എല്‍ ഡി എഫ് വടക്കന്‍ മേഖലാ ജാഥ ഇന്ന് തുടങ്ങും

Posted on: February 16, 2019 9:12 am | Last updated: February 16, 2019 at 3:17 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍ ഡി എഫ് നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്ന് തുടങ്ങും. വൈകുന്നേരം നാലിന് കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം ഉപ്പളയില്‍ നിന്നാരംഭിക്കുന്ന ജാഥ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ജാഥ മാര്‍ച്ച് രണ്ടിന് തൃശൂരില്‍ സമാപിക്കും.

സി പി എം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍, എന്‍ പീതാംബരന്‍ (എന്‍ സി പി), രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), സ്‌കറിയാ തോമസ് (കേരള കോണ്‍ഗ്രസ്), കെ പി മോഹനന്‍ (ലോക് താന്ത്രിക് ജനതാദള്‍), പി ഹംസാജി (ഐ എന്‍ എല്‍), ഫ്രാന്‍സിസ് ജോര്‍ജ് (ജനാധിപത്യ കേരള കോണ്‍ഗ്രസ്), അഡ്വ.പോള്‍ ജോസഫ് (കേരള കോണ്‍ഗ്രസ് ബി) എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും.

ബി ജെ പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ജാഥ. കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന ജാഥക്ക് ഇന്നലെ തിരുവനന്തപുരം ജില്ലയിലെ രണ്ട് കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. രാവിലെ പേരൂര്‍ക്കട ജംഗ്ഷനിലും വൈകുന്നേരം കോവളത്തുമാണ് സ്വീകരണം ഒരുക്കിയത്.