കശ്മീര്‍ സഫോടനത്തിന് ഉപയോഗിച്ചത് 60 കിലോഗ്രാം ആര്‍ഡിഎക്‌സ്

Posted on: February 15, 2019 7:56 pm | Last updated: February 15, 2019 at 10:37 pm

ശ്രീനഗര്‍: കശ്മീരില്‍ 40 സൈനികരുടെ ജീവത്യാഗത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഉപയോഗിച്ചത് 60 കിലോഗ്രാം ആര്‍ഡിഎക്‌സ് എന്ന് കണ്ടെത്തി. സെഡാന്‍ കാറിലാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ചിരുന്നതെന്നും വ്യക്തമായി. 350 കിലോഗ്രാം ഐഇഡി കുത്തിനിറച്ച എസ് യു വി വാന്‍ കോണ്‍വോയിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്നാണ് നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍.

150 മീറ്റര്‍ ചുറ്റളവില്‍ ഉഗ്രസ്‌ഫോടനം സൃഷ്ടിക്കാന്‍ മാത്രം ശേഷിയുള്ള ആര്‍ഡിഎക്‌സ് ആണ് തീവ്രവാദികള്‍ ഉപയോഗിച്ചത്. ആര്‍ഡിഎക്‌സ് കുത്തിനിറച്ച കാര്‍ സൈനിക വാഹനത്തിലേക്ക് ഇടിച്ച് കയറ്റിയിട്ടില്ല. മറിച്ച് സൈനിക വാഹന വ്യൂഹത്തെ ഓവര്‍ടേക് ചെയ്ത്, വാഹനത്തിന് തൊട്ടടുതത് വെച്ച് സ്‌ഫോടനം സൃഷ്ടിക്കുകയായിരുന്നുവെന്ന് സിആര്‍പിഎഫ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സൈനികരുടെ മൃതദേഹങ്ങള്‍ 80 മീറ്റര്‍ ദൂരേക്ക് വരെ തെറിച്ച് പോയിരുന്നു. നൂറ് മീറ്ററോളം ദൂരപരിധിയില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറികിടന്നിരുന്നു. വന്‍ നാശം വിതക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭീകരാക്രമണം നടത്തിയതെന്ന് വ്യക്തമാണ്.

22കാരനായ ജയ്‌ഷേ മുഹമ്മദ് പ്രവര്‍ത്തകനായ ആദില്‍ അഹമ്മദ് ദാര്‍ എന്ന ചാവേറാണ് സ്‌ഫോടനം നടത്തിയത്. സംഭവം നടന്ന സ്ഥലത്തിന് പത്ത് കിലോമീറ്റര്‍ അകലെ താമസിക്കുന്ന ഇയാള്‍ക്ക് ആര്‍ഡിഎക്‌സ് എത്തിക്കാനും മറ്റും സഹായം നല്‍കിയത് ആരാണെന്ന് വ്യക്തമല്ല. സിആര്‍പിഎഫ് കൊണ്‍വോയ് കടന്നുപോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ശുചീകരണം നടത്തിയ െൈഹവേയില്‍ ഇയാള്‍ എങ്ങനെ കയറിയെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.