ലോക കേരള സഭയിലെത്തുന്ന പശ്ചിമേഷ്യന്‍ അജന്‍ഡകള്‍

  ഗള്‍ഫ് പ്രവാസം എക്കാലത്തെയും വലിയ ഭീഷണി നേരിടുന്ന സമയത്താണ് ലോക കേരളസഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം ഇന്നും നാളെയും ദുബൈയില്‍ നടക്കുന്നത്. ആഗോളാടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്ന പുതിയ തൊഴില്‍ സാധ്യതകള്‍ വിവര സാങ്കേതിക ജ്ഞാനത്തില്‍ അധിഷ്ഠിതമാണ്. മലയാളിയെ സംബന്ധിച്ച് അത്തരം തൊഴിലിനെ കേന്ദ്രീകരിച്ചുള്ള നൈപുണ്യങ്ങള്‍ ഇനിയും വികസിക്കേണ്ടതുണ്ട്. ലോകത്ത് എവിടെയും ജോലി ചെയ്യാനുള്ള ഭാഷാപരമായ ഇടപെടല്‍ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. നിമിഷം തോറും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക ജ്ഞാനത്തോടൊപ്പം ഓടിയെത്താനുള്ള ബൗദ്ധിക സാഹചര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടാവണം. ഗള്‍ഫിലെ തൊഴില്‍ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മത്സരിക്കേണ്ടിവരുന്നത് നിര്‍മിതി ബുദ്ധിയോടൊപ്പം സഞ്ചരിക്കുന്ന /യൂറോപ്യന്‍ ജനതയോടാണ്. ആ തരത്തിലേക്ക് പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയണം.
  Posted on: February 15, 2019 1:33 pm | Last updated: February 15, 2019 at 1:33 pm

  ഗള്‍ഫ് പ്രവാസം എക്കാലത്തെയും വലിയ ഭീഷണി നേരിടുന്ന സമയത്താണ് ദുബൈയില്‍ ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനം നടക്കുന്നത്. ഒന്നിക്കാം, സംവദിക്കാം, മുന്നേറാം എന്നതാണ് സമ്മേളനം മുന്നോട്ടുവെക്കുന്ന സന്ദേശം. കേരളത്തിന് പുറത്ത് നടക്കുന്ന ഈ ഒത്തുകൂടലിന് ഏറെ പ്രാധാന്യമുണ്ട്. അതിന്റെ നടപടി ക്രമങ്ങളോട് നിസ്സാരമായ രാഷ്ട്രീയ വിയോജിപ്പുകള്‍ ഉണ്ടാവുമ്പോഴും ഇത്തരം സമ്മേളനങ്ങളും വിശകലനങ്ങളും കാലഘട്ടത്തിന്റെ ആവശ്യമാണ്. കാരണം, അര പതിറ്റാണ്ട് പിന്നിട്ട ഗള്‍ഫ് പ്രവാസത്തില്‍ സംഭവിച്ചുക്കൊണ്ടിരിക്കുന്നത് തൊഴില്‍ കുടിയേറ്റ ജനതയുടെ നിലനില്‍പ്പിന്റെ പ്രശ്‌നങ്ങളാണ്. 25 ലക്ഷത്തില്‍ കൂടുതല്‍ വരുന്ന മലയാളികളെ സംബന്ധിച്ച് പ്രവാസത്തില്‍ നിന്നുണ്ടാകുന്ന അതിവേഗതയിലുള്ള മടക്കങ്ങള്‍ അരക്ഷിത ചിന്തകളാണ് ഉണ്ടാക്കുന്നത്. അത്രമാത്രം അവരുടെ കുടുംബത്തിന്റെ നിലനില്‍പ്പ് പ്രവാസികളുടെ കുടിയേറ്റ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.

  ഗള്‍ഫ് കുടിയേറ്റ സമൂഹം ഈ പ്രതിസന്ധികളെ അഭിമുഖീകരിക്കുകയും ഒപ്പം അതിജീവന വഴി തേടുകയും ചെയ്യുമ്പോഴാണ് ലോക കേരളസഭ അതിന്റെ രണ്ടാം സമ്മേളന വേദിയായി ദുബൈയെ തിരഞ്ഞെടുത്തത്. ഈ തിരഞ്ഞെടുപ്പ് പല കാരണത്താലും പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഒന്നാമതായി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ എത്തിയത് യു എ ഇയിലാണ്. ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ളതും യു എ ഇയില്‍ തന്നെ. അത്തരമൊരു ഘട്ടത്തില്‍ ദുബൈയില്‍ വെച്ചു നടത്തുന്ന ലോക കേരളസഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സഭയില്‍ പ്രധാനമായും ഉയര്‍ന്നു വരുന്നത് രണ്ട് അജന്‍ഡകള്‍ ആയിരിക്കും.

