അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Posted on: February 15, 2019 10:35 pm | Last updated: February 16, 2019 at 9:56 am

അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. മെക്സിക്കന്‍ മതില്‍ നിര്‍മാണ പദ്ധതിയുടെ ഫണ്ടു ശേഖരണവുമായി ബന്ധപ്പെട്ടാണ് പ്രസിഡന്റിന്റെ കടുത്ത നീക്കം.

പദ്ധതിക്കു ഫണ്ട് അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. അധികാര ദുര്‍വിനിയോഗമാണ് ട്രംപ് നടത്തുന്നതെന്ന് ഡെമോക്രാറ്റുകള്‍ ആരോപിച്ചിരുന്നു. നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖരും എതിര്‍ക്കുകയുണ്ടായി.

അനധികൃത കുടിയേറ്റം തടയുക ലക്ഷ്യമിട്ടാണ് യു എസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ ട്രംപ് തീരുമാനിച്ചത്. ലോക വ്യാപകമായി ഉയര്‍ന്ന പ്രതിഷേധങ്ങളെയും അവഗണിച്ച് മുന്നോട്ടു പോവുകയായിരുന്നു ട്രംപ്. സമ്മര്‍ദം ചെലുത്തി ആവശ്യമായ ഫണ്ട് സ്വരൂപിച്ചെടുക്കാനുള്ള നടപടിയുടെ കൂടി ഭാഗമായാണ് അടിയന്തരാവസ്ഥാ പ്രഖ്യാപനം. തിരഞ്ഞെടുപ്പു വേളയില്‍ ട്രംപിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു മതില്‍ നിര്‍മാണം.