Connect with us

Kerala

ജയം ലക്ഷ്യമിട്ട് ഗോകുലം ഇന്ന് ആരോസിനെതിരെ

Published

|

Last Updated

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ് സി ഇന്ന് ഇന്ത്യന്‍ ആരോസിനെ നേരിടും. തുടര്‍ച്ചയായ ഏഴ് എവേ മത്സരങ്ങള്‍ക്ക് ശേഷമാണ് മാനം കാക്കാന്‍ ഗോകുലം എഫ് സി ഇന്നിറങ്ങുന്നത്. തോല്‍വികളാണ് കേരള ടീമിനെ പോയന്റ് പട്ടികയില്‍ പത്താം സ്ഥാനത്തെത്തിച്ചിരിക്കുന്നത്. നിലവില്‍ 15കളിയില്‍ രണ്ട് ജയവും ആറുസമനിലയുമാണ് ഗോകുലത്തിന്റെ സമ്പാദ്യം. 17കളിയില്‍ അഞ്ച് ജയവും ഒരുസമനിലയുമായി ആരോസ് ഏഴാമതാണുള്ളത്. കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിനാണ് മത്സരം. ഐലീഗിന്റെ ഈ സീസണില്‍ ഗോകുലത്തിന് അവശേഷിക്കുന്ന അഞ്ച് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമേ സൂപ്പര്‍കപ്പ് സാധ്യതനിലനിര്‍ത്താനാകൂ.

അതേസമയം, മോഹന്‍ ബഗാനെതിരെ അവസാനം കളിച്ച മത്സരത്തില്‍ സമനില നേടാനായത് ഗോകുലത്തിന് ആത്മവിശ്വാസം നല്‍കുന്നു. മുന്‍ ഐസ്വാള്‍ എഫ് സി കോച്ച് ഗിഫ്റ്റ് റൈഖാനെ ടീമിന്റെ ടെക്‌നിക്കല്‍ ഡയറക്ടറാക്കിയശേഷം പ്രകടനത്തില്‍ കാര്യമായ മാറ്റമുണ്ടായെങ്കിലും വിജയം അകലെയായിരുന്നു. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ഗോകുലം ടീമംഗങ്ങള്‍ ശ്രീനഗറില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഐസ്വാള്‍ എഫ് സി യുമായി ഈ മാസം പത്തിന് നടക്കേണ്ട ഹോം മാച്ച് മാറ്റിവെച്ചിരുന്നു. ഈ മത്സരം ഈ മാസം 28ന് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ തന്നെ നടക്കും. ഇന്ന് മത്സരത്തില്‍ നിന്ന് തങ്ങള്‍ മൂന്ന് പോയന്റ് നേടുമെന്ന് ഗിഫ്റ്റ് റൈഖാന്‍ പറഞ്ഞു.

മലയാളി സ്‌െ്രെടക്കര്‍ വി പി സുഹൈര്‍, ട്രിനിഡാഡ് ആന്റ് ടൊബാകോ താരം മാര്‍ക്കസ് ജോസഫ്, കൗമാരതാരം ഇമ്രാന്‍ ഖാന്‍ എന്നിവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. പരുക്ക് കാരണം രാജേഷ്, ഡിംപിള്‍, ഗനി, സല്‍മാന്‍ താരങ്ങള്‍ ഇന്ന് ഗോകുലത്തിന് വേണ്ടി ഇറങ്ങുന്നില്ല.
യുവനിരകരുത്തില്‍ കളംനിറയുന്ന ഇന്ത്യന്‍ ആരോസിന്റെ പ്രതീക്ഷ മധ്യനിരതാരം കെ പി രാഹുലാണ്. അമര്‍ജിത്ത് സിംഗ് കിയാം, സുരേഷ് സിംഗ് വാംഗ്ജാം എന്നിവര്‍ കൂടി ചേരുന്ന ആരോസ് സംഘം ശക്തമായ ടീമാണ്. പുല്‍വാമയില്‍ വീരമത്യു വരിച്ച ജവാന്മാര്‍ക്കും അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനോ സലക്കും ആദരാഞ്ജലി അര്‍പ്പിച്ച് ഗോകുലം താരങ്ങള്‍ കൈയില്‍ കറുത്ത റിബണ്‍ ധരിക്കുകയും മാച്ചിന് മുമ്പ് ഒരു മിനിറ്റ് മൗന പ്രാര്‍ഥന നടത്തുകയും ചെയ്യും.

Latest