  ഒന്ന് പ്രവാസത്തിലെ മടക്കങ്ങളെ ഏത് രീതിയിലാണ് കേരള സര്‍ക്കാര്‍ നോക്കിക്കാണുന്നത് എന്നതായിരിക്കും. രണ്ടാമതായി മടങ്ങിവരുന്ന പ്രവാസികളുടെ തൊഴില്‍ പരിചയങ്ങളെ എങ്ങനെ കേരളത്തില്‍ പ്രയോജനപ്പെടുത്താം എന്നതുമായിരിക്കും. ഇതില്‍ ആദ്യത്തേതിന് അനുകൂലമായ പല പദ്ധതികളും കേരള സര്‍ക്കാര്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രഖ്യാപനങ്ങളും ബജറ്റ് പ്രഖ്യാപനങ്ങളും കേട്ടു മടുത്ത സമൂഹത്തില്‍ ഈ പ്രഖ്യാപനങ്ങളും ഒലിച്ചുപോവുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റുപറയാന്‍ പറ്റില്ല. എന്നാല്‍, അത്തരം ധാരണകളെ തിരുത്തുന്ന തരത്തിലാണ് പ്രവാസി സമൂഹത്തോടുള്ള സര്‍ക്കാര്‍ നിലപാട് എന്ന് ഒറ്റനോട്ടത്തില്‍ പറയാം. പ്രധാനമായും നോര്‍ക്ക റൂട്‌സുമായി ബന്ധപ്പെട്ട പല പദ്ധതികളും പ്രായോഗിക തലത്തില്‍ ചലിച്ച് തുടങ്ങിയാല്‍ അത് തിരിച്ചെത്തുന്ന പ്രവാസികയുടെ തുടര്‍ജീവിതത്തെ മുന്നോട്ട് നയിക്കുന്നതായിരിക്കും. അത്തരം പദ്ധതികളുടെ അവലോകനങ്ങള്‍ എത്രത്തോളം സഭയില്‍ നടക്കും എന്നതാണ് പ്രവാസി സമൂഹത്തിന് അറിയേണ്ടത്. കാരണം, സഭ അഭിസംബോധനം ചെയ്യുന്നത് പശ്ചിമേഷ്യയിലെ മലയാളികളെയാണ്.

