂഹിക മാധ്യമങ്ങളും വിദേശ മാധ്യമങ്ങളും പ്രകീര്‍ത്തിച്ചത്. ഇത് കണ്ട് ഇന്ദിര വരുമ്പോള്‍ അടിയന്തരാവസ്ഥ കൂടി വരുമോ എന്ന് പരിഹസിക്കുന്നവര്‍ക്ക്, പുല്‍വാമയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ പ്രഥമ പത്ര സമ്മേളനം വേണ്ടെന്നു വെച്ച പ്രിയങ്ക തന്നെയായിരിക്കും മറുപടി. പിന്നെ, പാരമ്പര്യം എന്നത് ഒരു മോശം കാര്യമല്ലല്ലോ. പോരാത്തതിന് പ്രിയങ്ക മിടുക്കിയുമാകുമ്പോള്‍.

എന്‍ എസ് അബ്ദുല്‍ ഹമീദ്‌

Latest