ആലുവയില്‍ വന്‍ കവര്‍ച്ച; വനിതാ ഡോക്ടറെ കത്തികാട്ടി 100 പവന്‍ കവര്‍ന്നു

Posted on: February 16, 2019 12:47 pm | Last updated: February 16, 2019 at 8:20 pm

കൊച്ചി: ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും 70,000 രൂപയും കവര്‍ന്നു. ചെങ്ങമനാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഡോ. ഗ്രേസ് മാത്യൂസിന്റെ അത്താണിയിലെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. വീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിതുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ ഗ്രേസ് മാത്യു ഉറങ്ങുന്ന മുറിയിലെത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തുകയിരുന്നു. മുഖം മൂടി ധരിച്ചെത്തിയ രണ്ട് പേരാണ് മോഷണം നടത്തിയത്. മിണ്ടരുതെന്നും മിണ്ടിയാല്‍ കൊല്ലുമെന്നും മോഷ്ടാക്കള്‍ ആക്രോശിച്ചതായി ഗ്രേസ് മാത്യു പറഞ്ഞു. ശബ്ദം പരിചയമുള്ളതായി സംശയമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഡോക്ടറുടെ ഭര്‍ത്താവ് ഡോ. മാത്യൂസ് അമേരിക്കയിലും ഏക മകന്‍ ഡോ. അജിത്ത് നേവിയിലുമാണ്. ഡോ. ഗ്രേസ് മാത്യൂസ് 15 ഇവിടെ തനിച്ചാണ് താമസം. കഴിഞ്ഞ ദിവസം ബാങ്കിലെ ലോക്കറില്‍നിന്നും എടുത്തതാണ് സ്വര്‍ണമെന്ന് ഡോ. ഗ്രേസ് പോലീസിനോട് പറഞ്ഞു. ബാങ്കില്‍നിന്നും സ്വര്‍ണം പിന്‍വലിച്ചത് അറിയാവുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന. റൂറല്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്.