  ഗള്‍ഫിന്റെ പൊതു സാമ്പത്തിക സ്വഭാവം പ്രകൃതി വാതകവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. അതിനെ ആശ്രയിച്ച് നില്‍ക്കുന്ന അടിസ്ഥാന വികസന സാധ്യതയില്‍ നിന്നായിരുന്നു കേരളീയരുടെ കുടിയേറ്റത്തിന്റെ ആരംഭം. അത് പിന്നീട് പല രീതിയില്‍ വ്യത്യസ്ത തലങ്ങളിലേക്ക് വളര്‍ന്നു. ഭരണ നിര്‍വഹണത്തിലും സുരക്ഷാ രംഗത്തു പോലും മലയാളിയുടെ സാന്നിധ്യം പ്രബലമായിരുന്നു.
  കഴിഞ്ഞ രണ്ട് പതിറ്റാണ്ട് വരെ ഇതിനൊരു തുടര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍, 2011ലെ സഊദിയിലെ നിതാഖാത്തോടെ ഈ തുടര്‍ച്ചക്ക് കാര്യമായ തടസ്സങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. അതാകട്ടെ സ്വദേശിവത്കരണത്തിന്റെ രാഷ്ട്രീയ നിര്‍വചനമായതോടെ ഇതര ജി സി സി രാജ്യങ്ങള്‍ സ്വദേശിവത്കരണം സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ സൂക്ഷ്മമായി പരിശോധിക്കാന്‍ തുടങ്ങി. സ്വന്തം പൗരന്മാരെ രാജ്യത്തിന്റെ പുരോഗതിയുടെ ഭാഗമാക്കാനും പരാശ്രയത്വത്തില്‍ നിന്ന് സ്വാശ്രയത്വത്തിലേക്ക് എത്തിച്ചേരാനും സ്വദേശീവത്കരണത്തിന് കഴിയുമെന്ന് തെളിയിക്കപ്പെട്ടു. ഓരോ രാജ്യത്തിന്റെ ഭൂപ്രകൃതിക്ക് അനുസരിച്ച് ആ രാജ്യത്തെ ജനതയുടെ തൊഴില്‍ സംസ്‌കാരത്തെ മാറ്റാന്‍ ഇതുവഴി ഗള്‍ഫ് രാജ്യങ്ങള്‍ക്ക് കഴിഞ്ഞു. ഒമാനില്‍ കച്ചവടത്തിലും കൃഷിയിലും അത് വിജയം കണ്ടു. യു എ ഇ വിവര സാങ്കേതിക വിദ്യയിലും സേവന രംഗത്തും സ്വദേശികളുടെ കഴിവ് അംഗീകരിക്കപ്പെട്ടു. സഊദിയുടെ പ്രത്യേക സാഹചര്യത്തില്‍ അത് പല വഴിയില്‍ വിജയം കണ്ടുവരുന്നു. വനിതകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയതോടെ പുതിയൊരു ജീവിത സാഹചര്യം തന്നെ നിലവില്‍ വന്നു. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ ഉണ്ടാക്കിയ പ്രതിസന്ധിയില്‍ നിന്നാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളുടെ മടക്കങ്ങള്‍.
  തൊഴില്‍ നഷ്ടങ്ങള്‍ കാരണം തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസം സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ്. കാരണം, കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ പ്രവാസികളുടെ സഹായം ചെറുതല്ല. അത് പ്രത്യക്ഷത്തില്‍ പണമായി തോന്നാമെങ്കിലും അതിന് അപ്പുറം ഒരു തലമുറയുടെ വിദ്യാഭ്യാസ പുരോഗതിയേ നിര്‍ണയിച്ചത് പ്രവാസമാണ്. കേരളത്തിലെ അടിസ്ഥാന വര്‍ഗത്തിലുണ്ടായ മാറ്റത്തെ നിര്‍ണയിച്ചത് പ്രവാസി പണം തന്നെയാണ്. അതേസമയം പ്രവാസ സമ്പത്തിനെ ക്രിയാത്മകമായി പ്രയോജനപ്പെടുത്താനും അതിനെ നിക്ഷേപമാക്കി മാറ്റാനും പ്രവാസികള്‍ക്ക് സാമ്പത്തിക സാക്ഷരത നല്‍കാനും നമ്മുടെ ഭരണ സംവിധാനത്തിന് കഴിഞ്ഞില്ല. വലിയ ശതമാനം ജനങ്ങള്‍ പ്രവാസത്തില്‍ നിന്ന് മടങ്ങുമ്പോഴാണ് പ്രവാസി ചിട്ടിയും നിക്ഷേപ പദ്ധതിയും നിലവില്‍ വന്നത്.

  അഞ്ച് പതിറ്റാണ്ട് ഉണ്ടാക്കിയ ഈ കാലതാമസത്തിനിടയില്‍ പല പ്രവാസികളും വന്‍കിട സാമ്പത്തിക തട്ടിപ്പില്‍ വീണു. ഫല്‍റ്റ് നിക്ഷേപമായും ഊഹക്കച്ചവടമായും വന്‍ സംഖ്യകള്‍ നഷ്ടപ്പെട്ടത് വാര്‍ത്തയായപ്പോഴും അതിന്റെ പിന്നാലെ തന്നെയായിരുന്നു പല പ്രവാസികളും. അതൊന്നും അതിമോഹം കൊണ്ടായിരുന്നില്ല. മറിച്ച് നാട്ടില്‍ തിരിച്ചെത്തുന്ന കാലത്ത് ഒരു വരുമാന മാര്‍ഗമെന്ന നിലയിലായിരുന്നു. ഇന്ന് അതിന് പകരമായി വരുന്ന സര്‍ക്കാര്‍ പദ്ധതികളില്‍ എത്ര ശതമാനം പ്രവാസികള്‍ക്ക് ചേരാന്‍ കഴിയും? ഇത്തരമൊരു സാഹചര്യത്തില്‍ നിന്നാണ് ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന ഒരു വിഷയം പ്രസക്തമാവുന്നത്. ഗള്‍ഫ് മേഖലയിലെ ഭാവിയിലെ തൊഴില്‍ സാധ്യതയാണ് സമ്മേളനത്തിലെ പ്രധാന അജന്‍ഡ. അതിന് വേണ്ട നൈപുണ്യങ്ങളെ കുറിച്ചും സഭ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. നേരത്തേ ഇത്തരം ചര്‍ച്ചകള്‍ പല രീതിയിലും നടന്നിട്ടുണ്ട്. പ്രത്യേകിച്ചും ഗള്‍ഫിലെ തൊഴില്‍ പരിചിത രംഗങ്ങളില്‍ നിന്ന്. അതിനെ കുറിച്ചുള്ള തുടര്‍ അന്വേഷണങ്ങള്‍ എന്തുകൊണ്ടും പ്രസക്തമാണ്.

  ഒരു ഭരണകൂട സംവിധാനം ജനപക്ഷമാവുന്നത് അത് ജനകീയ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ്. ആ അര്‍ഥത്തില്‍ ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തില്‍ ഗള്‍ഫ് പ്രവാസികളുടെ ഭാവി ജോലി സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നത് എന്തുകൊണ്ടും അര്‍ഥവത്തായ കാര്യമാണ്. കാരണം, ഗള്‍ഫിലെ സാമൂഹിക ജീവിത ചുറ്റുപാടുകള്‍ അടിമുടി മാറിക്കഴിഞ്ഞിട്ടുണ്ട്. അഞ്ചര പതിറ്റാണ്ട് പിന്നിട്ട ഗള്‍ഫിലെ വിവിധ തൊഴില്‍ മേഖലയില്‍ സംഭവിച്ച അടിസ്ഥാന മാറ്റങ്ങള്‍ അത് ഏറെക്കുറെ മാസ് മനുഷ്യാധ്വാനത്തെ അതിജീവിച്ചു എന്നതാണ്. ഏറ്റവും നവീനമായ നാഗരിക ജീവിതത്തിന്റെ ഭാഗമാണ് മിക്ക ഗള്‍ഫ് രാജ്യങ്ങളും. യാന്ത്രത്താല്‍ നഗരങ്ങളെ ചലിപ്പിക്കുന്നതില്‍ ദുബൈയെ പോലുള്ള നഗരങ്ങള്‍ ഇതിനകം വിജയിച്ചു കഴിഞ്ഞു. അതിന്റെ വിജയ സാധ്യതയില്‍ മറ്റ് നഗരങ്ങളും അതേ രീതിയിലാണ് ഭാവി ആസൂത്രണങ്ങള്‍ നടത്തിവരുന്നത്. അത്തരമൊരു യാഥാര്‍ഥ്യബോധത്തില്‍ നിന്നാണ് ഭാവിയിലെ ജോലി സാധ്യതകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ആരംഭിക്കേണ്ടത്.

  ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യകാലം ആവശ്യപ്പെട്ടത് അടിസ്ഥാന മേഖലയില്‍ ആവശ്യമായ മനുഷ്യാധ്വാനമായിരുന്നു. അതിനാകട്ടെ തൊഴില്‍ ചെയ്യാനുള്ള മനസ്സ് മതിയായിരുന്നു. ആ അളവറ്റ സാധ്യതയിലേക്കാണ് കേരളമുള്‍പ്പെടെയുള്ള ദേശഭൂമികയില്‍ നിന്നും സാധാരണ ജനങ്ങള്‍ ഒഴുകിയെത്തിയത്. അങ്ങനെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി. എന്ന് മാത്രമല്ല ഗള്‍ഫ് രാജ്യങ്ങള്‍ മേല്‍പ്പറഞ്ഞതു പോലെയുള്ള നാഗരിക സംസ്‌കാരത്തിന്റെ ഭാഗമായി. അവിടെ ആവശ്യമുള്ളത് ബുദ്ധികൊണ്ട് കാര്യങ്ങളെ നിയന്ത്രിക്കുന്നവരെയാണ്. അതായത് ജ്ഞാന കേന്ദ്രീകൃത തൊഴില്‍. ഇത് അതിന്റെ ഏറ്റവും വലിയ ഉയരത്തിലെത്തിയതായി പല ഗള്‍ഫ് രാജ്യങ്ങളും ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. 2017 ഒക്ടോബര്‍ 25ന് സോഫിയ എന്ന റോബോ മനുഷ്യന് സഊദി പൗരത്വം നല്‍കി. സോഫിയ മനുഷ്യനെപ്പോലെ ചിന്തിക്കുകയും പെരുമാറുകയും ചെയ്യുന്നു. ആര്‍ട്ടിഫിഷ്യല്‍ ജനറലിജന്‍സ് എന്ന നിര്‍മിത ബുദ്ധിയുടെ കാലത്താണ് മനുഷ്യ സമൂഹത്തിന്റെ മുന്നേറ്റം.
  ഇത്രയധികം സാങ്കേതിക മുന്നേറ്റം നടന്നു കഴിഞ്ഞ ഗള്‍ഫ് മേഖലയില്‍ ഇനി ആവശ്യമായി വരിക ജ്ഞാന കേന്ദ്രീകൃത തൊഴിലാണ്. ഇതാകട്ടെ പരിമിതവുമാണ്. അതായത് വിവര സാങ്കേതികതയിലധിഷ്ഠിതമായ തൊഴില്‍ നൈപുണ്യമാണ് ഭാവിയിലെ തൊഴില്‍ സാധ്യതയെ നയിക്കുക. എന്നതിനര്‍ഥം പൂര്‍ണമായും ആ രീതിയിലാണ് എന്നല്ല. നിലവില്‍ ദുബൈയില്‍ െ്രെഡവറില്ലാതെയാണ് മെട്രോ ട്രെയിന്‍ മൂന്ന് മിനിറ്റ് ഇടവിട്ട് കാലത്ത് 5 മണി മുതല്‍ രാത്രി 12 മണി വരെ ഓടിക്കൊണ്ടിരിക്കുന്നത്. ആ രംഗത്ത് ആവശ്യം സാങ്കേതിക ജ്ഞാനാധിഷ്ഠിത തൊഴില്‍ നൈപുണ്യമാണ്. ഇത് സര്‍വമേഖലകളിലും ആവശ്യമായി വരില്ല എന്ന് നമുക്ക് സമാധാനിക്കാം. അത്തരത്തിലുള്ള അനുകൂല ആശ്വാസത്തിലുടെയാണ് ഓരോ കാലത്തും മനുഷ്യസമൂഹം മുന്നേറിക്കൊണ്ടിരുന്നത്.പുതിയ കാലത്ത് ആ ആശ്വാസകാലത്തിന്റെ ദൈര്‍ഘ്യം വളരെ പരിമിതമാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്.
  2010 വരെ ഓണ്‍ലൈനില്‍ വ്യാപാരത്തെ കുറിച്ചുള്ള അഭിപ്രായം അതൊരിക്കലും ജനകീയമായിരിക്കില്ല. അതൊരു നഗര കേന്ദ്രീകൃത വിപണിയാണ് എന്നായിരുന്നു.എന്നാല്‍ ഇന്നത് നഗരങ്ങളില്‍ നിന്നും അര്‍ബന്‍, റൂറല്‍ ഏരിയ വരെ എത്തി. വസ്ത്രങ്ങള്‍ മുതല്‍ തക്കാളി, മത്സ്യം വരെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ വിജയം കണ്ടെത്തി. ഗള്‍ഫിലെ ചെറുകിട വ്യാപാര മേഖലയായ ഗ്രോസറി, ഫുഡ് സ്റ്റഫ് രംഗത്താണ് വലിയ ശതമാനം മലയാളികള്‍ തൊഴിലുടമയായും തൊഴിലാളികളായും ജീവിച്ചു വന്നത്.

  സ്വദേശിവത്കരണത്തിന്റെ ഭാഗമായും ഈ രംഗത്തെ വിദേശികളുടെ ആധിപത്യങ്ങള്‍ കുറഞ്ഞു വരികയാണ്. ഇങ്ങനെ അടിമുടി മാറിയ ഗള്‍ഫിലെ തൊഴില്‍ മേഖലയിലെ പുതിയ സാധ്യതകള്‍ തന്നെയാണ് ഭാവി തൊഴിലവസരങ്ങളെ നിര്‍ണയിക്കുന്നത്.
  മുകളില്‍ സൂചിപ്പിച്ചതു പോലെ ആഗോളാടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്ന പുതിയ തൊഴില്‍ സാധ്യതകള്‍ വിവര സാങ്കേതിക ജ്ഞാനത്തില്‍ അധിഷ്ഠിതമാണ്. മലയാളിയെ സംബന്ധിച്ച് അത്തരം തൊഴിലിനെ കേന്ദ്രീകരിച്ചുള്ള നൈപുണ്യങ്ങള്‍ ഇനിയും വികസിക്കേണ്ടതുണ്ട്. ലോകത്ത് എവിടെയും ജോലി ചെയ്യാനുള്ള ഭാഷാപരമായ ഇടപെടല്‍ ഇനിയും ശക്തിപ്പെടേണ്ടതുണ്ട്. നിമിഷം തോറും മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക ജ്ഞാനത്തോടൊപ്പം ഓടിയെത്താനുള്ള ബൗദ്ധിക സാഹചര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഉണ്ടാവണം. ലോകം ഒരു ആഗോള ഗ്രാമമായി മാറിയ സാഹചര്യത്തില്‍ തൊഴിലന്വേഷകര്‍ക്ക് നിരന്തരമായ സാങ്കേതിക ജ്ഞാന കൈമാറ്റങ്ങള്‍ സാധ്യമാകണം. നമ്മുടെ തൊഴിലധിഷ്ഠിത കാമ്പസുകളില്‍ അത് സാധ്യമാവണം. ഗള്‍ഫിലെ തൊഴില്‍ മേഖലയില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് മത്സരിക്കേണ്ടിവരുന്നത് നിര്‍മിതി ബുദ്ധിയോടൊപ്പം സഞ്ചരിക്കുന്ന യുറോപ്യന്‍ ജനതയോടാണ്. ആ തരത്തിലേക്ക് പുതിയ തലമുറയെ വളര്‍ത്തിയെടുക്കാന്‍ കഴിയണം.
  തൊഴില്‍ കുടിയേറ്റത്തിന്റെ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ദേശസമൂഹം എന്ന നിലയില്‍ കേരളം ഈ വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലോക കേരളസഭ എന്ന ആശയവും അത് മുന്നോട്ട് വെക്കുന്ന അജന്‍ഡകളും ശ്രദ്ധിക്കപ്പെടുന്നത് അതുകൊണ്ടാണ്. ഈ സഭയില്‍ ചര്‍ച്ച ചെയ്യുന്ന പുതിയ തൊഴില്‍ സാധ്യതകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ വിശാലാടിസ്ഥാനത്തില്‍ നാട്ടിലാണ് ചര്‍ച്ചക്ക് വരേണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍, 2014നും 2018നും ഇടയില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണത്തിലുണ്ടായ വ്യത്യാസങ്ങള്‍ ഞെട്ടിക്കുന്നതാണ്.

  2014ല്‍ 7. 76 ലക്ഷം ഇന്ത്യക്കാര്‍ ഗള്‍ഫിലേക്ക് തൊഴിലിനായി പോയിരുന്നെങ്കില്‍ 2018ല്‍ അത് 295 ലക്ഷമായി കുറഞ്ഞു. ഈ കുറവിനിടയിലും യുറോപ്യന്‍ പ്രവാസത്തിലേക്ക് വര്‍ധനവ് ഉണ്ടാവുന്നുണ്ട്. ഇതില്‍ കൂടുതല്‍ സാധ്യത നിലനില്‍ക്കുന്നത് ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, വിവരസാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവര്‍ക്കാണ്. ഈ യാഥാര്‍ഥ്യത്തിന്റെ നടുവില്‍ നിന്നാണ് സാധാരണക്കാരായ പ്രവാസികള്‍ക്ക് ഉത്തേജകമാവുന്ന പദ്ധതികള്‍ക്ക് കേരള സര്‍ക്കാര്‍ രൂപം കൊടുത്തത്. ലോക കേരള സഭയില്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുള്ള പ്രവാസി ഡിവിഡന്റ് പദ്ധതി അത്തരത്തിലുള്ളതാണ്. ഇങ്ങനെ മലയാളിയുടെ ഗള്‍ഫ് പ്രവാസം പ്രതിസന്ധികളിലൂടെ കടന്നുപോവുമ്പോള്‍ ദുബൈയില്‍ ചേരുന്ന ലോക കേരള സഭയുടെ പശ്ചിമേഷ്യന്‍ മേഖലാ സമ്മേളനത്തെ പ്രവാസി സമൂഹം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.

  ഇ കെ ദിനേശന്‍